പ്രവാസികൾക്ക് ആശയും നിരാശയുമായി കേന്ദ്ര ബജറ്റ്
text_fieldsപ്രഖ്യാപന പ്രസംഗങ്ങൾ മാത്രം -പുന്നക്കൻ മുഹമ്മദലി
കോവിഡ് പശ്ചാത്തലത്തിൽ രാജ്യവും പ്രവാസികളും ശ്രദ്ധയോടെ ഉറ്റുനോക്കിയിരുന്ന ബജറ്റ് പ്രവാസികളെ അവഹേളിക്കുന്നതായി മാറി. കേവലം പ്രഖ്യാപന പ്രസംഗങ്ങൾ മാത്രമാണുള്ളത്. കഴിഞ്ഞ കാലങ്ങളിൽ സുവ്യക്തമായും വിശദമായും അവതരിപ്പിച്ചിരുന്ന ബജറ്റ് ഇന്ന് കേവലം അവ്യക്തമായ പദ്ധതി പ്രഖ്യാപനങ്ങളായി മാറി. പ്രവാസികൾ എന്ന് ഉച്ചരിച്ചിട്ടുപോലുമില്ല. ഇത് പ്രതിഷേധാർഹമാണ്. അടിസ്ഥാന വികസനത്തിന് ഊന്നൽ നൽകുമെന്ന് സൂചിപ്പിക്കുമ്പോഴും സാധാരണക്കാരുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള ഒരു നടപടിയും പരാമർശങ്ങളും ബജറ്റ് മുന്നോട്ടുവെക്കുന്നില്ല. ഇതിനെതിരെ പ്രവാസികൾ ഒറ്റക്കെട്ടായി പ്രതികരിക്കണം.
പുന്നക്കൻ മുഹമ്മദലി / സാമൂഹിക പ്രവർത്തകൻ
പ്രവാസികളെ അവഗണിച്ചു -കെ.എം.സി.സി
പ്രവാസികളെ പൂര്‍ണമായും അവഗണിച്ച കേന്ദ്ര ബജറ്റാണിത്. നിരവധി പ്രതിസന്ധികളിലൂടെയാണ് പ്രവാസി സമൂഹം കടന്നുപോകുന്നത്. അതിനിടയിലും രാജ്യത്തെ പ്രവാസിനിക്ഷേപം 140 ബില്യൺ ഡോളര്‍ ആണെന്ന് സാമ്പത്തിക റിപ്പോര്‍ട്ട് പറയുന്നു. രാജ്യവികസനത്തിന് മുതല്‍ക്കൂട്ടാവുന്ന പ്രവാസികളെ ബജറ്റില്‍ പാടേ അവഗണിച്ചത് നിരാശജനകമാണ്. പ്രവാസികളുടെ ക്ഷേമകാര്യത്തിനോ വിദ്യാഭ്യാസ ആവശ്യങ്ങളിലോ പുനരധിവാസത്തിനോ ഒരുവിധ നടപടിയും കൈക്കൊള്ളാത്ത കേന്ദ്രനിലപാടില്‍ പ്രതിഷേധിക്കുന്നു.
ഷുക്കൂര്‍ അലി കല്ലുങ്ങല്‍ / അബൂദബി കെ.എം.സി.സി പ്രസിഡന്‍റ്
ദീർഘദർശിയായ ബജറ്റ് -കെ.വി. ഷംസുദ്ദീൻ
ദീർഘദർശനത്തോടെ തയാറാക്കിയ ബജറ്റാണിത്. അടിസ്ഥാന സൗകര്യ വികസനം, പരിസ്ഥിതി സൗഹൃദ പദ്ധതികൾ, കാർഷിക വികസനം, സൗരോർജം, നാഗരിക വികസനം, യുവജനങ്ങൾക്ക് ജോലി, വിദ്യാർഥികൾക്ക് ഹൈടെക് പഠന സൗകര്യം, ആരോഗ്യ മേഖലയിലെ ആധുനിക വത്കരണം തുടങ്ങിയവയെല്ലാം സ്വാഗതാർഹമാണ്. എന്നാൽ, പ്രവാസികൾക്കായി പ്രത്യേക പദ്ധതികളൊന്നുമില്ലെന്നത് ആശങ്കക്കിടയാക്കുന്നു. പ്രവാസികൾ നിരന്തരം ഉന്നയിക്കുന്ന ആവശ്യങ്ങൾ പലതും ഇനിയും പരിഹരിക്കാനുണ്ട്. കോവിഡ് മൂലം മരിച്ച പ്രവാസികളുടെ കുടുംബങ്ങൾക്ക് 50,000 രൂപ വിതം നൽകണം എന്ന് ആവശ്യമുന്നയിച്ചിരുന്നു. കോവിഡിൽ ജോലി നഷ്ടപ്പെട്ട് തിരിച്ചെത്തുന്നവരുടെ ജോലി നൈപുണ്യം നാടിന്‍റെ വികസനത്തിനായി ഉപയോഗിക്കണമെന്നും പ്രവാസികൾ ആവശ്യപ്പെട്ടിരുന്നു.
കെ.വി. ഷംസുദ്ദീൻ / ചെയർമാൻ, പ്രവാസി ബന്ധു വെൽഫെയർ ട്രസ്റ്റ്
ബജറ്റ് നിരാശജനകം -ഇൻകാസ്
കേന്ദ്ര ബജറ്റ് തികച്ചും നിരാശജനകമാണ്. ഓഹരി വിറ്റഴിക്കൽ തുടർന്നാൽ രാജ്യത്ത് തൊഴിലില്ലായ്മ വർധിക്കാനേ ഉപകരിക്കൂ. എൽ.ഐ.സിയെപോലുള്ള പൊതുമേഘലാ സ്ഥാപനം കുത്തക കമ്പനികൾക്ക് തീറെഴുതുന്നത് തികച്ചും അപലപനീയമാണ്. കോവിഡ് മൂലം ജോലി നഷ്ടപ്പെട്ട പ്രവാസികളുടെ പുനരധിവാസത്തിന് പാക്കേജും വിലയിരുത്തിയിട്ടില്ല. വരും വർഷങ്ങളിൽ എന്ത് ചെയ്യും എന്ന് പറയുന്നതിന് പകരം 25 വർഷം ചെയ്യാൻ പോകുന്ന കര്യങ്ങളെയാണ് പ്രതിപാദിക്കുന്നത്.
എൻ.പി. രാമചന്ദ്രൻ / വൈസ് പ്രസിഡന്‍റ്, ഇൻകാസ് യു.എ.ഇ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.