പ്രവാസികൾക്ക് ആശയും നിരാശയുമായി കേന്ദ്ര ബജറ്റ്

പ്രഖ്യാപന പ്രസംഗങ്ങൾ മാത്രം -പുന്നക്കൻ മുഹമ്മദലി

കോവിഡ് പശ്ചാത്തലത്തിൽ രാജ്യവും പ്രവാസികളും ശ്രദ്ധയോടെ ഉറ്റുനോക്കിയിരുന്ന ബജറ്റ് പ്രവാസികളെ അവഹേളിക്കുന്നതായി മാറി. കേവലം പ്രഖ്യാപന പ്രസംഗങ്ങൾ മാത്രമാണുള്ളത്​. കഴിഞ്ഞ കാലങ്ങളിൽ സുവ്യക്തമായും വിശദമായും അവതരിപ്പിച്ചിരുന്ന ബജറ്റ് ഇന്ന് കേവലം അവ്യക്തമായ പദ്ധതി പ്രഖ്യാപനങ്ങളായി മാറി. പ്രവാസികൾ എന്ന് ഉച്ചരിച്ചിട്ടുപോലുമില്ല. ഇത് പ്രതിഷേധാർഹമാണ്​. അടിസ്ഥാന വികസനത്തിന് ഊന്നൽ നൽകുമെന്ന് സൂചിപ്പിക്കുമ്പോഴും സാധാരണക്കാരുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള ഒരു നടപടിയും പരാമർശങ്ങളും ബജറ്റ് മുന്നോട്ടുവെക്കുന്നില്ല. ഇതിനെതിരെ പ്രവാസികൾ ഒറ്റക്കെട്ടായി പ്രതികരിക്കണം.

പുന്നക്കൻ മുഹമ്മദലി / സാമൂഹിക പ്രവർത്തകൻ

പ്രവാസികളെ അവഗണിച്ചു -കെ.എം.സി.സി

പ്രവാസികളെ പൂര്‍ണമായും അവഗണിച്ച കേന്ദ്ര ബജറ്റാണിത്​. നിരവധി പ്രതിസന്ധികളിലൂടെയാണ് പ്രവാസി സമൂഹം കടന്നുപോകുന്നത്. അതിനിടയിലും രാജ്യത്തെ പ്രവാസിനിക്ഷേപം 140 ബില്യൺ ഡോളര്‍ ആണെന്ന് സാമ്പത്തിക റിപ്പോര്‍ട്ട് പറയുന്നു. രാജ്യവികസനത്തിന്​ മുതല്‍ക്കൂട്ടാവുന്ന പ്രവാസികളെ ബജറ്റില്‍ പാടേ അവഗണിച്ചത് നിരാശജനകമാണ്. പ്രവാസികളുടെ ക്ഷേമകാര്യത്തിനോ വിദ്യാഭ്യാസ ആവശ്യങ്ങളിലോ പുനരധിവാസത്തിനോ ഒരുവിധ നടപടിയും കൈക്കൊള്ളാത്ത കേന്ദ്രനിലപാടില്‍ പ്രതിഷേധിക്കുന്നു.

ഷുക്കൂര്‍ അലി കല്ലുങ്ങല്‍ / അബൂദബി കെ.എം.സി.സി പ്രസിഡന്‍റ്​

ദീർഘദർശിയായ ബജറ്റ്​ -കെ.വി. ഷംസുദ്ദീൻ

ദീർഘദർശനത്തോടെ തയാറാക്കിയ ബജറ്റാണിത്​. അടിസ്ഥാന സൗകര്യ വികസനം, പരിസ്ഥിതി സൗഹൃദ പദ്ധതികൾ, കാർഷിക വികസനം, സൗരോർജം, നാഗരിക വികസനം, യുവജനങ്ങൾക്ക്​ ജോലി, വിദ്യാർഥികൾക്ക്​ ഹൈടെക്​ പഠന സൗകര്യം, ആരോഗ്യ മേഖലയിലെ ആധുനിക വത്​കരണം തുടങ്ങിയവയെല്ലാം സ്വാഗതാർഹമാണ്​. എന്നാൽ, പ്രവാസികൾക്കായി പ്രത്യേക പദ്ധതികളൊന്നുമില്ലെന്നത്​ ആശങ്കക്കിടയാക്കുന്നു. പ്രവാസികൾ നിരന്തരം ഉന്നയിക്കുന്ന ആവശ്യങ്ങൾ പലതും ഇനിയും പരിഹരിക്കാനുണ്ട്​. കോവിഡ്​ മൂലം മരിച്ച പ്രവാസികളുടെ കുടുംബങ്ങൾക്ക്​ 50,000 രൂപ വിതം നൽകണം എന്ന്​ ആവശ്യമുന്നയിച്ചിരുന്നു. കോവിഡിൽ ജോലി നഷ്ടപ്പെട്ട്​ തിരിച്ചെത്തുന്നവരു​ടെ ജോലി നൈപുണ്യം നാടിന്‍റെ വികസനത്തിനായി ഉപയോഗിക്കണമെന്നും പ്രവാസികൾ ആവശ്യപ്പെട്ടിരുന്നു.

കെ.വി. ഷംസുദ്ദീൻ / ചെയർമാൻ, പ്രവാസി ബന്ധു വെൽഫെയർ ട്രസ്റ്റ്

ബജറ്റ്​ നിരാശജനകം -ഇൻകാസ്​

കേന്ദ്ര ബജറ്റ് തികച്ചും നിരാശജനകമാണ്. ഓഹരി വിറ്റഴിക്കൽ തുടർന്നാൽ രാജ്യത്ത് തൊഴിലില്ലായ്മ വർധിക്കാനേ ഉപകരിക്കൂ. എൽ.ഐ.സിയെപോലുള്ള പൊതുമേഘലാ സ്ഥാപനം കുത്തക കമ്പനികൾക്ക്​ തീറെഴുതുന്നത് തികച്ചും അപലപനീയമാണ്. കോവിഡ്​ മൂലം ജോലി നഷ്ടപ്പെട്ട പ്രവാസികളുടെ പുനരധിവാസത്തിന് പാക്കേജും വിലയിരുത്തിയിട്ടില്ല. വരും വർഷങ്ങളിൽ എന്ത് ചെയ്യും എന്ന് പറയുന്നതിന് പകരം 25 വർഷം ചെയ്യാൻ പോകുന്ന കര്യങ്ങളെയാണ് പ്രതിപാദിക്കുന്നത്.

എൻ.പി. രാമചന്ദ്രൻ / വൈസ് പ്രസിഡന്‍റ്​, ഇൻകാസ് യു.എ.ഇ

Tags:    
News Summary - Central budget with hope and despair for expats

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.