ദുബൈ: ഒരുമാസക്കാലം നീണ്ടുനിന്ന ദുബൈ ഫിറ്റ്നസ് ചലഞ്ചിന് പരിസമാപ്തി കുറിച്ച് നടക്കുന്ന ദുബൈ റണ്ണിന് ഞായറാഴ്ച ശൈഖ് സായിദ് റോഡ് വേദിയാകും. റണ്ണിൽ പങ്കെടുക്കുന്നവർക്ക് ശൈഖ് സായിദ് റോഡിലെ അഞ്ച് കിലോമീറ്റർ, 10 കിലോമീറ്റർ എന്നിങ്ങനെ രണ്ട് റൂട്ടുകൾ തിരഞ്ഞെടുക്കാം.
ഞായറാഴ്ച പുലർച്ച നാലുമുതൽ ദുബൈ റൺ ആരംഭിക്കും. കഴിഞ്ഞ തവണ രണ്ടേകാൽ ലക്ഷത്തോളം പേരാണ് ദുബൈ റണ്ണിൽ പങ്കെടുത്തത്. ഇത്തവണ അതിൽ കൂടുതൽ പങ്കാളിത്തമുണ്ടാകുമെന്നാണ് പ്രതീക്ഷ. ദുബൈയിലെ ഏറ്റവും തിരക്കേറിയ ശൈഖ് സായിദ് റോഡിലൂടെ പ്രധാന ആകർഷണങ്ങൾക്കിടയിലൂടെ ഓടാമെന്നതാണ് ദുബൈ റണ്ണിന്റെ ഏറ്റവും വലിയ സവിശേഷത.
10 കിലോമീറ്റർ റൂട്ട് മ്യൂസിയം ഓഫ് ഫീച്ചറിന് സമീപത്തുനിന്ന് ആരംഭിച്ച് ദുബൈ കനാൽ, പാലം എന്നിവ മുറിച്ചുകടന്ന് ശൈഖ് സായിദ് റോഡിലൂടെ ഡി.ഐ.എഫ്.സി ഗേറ്റിൽ സമാപിക്കും. അഞ്ച് കിലോമീറ്റർ റൂട്ട് ശൈഖ് സായിദ് റോഡിൽ മ്യൂസിയം ഓഫ് ഫ്യൂച്ചറിന് സമീപത്തുനിന്നാണ് ആരംഭിക്കുക. തുടർന്ന് ബുർജ് ഖലീഫ്, ദുബൈ ഒപേറ എന്നിവ കടന്ന് ദുബൈ മാളിന് സമീപം അവസാനിക്കും.
ദുബൈ റണ്ണിൽ പങ്കെടുക്കുന്നവരുടെ സുരക്ഷ കണക്കിലെടുത്ത് വിപുലമായ സൗകര്യങ്ങളാണ് അധികൃതർ ഒരുക്കിയിരിക്കുന്നത്. ചലഞ്ചിന്റെ ഭാഗമായി മൂന്ന് ഫിറ്റ്നസ് വില്ലേജുകളിലും 25 കമ്യൂണിറ്റി ഹബ്ബുകളിലുമായി വൈവിധ്യമാർന്ന കായിക പ്രവർത്തനങ്ങളാണ് നടക്കുന്നത്.
വ്യായാമം ചെയ്യുന്നതിനായി ഇവിടങ്ങളിൽ അതിവിപുലമായ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ജനങ്ങളുടെ കായിക സംസ്കാരം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ആണ് 2017ൽ ദുബൈ ഫിറ്റ്നസ് ചലഞ്ചിന് തുടക്കമിട്ടത്.
30 ദിവസം 30 മിനിറ്റ് വ്യായാമത്തിനായി മാറ്റിവെക്കുകയാണ് ചലഞ്ച്. ഇതിൽ ദുബൈ റൈഡ്, ദുബൈ റൺ എന്നിവയാണ് പ്രധാന ആകർഷണങ്ങൾ. ദുബൈ റൈഡ് കഴിഞ്ഞ ദിവസം അവസാനിച്ചിരുന്നു.
ദുബൈ: ദുബൈ റണ്ണിൽ പങ്കെടുക്കുന്നവർക്ക് സൗകര്യം ഒരുക്കുന്നതിനായി ദുബൈ മെട്രോ സർവിസ് സമയം നീട്ടി ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ). ഞായറാഴ്ച പുലർച്ച മൂന്നു മുതൽ ആരംഭിക്കുന്ന സർവിസ് അർധരാത്രി 12 മണിവരെ തുടരും. മെട്രോ ഉപയോഗിക്കുന്നവർ സിൽവർ നോൾ കാർഡിൽ മിനിമം 15 ദിർഹവും ഗോൾഡ് കാർഡിൽ മിനിമം 30 ദിർഹവും ബാലൻസ് ഉണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് ആർ.ടി.എ അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.