ദുബൈ: തെരെഞ്ഞടുപ്പ്കാലത്ത് നാട്ടിലേക്ക് പറന്നിരുന്ന വോട്ടുവിമാനങ്ങൾ ഇത്തവണയുണ്ടാവില്ലെന്നായിരുന്നു ആദ്യം കേട്ടത്. കോവിഡ് കാലമായതിനാൽ പ്രതിസന്ധി രൂക്ഷമാകുമെന്ന വിലയിരുത്തലുകളുമുണ്ടായി. എന്നാൽ ധാരണകളെയും കാറ്റിൽ പറത്തി, കോവിഡിനെ വെല്ലുന്ന വീര്യവുമായി ഇത്തവണയും വോട്ടുവിമാനങ്ങൾ നാട്ടിലേക്ക് പറക്കാനൊരുങ്ങുന്നു. നാട്ടിലെന്ന പോലെ തെരഞ്ഞെടുപ്പ് ആവേശം പരകോടിയിലെത്തിയ പ്രവാസ ലോകത്ത് നിന്ന് രണ്ടു വോട്ടുവിമാനങ്ങളാണ് വോട്ടർമാരുമായി കടലു കടക്കാൻ തയാറെടുക്കുന്നത്. കോവിഡ് പോലും നാണിച്ചുപോകുന്ന, വർധിത ആവേശവുമായി കെ.എം.സി.സിയാണ് വോട്ടുവിമാനം നാട്ടിലേക്ക് പറത്താനൊരുങ്ങുന്നത്.
കെ.എം.സി.സിയുടെ നേതൃത്വത്തിൽ രണ്ടു വിമാനങ്ങളാണ് വോട്ടർമാരെയും വഹിച്ച് പുറപ്പെടുക. ആദ്യ വിമാനം മാർച്ച് 23ന് ദുബൈയിൽനിന്ന് പുറപ്പെടും. ഏപ്രിൽ മൂന്നിനും ദുബൈയിൽനിന്ന് തന്നെയാണ് സർവിസ് ആരംഭിക്കുന്നത്. ഇരു വിമാനങ്ങളും കോഴിക്കോട്ടേക്കാണ് പറക്കാനൊരുങ്ങുന്നത്. വോട്ടർമാരായ യാത്രക്കാരുടെ എണ്ണം കൂടുകയാണെങ്കിൽ കൂടുതൽ വിമാനങ്ങൾ ഏർപ്പെടുത്തുന്ന കാര്യം പരിഗണിക്കുമെന്ന് കെ.എം.സി.സി യു.എ.ഇ ദേശീയ പ്രസിഡൻറ് ഡോ. പുത്തൂർ റഹ്മാൻ 'ഗൾഫ് മാധ്യമ'ത്തോട് പറഞ്ഞു.
സ്ഥാനാർഥി ചിത്രം വ്യക്തമായതോടെ പ്രവാസലോകവും തെരഞ്ഞെടുപ്പ് ചൂടിലാണ്. പതിവിനു വിപരീതമായി ഇക്കുറി കൂടുതൽ പ്രവാസികൾ മത്സരക്കളത്തിൽ സ്ഥാനംപിടിച്ചത് ആവേശം ഇരട്ടിയാക്കിയിട്ടുണ്ട്. ആരോഗ്യ മന്ത്രി കെ.കെ. ശൈലജ കഴിഞ്ഞതവണ വിജയിച്ചു കയറിയ കൂത്തുപറമ്പ് മണ്ഡലം പിടിക്കാൻ മുസ്ലിംലീഗ് ഇത്തവണയിറക്കിയ യു.ഡി.എഫ് സ്ഥാനാർഥി പൊട്ടങ്കണ്ടി അബ്ദുല്ലയാണ് പ്രവാസി മത്സരാർഥികളിലെ ശ്രദ്ധാകേന്ദ്രം. ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ നാട്ടിലും വ്യവസായി എന്ന നിലയിൽ പ്രവാസലോകത്തും നാലുദശകത്തിലേറെയായി ചിരപരിചിതനാണ് ഇദ്ദേഹം.
