കാര്‍ഷികവൃത്തിയില്‍ ഏര്‍പ്പെടുന്നവരെ ഏറെ പ്രോത്സാഹിപ്പിക്കുന്ന നടപടികളുമായി മുന്നോട്ട് പോവുകയാണ് അജ്മാന് നഗരസഭ. കാര്‍ഷിക മേഖലക്ക് ഉത്തേജനം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. മത്സരാടിസ്ഥാനത്തിലാണ് ജേതാക്കളെ തിരഞ്ഞെടുക്കുന്നത്. കാര്‍ഷിക മേഖലയില്‍ ഏറ്റവും മികച്ച നേട്ടം കൈവരിക്കുന്നവര്‍ക്ക് മികച്ച സമ്മാനത്തുക നല്‍കിയാണ് അജ്മാന് നഗരസഭ ആസൂത്രണ വകുപ്പ് ആദരിക്കുന്നത്. മികച്ച കര്‍ഷകര്‍ക്ക് ലക്ഷം ദിര്‍ഹമാണ് പാരിതോഷികമായി നല്‍കുന്നത്. വര്‍ഷംതോറും കര്‍ഷകരില്‍ നിന്ന് എന്‍ട്രികള്‍ ക്ഷണിച്ചാണ് മത്സരം സംഘടിപ്പിക്കുന്നത്. ഇത്തരത്തില്‍ മത്സരം നടത്തി പാരിതോഷികം നല്കുകവഴി ഈ മേഖലയില്‍ കൂടുതല്‍ ആളുകളെ ആകര്‍ഷിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മുന്‍ വര്‍ഷങ്ങളില്‍ ഈ മേഖലയില്‍ നടത്തിയ മത്സരങ്ങളും സമ്മാന വിതരണവും കൂടുതല്‍ ആളുകളെ കൂടുതല്‍ കരുത്തോടെ മുന്നേറാന്‍ പ്രചോദനം നല്‍കിയിട്ടുണ്ട്. എമിറേറ്റിലെ കാർഷിക മേഖലകൾ വർധിപ്പിക്കുന്നതിന് സർക്കാരിനെയും സ്വകാര്യ മേഖലയെയും സമൂഹത്തിലെ എല്ലാ ഗ്രൂപ്പുകളെയും വ്യക്തികളെയും പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിട്ടാണ് അജ്മാന് നഗരസഭ ഈ പദ്ധതി നടപ്പിലാക്കുന്നത്. 2023-ലെ അജ്മാൻ പ്രൈസ് ഫോർ അഗ്രികൾച്ചറിലേക്ക് നാമനിർദ്ദേശം ചെയ്യുന്നതിനുള്ള രജിസ്ട്രേഷൻ ആരംഭിച്ചതായി നഗരസഭ അധികൃതര്‍ വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് ഫെബ്രുവരിയിൽ മൂല്യനിർണയം ആരംഭിക്കും. 80070 എന്ന നമ്പറിലോ Agr-Dept@am.gov.ae ഇമെയിലിലോ മത്സരവുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾക്ക് അജ്മാന് നഗരസഭ സൗകര്യം ഒരുക്കുന്നുണ്ട്.
എമിറേറ്റിലെ എല്ലാ പ്രദേശങ്ങളിലുമുള്ള തോട്ടങ്ങള്‍, സ്കൂളുകൾ, സർക്കാർ ഏജൻസികൾ, കാർഷിക സംരംഭങ്ങളുടെയും ഹോട്ടലുകളുടെയും ഉടമകൾ, ആരാധനാലയങ്ങള്‍ എന്നിവക്ക് മത്സരത്തില്‍ പങ്കെടുക്കാൻ അവസരമൊരുക്കുന്നതാണ് അവാർഡിന്റെ പ്രത്യേകത. അജ്മാൻ എമിറേറ്റിലെ കാർഷിക, സൗന്ദര്യവർദ്ധക മേഖലകളുടെ വർദ്ധനവിന് ഉത്തേജനം നൽകുക, ജനങ്ങളില്‍ പോസിറ്റീവ് സംസ്കാരം പ്രചരിപ്പിക്കുക, കൃഷിയുമായി ബന്ധപ്പെട്ട നിലവാരം ഉയർത്തുക തുടങ്ങിയ ലക്ഷ്യത്തോടെയാണ് ഈ പദ്ധതിയുമായി അജ്മാന് നഗരസഭ മുന്നോട്ട് പോകുന്നത്. അജ്മാനിലെ വിവിധ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് മലയാളികളടക്കമുള്ള നിരവധി പേരാണ് കാര്‍ഷിക രംഗത്ത് സജീവമായിട്ടുള്ളത്. ഇതില്‍ പലരും ഈ മത്സരത്തില്‍ ഭാഗവാക്കാകുന്നുണ്ട്. അജ്മാനിലെ മലയാളിയുടെ ഉടമസ്ഥതയിലുള്ള സ്കൂളും മുന്‍ വര്‍ഷങ്ങളില്‍ അജ്മാന് കാര്‍ഷിക അവാര്‍ഡിന് അര്‍ഹമായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.