‘കമോൺ കേരള’ ഏഴാം എഡിഷൻ: ശൈഖ് സുൽത്താൻ മുഖ്യരക്ഷാധികാരി

‘കമോൺ കേരള’ ഏഴാം എഡിഷൻ: ശൈഖ് സുൽത്താൻ മുഖ്യരക്ഷാധികാരി

ഷാർജ: യു.എ.ഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ‘ഗൾഫ് മാധ്യമം’ ഒരുക്കുന്ന മിഡ്ൽ ഈസ്റ്റിലെ ഏറ്റവും വലിയ ഇന്ത്യൻ വാണിജ്യ, സാംസ്കാരിക, വിനോദ, വൈജ്ഞാനിക മേളയായ കമോൺ കേരളയുടെ ഏഴാം എഡിഷൻ മുഖ്യരക്ഷാധികാരി. ആറു എഡിഷനുകളും ശൈഖ് സുൽത്താന്‍റെ രക്ഷാകർതൃത്വത്തിൽ അരങ്ങേറിയ കമോൺ കേരളയുടെ ഏഴാം എഡിഷൻ മേയ് 9, 10,11 തീയതികളിൽ ഷാർജ എക്സ്പോ സെന്‍ററിലാണ് അരങ്ങേറുന്നത്.

പ്രവാസികളെ എന്നും ചേർത്തുപിടിച്ച ശൈഖ് സുൽത്താന്‍റെ രക്ഷാധികാരം യു.എ.ഇയിലെ മലയാളി സമൂഹത്തിന് അഭിമാനകരവും പ്രവാസ മലയാളത്തിന്‍റെ മുഖപത്രമായ ‘ഗൾഫ് മാധ്യമ’ത്തിന് അംഗീകാരവുമാണ്. ഇന്ത്യ-യു.എ.ഇ വ്യാപാര ബന്ധത്തിന് ദിശാബോധം പകർന്ന ‘കമോൺ കേരള’യുടെ മുൻ എഡിഷനുകളുടെ വിജയത്തിന് ശൈഖ് സുൽത്താന്‍റെ രക്ഷാകർതൃത്വവും ഷാർജ അധികൃതരുടെ വലിയ പിന്തുണയുമാണ് നിദാനമായത്. ഷാർജ ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രിയുടെ സഹകരണത്തോടെയാണ് മേള സംഘടിപ്പിക്കുന്നത്. ഇന്ത്യയിലെയും ഗൾഫ് രാജ്യങ്ങളിലെയും ബിസിനസ് രംഗത്തിന് ഉണർവേകുന്ന മേള ഏറെ പുതുമകളോടെയാണ് ഇത്തവണ അണിയിച്ചൊരുക്കുന്നത്.

യു.എ.ഇയിൽ നിന്നും കേരളത്തിൽ നിന്നും പ്രമുഖർ അതിഥികളായി മേളക്കെത്തും. ഇന്ത്യയും യു.എ.ഇയും തമ്മിൽ വ്യപാര, വ്യവസായ രംഗങ്ങളിൽ ഉണർവും ആത്മവിശ്വാസവും ശക്തമായ ഘട്ടത്തിലാണ് ‘കമോൺ കേരള’ വീണ്ടുമെത്തുന്നത്. യു.എ.ഇയിലെ പ്രവാസി സമൂഹം ഓരോ വർഷവും കാത്തിരിക്കുന്ന മേള ഇക്കുറി വിരുന്നെത്തുന്നത് കൂടുതൽ വ്യത്യസ്ത പരിപാടികളുമായാണ്. യു.എ.ഇ 2025നെ ‘സാമൂഹിക വർഷ’മായി പ്രഖ്യാപിച്ച പശ്ചാത്തലത്തിൽ സമൂഹിക ബന്ധങ്ങളെ ശക്തിപ്പെടുത്തുകയും പരസ്പര പങ്കാളിത്തത്തെ പ്രോൽസാഹിപ്പിക്കുകയും ചെയ്യുന്ന സന്ദേശം ഉൾകൊള്ളുന്ന പരിപാടികളും ഇത്തവണ ഒരുക്കുന്നുണ്ട്.

‘കമോൺ കേരള’ ദിനങ്ങളിൽ വാണിജ്യ സ്ഥാപനങ്ങളുടെ പ്രദർശനത്തിന് പുറമെ പകൽ സമയങ്ങളിൽ വിനോദവും വിജ്ഞാനവും സമന്വയിപ്പിച്ച പരിപാടികളും മൂന്ന് രാത്രികളിൽ സംഗീത-കലാ പരിപാടികളും ഒരുക്കും. ആസ്വാദകർക്ക് നവ്യാനുഭവം പകരുന്ന ചടങ്ങുകളിൽ ലോക പ്രശസ്തരായ ഇന്ത്യൻ, മലയാളി കലാകാരൻമാർ വേദികളിലെത്തും. ബിസിനസ് രംഗത്തെ പ്രമുഖ സംരംഭകരെ ആദരിക്കുന്ന ഇൻഡോ-അറബ് എക്സലൻസ് അവാർഡ്, ഇന്ത്യൻ-അറബ് വനിത സംരംഭകർക്ക് ആദരമൊരുക്കുന്ന ഇന്തോ-അറബ് വിമൻ എക്സലൻസ് പുരസ്കാരം എന്നിവ ഇത്തവണയും നടക്കും.

കുട്ടികൾക്കായി ദിവസവും ‘ലിറ്റിൽ ആർടിസ്റ്റ്’ ചിത്രരചനാ മത്സരവും സ്കൂൾ വിദ്യാർഥികൾക്കായി പ്രത്യേക കലാപ്രകടനത്തിന് അവസരവും ഇത്തവണ ഒരുക്കിയിട്ടുണ്ട്. അതോടൊപ്പം കുടുംബങ്ങൾക്കായി മത്സരങ്ങളും സ്ത്രീകൾക്കായി വിവിധ മേഖലകളിൽ പരിശീലന വർക്ഷോപ്പുകളുമുണ്ട്. ഫുഡ് കോർട്ട് അടക്കം സന്ദർശകരെ ഏറെ ആകർഷിക്കുന്ന മേഖലകൾ ഇത്തവണ കൂടുതൽ വിപുലമായ സന്നാഹങ്ങളോടെയാണ് സജ്ജമാക്കുന്നത്. വിവരങ്ങൾക്ക്: ‪+971 50 485 1700‬, ‪+971 52 423 4916‬, ‪+91 9645009444‬.

Tags:    
News Summary - ‘Common Kerala’ 7th edition: Sheikh Sultan is the chief patron

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.