അൽ മദീന ഗ്രൂപ്പിെൻറ ചെയർമാനായ അബ്ദുല്ലക്ക് ചെറുതും വലുതുമായ ഇരുന്നൂറോളം സ്ഥാപനങ്ങളുണ്ട്. കന്നിയങ്കമാണെങ്കിലും മണ്ഡലത്തിന് അകത്തും പുറത്തും സുപരിചിതനും പാർട്ടിക്കതീതമായി ബന്ധങ്ങളുള്ള വ്യക്തിയുമാണ്. കൂത്തുപറമ്പിലെ ലീഗ് മണ്ഡലം പ്രസിഡൻറുമാണ്. അതുകൊണ്ടു തന്നെ ഒരു വിമാനത്തിൽ കൂത്തുപറമ്പ് മണ്ഡലത്തിലെ വോട്ടർമാരായിരിക്കും കൂടുതലായുണ്ടാവുകയെന്നാണ് സൂചന.
മലപ്പുറം, കോഴിക്കോട് ജില്ലകളിലെ വിവിധ മണ്ഡലങ്ങളിലെ വോട്ടർമാരും കൂട്ടത്തോടെ വോട്ടു ചെയ്യാൻ നാട്ടിലേക്ക് പറക്കും. കോവിഡിനെ തുടർന്നുണ്ടായ പ്രതിസന്ധിയും ഒപ്പം യാത്ര സംബന്ധിച്ച നിബന്ധനകളും കാരണം വാർഷികാവധി പോലും പിന്നത്തേക്ക് മാറ്റിവെച്ചവരാണ് പല പ്രവാസികളും. എന്നാൽ തെരഞ്ഞെടുപ്പ് എന്ന് കേട്ടതോടെ എന്തു പ്രതിസന്ധി സഹിച്ചാണെങ്കിലും നാട്ടിലെത്തി വോട്ടു രേഖപ്പെടുത്താൻ തയാറാകുന്നവരുടെ എണ്ണം കൂടിവരുകയാണ്. രണ്ടു തവണ നടത്തേണ്ട കോവിഡ് പി.സി.ആർ ടെസ്റ്റ് ഉൾപ്പെടെ എന്തും സഹിക്കാനും തയാറാണ് -നാടിെൻറ നനുത്ത സ്വപ്നങ്ങളുമായി കഴിയുന്ന പ്രവാസികളുടെയെല്ലാം മറുപടി ഇത്തരത്തിലാണ്.
ഖത്തറിലെ വ്യവസായിയും നിലവിലെ കുറ്റ്യാടി എം.എൽ.എയുമായ പാറക്കൽ അബ്ദുല്ല ഇക്കുറിയും മത്സരരംഗത്തുണ്ട്. കാസർകോട്ടെ എൽ.ഡി.എഫ് സ്ഥാനാർഥി ഐ.എൻ.എൽ സംസ്ഥാന സെക്രട്ടറി എം.എ. ലത്തീഫാണ് മറ്റൊരു പ്രവാസി സ്ഥാനാർഥി. ഷാർജയിലെ സാമൂഹിക സാംസ്കാരിക രംഗത്ത് സജീവമാണ് ലത്തീഫ്. മാത്രമല്ല, ഷാർജ ഇന്ത്യൻ അസോസിയേഷൻ മുൻ ജോയൻറ് ട്രഷററും യു.എ.ഇ ഐ.എം.സി.സി മുൻ ജനറൽ സെക്രട്ടറിയുമാണ്.
മുൻ പ്രവാസിയും മാധ്യമപ്രവർത്തകനുമായ ബാലകൃഷ്ണൻ പെരിയയാണ് മറ്റൊരു സ്ഥാനാർഥി. ഉദുമ മണ്ഡലത്തിൽ യു.ഡി.എഫ് സ്ഥാനാർഥിയായാണ് ഇദ്ദേഹം ജനവിധി തേടുന്നത്. രാഷ്ട്രീയത്തിൽ സജീവമാകാൻ വേണ്ടി മാത്രം ഗൾഫിലെ ജോലി ഉപേക്ഷിച്ച് നാട്ടിലേക്ക് വിമാനം കയറിയ ഒരു ചെറുപ്പക്കാരനുമുണ്ട് ഇത്തവണ മത്സരത്തിൽ. ലുലു ഗ്രൂപ്പ് മുൻ ജീവനക്കാരൻ ശോഭാ സുബിനാണ് രാഷ്ട്രീയം തലക്ക്പിടിച്ച് തിരികെ മടങ്ങിയത്. തൃശൂർ കയ്പമംഗലത്തെ യു.ഡി.എഫ് സ്ഥാനാർഥിയായാണ് നിയമസഭയിലേക്ക് മത്സരിക്കുന്നത്.
