ദുബൈ: നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരം തേടി അൽ ജമായൽ സ്ട്രീറ്റിൽ നടത്തിയ വികസന പ്രവർത്തനങ്ങൾ പൂർത്തിയായതായി ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ) അറിയിച്ചു. നേരത്തേ ഗാൺ അൽ സബ്ക സ്ട്രീറ്റ് ഡെവലപ്മെന്റ് പ്രോജക്ട് എന്ന പേരിൽ അറിയപ്പെട്ടിരുന്ന പദ്ധതിയാണിത്.
നാല് മേൽപാലങ്ങളാണ് പദ്ധതിയുടെ ഭാഗമായി നിർമിച്ചത്. ആകെ 2874 മീറ്റർ നീളമുള്ള പാലങ്ങളിലൂടെ മണിക്കൂറിൽ 17,600 വാഹനങ്ങൾക്ക് കടന്നുപോകാനാവും. കൂടാതെ, ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡിന് സമാന്തരമായി സർവിസ് റോഡിലൂടെ ഉപരിതല ജങ്ഷനുകളിലേക്കുള്ള റോഡ് നവീകരണവും ഏഴു കിലോമീറ്റർ നീളത്തിലുള്ള റോഡുകളുടെ വികസനവും പൂർത്തിയായി.
ജങ്ഷനുകളിൽ ട്രാഫിക് സിഗ്നലുകൾ, തെരുവുവിളക്കുകൾ എന്നിവ സ്ഥാപിക്കുന്നതിനൊപ്പം മഴവെള്ള ഡ്രൈനേജുകളും ജലസേചന സംവിധാനങ്ങളും നിർമിച്ചിട്ടുണ്ട്.
ഏഴു കിലോമീറ്റർ നീളമുള്ള സ്ട്രീറ്റിന്റെ ഓരോ ദിശയിലേക്കും റോഡുകളുടെ വീതി നാലുവരിയാക്കിയിട്ടുണ്ട്. ഇതുവഴി രണ്ടു ദിശകളിലൂടെയും മണിക്കൂറിൽ ഏകദേശം 16,000 വാഹനങ്ങൾക്ക് കടന്നുപോകാനാകും.
ജുമൈറ ലേക്സ് ടവേഴ്സ്, ദ ഗാർഡൻസ്, അൽ ഫുർജാൻ, ഡിസ്കവറി ഗാർഡൻസ്, ജുമൈറ ഐലൻഡ്സ്, ജുമൈറ പാർക്ക്, ദ പ്രിങ്സ്, എമിറേറ്റ്സ് ഹിൽസ്, ദുബൈ പ്രൊഡക്ഷൻ സിറ്റി, ജുമൈറ ഗോൾഡ് എസ്റ്റേറ്റ്സ് തുടങ്ങിയ പ്രധാന റെസിഡന്റ്സ് ഏരിയകളിലേക്കുള്ള പ്രധാന മാർഗമെന്ന നിലയിൽ അൽ ജമായൽ സ്ട്രീറ്റ് വികസിക്കുന്നതോടെ രണ്ടര ലക്ഷം നിവാസികൾക്ക് പ്രയോജനം ലഭിക്കും.
അതോടൊപ്പം അൽ ജമായൽ സ്ട്രീറ്റിൽനിന്ന് ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡിലേക്കുള്ള യാത്രസമയം 40 ശതമാനം കുറക്കാനും പദ്ധതി സഹായകമാവും.
ഖിസൈസ്, ദേര എന്നിവിടങ്ങളിലേക്ക് തിരക്കേറിയ സമയങ്ങളിൽ യാത്രസമയം 20 മിനിറ്റിൽനിന്ന് 12 മിനിറ്റായി കുറയും. കൂടാതെ ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽനിന്ന് അൽ യലായിസ് സ്ട്രീറ്റിലേക്കുള്ള യാത്രസമയം 70 ശതമാനം വരെ കുറച്ച് 21 മിനിറ്റിൽനിന്ന് ഏഴ് മിനിറ്റായി കുറയും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.