ദുബൈ: ശൈഖ് സായിദ് റോഡ്-ഖർന് അൽ സബ്ക സ്ട്രീറ്റ് ഭാഗത്തേക്കുള്ള അൽ സെബ സ്ട്രീറ്റിൽ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ നടപടി സ്വീകരിച്ച് ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ). ഒരു എക്സിറ്റ് അടക്കം സംവിധാനങ്ങൾ ഒരുക്കിയാണ് ട്രാഫിക് തടസ്സമുണ്ടാകാതിരിക്കാൻ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയത്. അടിസ്ഥാന സൗകര്യങ്ങളും ഗതാഗത മാർഗങ്ങളും മെച്ചപ്പെടുത്തുന്നതിനുള്ള ആർ.ടി.എയുടെ ശ്രമങ്ങളുടെ ഭാഗമായാണ് നടപടി സ്വീകരിച്ചത്.
ഖർന് അൽ സബ്ക സ്ട്രീറ്റ് ഇന്റർസെക്ഷന്റെ ദിശയിലേക്കാണ് അൽ സെബ സ്ട്രീറ്റിൽ പുതുതായി എക്സിറ്റ് നിർമിച്ചത്. ഇതുവഴി മണിക്കൂറിൽ 1500 വാഹനങ്ങൾക്ക് കടന്നുപോകാവുന്നതാണ്. പുതിയ എക്സിറ്റ് വഴി അൽ സെബ സ്ട്രീറ്റിൽനിന്ന് ശൈഖ് സായിദ് റോഡ്-ഖർന് അൽ സബ്ക സ്ട്രീറ്റ് ഇന്റർസെക്ഷന്റെ ദിശയിലേക്ക് ഗതാഗതം സുഗമമാകും.
അതുവഴി പ്രദേശത്തുനിന്ന് എല്ലാ ദിശകളിലേക്കും പുറത്തുകടക്കാൻ സൗകര്യമൊരുങ്ങും. അതനുസരിച്ച്, മറീനയിൽനിന്ന് അൽ സെബ സ്ട്രീറ്റ് വഴിയുള്ള എക്സിറ്റ് പാതകളുടെ മൊത്തം ശേഷി മണിക്കൂറിൽ 900ൽനിന്ന് 2400 വാഹനങ്ങളായി കുത്തനെ ഉയരും. ആകെ 266 ശതമാനം വർധനയാണിത്. അൽ മസ്റ സ്ട്രീറ്റിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാനും ട്രാഫിക് സുഗമമാക്കാനും ഇത് സഹായിക്കും. ഇത് അൽ സെബ സ്ട്രീറ്റ് വഴി ശൈഖ് സായിദ് റോഡിലേക്കുള്ള യാത്രാ സമയം 30 മിനിറ്റിൽനിന്ന് 10 മിനിറ്റായി കുറക്കും. ശൈഖ് സായിദ് റോഡിലേക്കുള്ള പുതിയ എക്സിറ്റ് ഉപയോഗിക്കാൻ പൊതുജനങ്ങളോടും താമസക്കാരോടും ആർ.ടി.എ അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.