അബൂദബി: ലോകത്താകമാനം തരംഗമായി മാറിക്കൊണ്ടിരിക്കുന്ന ചാറ്റ് ജി.പി.ടിയോട് മത്സരിക്കാൻ യു.എ.ഇയിൽനിന്നൊരു നിർമിതബുദ്ധിയിൽ പ്രവർത്തിക്കുന്ന ചാറ്റ്ബോട്ട്. ‘ഫാല്‍ക്കണ്‍ എൽ.എൽ.എം’ എന്നപേരിലെ സംവിധാനം അബൂദബിയിലാണ് പുറത്തിറക്കിയത്. ഓപണ്‍ എ.ഐ, ഡീപ് മൈന്‍ഡ്, ഗൂഗിള്‍ തുടങ്ങിയവയോട് മത്സരിക്കാന്‍ ഫാല്‍ക്കണ്‍ എൽ.എൽ.എം ചാറ്റ്ബോട്ടിന് സാധിക്കുമെന്ന് വിലയിരുത്തപ്പെടുന്നു. സര്‍ക്കാർ പിന്തുണയിൽ പ്രവർത്തിക്കുന്ന അബൂദബി കമ്പനി ടെക്നോളജി ഇന്നൊവേഷന് ഇന്‍സ്റ്റിറ്റ്യൂട്ടാണ് ഇത് വികസിപ്പിച്ചത്.
അത്യാധുനിക സാങ്കേതിക വിദ്യകള്‍ക്ക് യു.എ.ഇയില്‍ വഴിതുറക്കുകയെന്നതാണ് തങ്ങളുടെ മുഖ്യ പരിഗണനയെന്ന് ഇന്‍സ്റ്റിറ്റ്യൂട്ടിലെ നിര്‍മിതബുദ്ധി ഗവേഷണ ലാബ് ഡയറക്ടര്‍ ഇബ്തിഷാം അൽ മസ്റൂയി പറഞ്ഞു. അത്യാധുനിക സാങ്കേതികവിദ്യാ രംഗത്ത് ആഗോളതലത്തില്‍ യു.എ.ഇയെ മുന്‍നിരയിലെത്തിക്കാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നും അവർ കൂട്ടിച്ചേർത്തു.
അതേസമയം ഫാല്‍ക്കണ്‍ പൊതുജനങ്ങള്‍ക്ക് ഇപ്പോള്‍ ലഭ്യമായിത്തുടങ്ങിയിട്ടില്ല. വൈകാതെ ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെങ്കിലും കൃത്യമായ തീയതി തീരുമാനമായിട്ടില്ല. ഡീപ്മൈന്‍ഡ്, ഗൂഗിള്‍ എന്നിവയില്‍നിന്നുള്ള ജി.പി.ടി-3 മോഡലുകളേക്കാള്‍ ചെലവുകുറഞ്ഞതും വേഗം കൂടിയതുമാണ് ഫാല്ക്കണെന്ന് സ്റ്റാന്‍ഫോര്‍ഡ് യൂനിവേഴ്സിറ്റി സംഘം നടത്തിയ പരിശോധനയില്‍ തെളിഞ്ഞിട്ടുണ്ട്. ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ അടുത്ത ദിവസങ്ങളിൽ പുറത്തുവരുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.