പ്രചാരണം കൊഴുപ്പിച്ച് കെ.എം.സി.സി
ദുബൈ: നിയമസഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥികളെ വിജയിപ്പിക്കാൻ യു.എ.ഇ കെ.എം.സി.സി പ്രചാരണ പരിപാടികൾക്കു തുടക്കം കുറിച്ചു. വിവിധ മണ്ഡലങ്ങളിൽ തെരഞ്ഞെടുപ്പു പ്രചാരണ പരിപാടികൾ ആസൂത്രണം ചെയ്യുന്നതിനായി ചേർന്ന കൺവെൻഷനിൽ വിവിധ എമിറേറ്റുകളിൽനിന്നുള്ള കെ.എം.സി.സി സംസ്ഥാന ഭാരവാഹികൾ പങ്കെടുത്തു. സൂം മീറ്റിങ്ങിൽ പ്രസിഡൻറ് പുത്തൂർ റഹ്മാൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അൻവർ നഹ സ്വാഗതം പറഞ്ഞു. വർക്കിങ് പ്രസിഡൻറ് അബ്ദുല്ല ഫാറൂഖി ചർച്ച ഉദ്ഘാടനംചെയ്തു.
ഇടതുമുന്നണി അധികാരമേറ്റതു മുതൽ ആരംഭിച്ചതും കോവിഡ് കാലയളവിൽ മനുഷ്യത്വവിരുദ്ധമായി മാറിയതുമായ സർക്കാറിെൻറ പ്രവാസിവിരുദ്ധ നടപടികൾക്കും നിലപാടുകൾക്കുമെതിരെ ശക്തമായി പ്രതികരിക്കാനുള്ള അവസരമാണിതെന്ന് യോഗം വിലയിരുത്തി. ലൈഫ് മിഷൻ പദ്ധതിയുടെ പേരിൽ സാമ്പത്തിക കുറ്റകൃത്യത്തിനു കൂട്ടുനിൽക്കുകയും അതിൽ യു.എ.ഇ കോൺസുലേറ്റിനെ കൂടി വിവാദത്തിലേക്കു വലിച്ചിഴക്കുകയും ചെയ്ത കേരളത്തിലെ ഇടതുഭരണം വിദേശരാജ്യങ്ങളുടെ മുമ്പാകെ വരെ കേരളത്തിെൻറ അഭിമാനം നഷ്ടപ്പെടുത്തിയെന്നും യോഗം നിരീക്ഷിച്ചു. യോഗത്തിൽ നിസാർ തളങ്കര നന്ദി പറഞ്ഞു.
വോട്ടർമാർ ബന്ധപ്പെടണം
നിയമസഭ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്നതിനായി നാട്ടിലേക്ക് പോകാൻ ആഗ്രഹിക്കുന്ന പ്രവാസി വോട്ടർമാർ വിവിധ എമിറേറ്റുകളിലെ കോഓഡിനേറ്റർമാരുമായി ബന്ധപ്പെടണമെന്ന് കെ.എം.സി.സി യു.എ.ഇ ദേശീയ കമ്മിറ്റി അറിയിച്ചു. ദുബൈ: ഹംസ തൊട്ടിൽ -050 454 8359, അഡ്വ. സാജിദ് -050 578 0225, അബൂദബി: ഷുക്കൂർ അലി കല്ലുങ്കൽ -0505820316, ഷാർജ: അബ്ദുല്ല ചേലേരി -0506975349, ഫുജൈറ: റാഷിദ് ജാതിയേരി -0544094009, ഉമ്മുൽ ഖുവൈൻ: അസ്കർ അലി -0557200812, റാസൽഖൈമ: സൈദലവി തയാട്ട് -0569220094, അജ്മാൻ: ഫൈസൽ -0507077243, അൽഐൻ: ശിഹാബുദ്ദീൻ തങ്ങൾ -0507936279
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.