ദുബൈ: ആരോഗ്യ രംഗത്തെ പ്രവർത്തനങ്ങൾ സംയോജിപ്പിക്കുന്നതിന്റെ ഭാഗമായി ദുബൈ അക്കാദമിക് ഹെൽത്ത് കോർപറേഷൻ ഇനി മുതൽ ‘ദുബൈ ഹെൽത്ത്’ എന്ന പേരിലായിരിക്കും പ്രവർത്തിക്കുക. യു.എ.ഇ എക്സിക്യൂട്ടിവ് ചെയർമാനും ദുബൈ കിരീടാവകാശിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ആരോഗ്യം, വിദ്യാഭ്യാസം, ഗവേഷണം എന്നീ മേഖലകളിലുടനീളമുള്ള ആരോഗ്യ സംരക്ഷണ മികവ് നിലനിർത്തുന്നതിൽ ദുബൈ നേതൃത്വത്തെ ഏകീകരിക്കാൻ ലക്ഷ്യമിട്ടാണ് പുതിയ മാറ്റമെന്ന് അദ്ദേഹം എക്സിൽ കുറിച്ചു.
ആരോഗ്യ മേഖലകളിൽ കൂടുതൽ സഹകരണം ഉറപ്പുവരുത്താൻ പുതിയ തീരുമാനം സഹായിക്കും. രോഗി പരിചരണത്തിന്റെ ഗുണനിലവാരം വർധിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് എമിറേറ്റിലെ ആദ്യ സംയോജിത അക്കാദമിക് ഹെൽത്ത് സിസ്റ്റത്തിന് സമാരംഭം കുറിച്ചതെന്ന് ഹംദാൻ പറഞ്ഞു. പുതിയ ബ്രാന്‍ഡ് ലോഗോയും അദ്ദേഹം അവതരിപ്പിച്ചിട്ടുണ്ട്. പരിചരണം, പഠനം, കണ്ടുപിടിത്തം എന്നിവയെ പ്രതിനിധാനം ചെയ്യുന്നതാണ് ലോഗോയുടെ രൂപകൽപന. മൂന്ന് കമാനങ്ങൾ അടങ്ങിയ ലോഗോയാണ് സ്ഥാപിച്ചിരിക്കുന്നത്.
കേന്ദ്ര കമാനം രോഗീ പരിചരണത്തെ പ്രതിനിധാനം ചെയ്യുന്നു. ദ്വിതീയ കമാനങ്ങൾ പഠനത്തെയും കണ്ടെത്തലിനെയുമാണ് സൂചിപ്പിക്കുന്നത്. ഈ മൂന്ന് ദൗത്യങ്ങളുടെ സംയോജനത്തിലൂടെ ലോകത്തെ മുൻനിരയിലുള്ള അക്കാദമിക് ഹെൽത്ത് സംവിധാനങ്ങളോട് ചേർന്നുനിൽക്കാൻ ദുബൈയിലെ ആരോഗ്യ സംവിധാനങ്ങൾക്ക് കഴിയും.
ആറു ആശുപത്രികൾ, 26 ഔട്ട്പേഷ്യന്റ് സർവിസ് സെന്ററുകൾ, 20 മെഡിക്കൽ ഫിറ്റ്നസ് സെന്ററുകൾ എന്നിവ ഉൾപ്പെടെ സമഗ്രമായ ശൃംഖലകളിൽ വ്യാപരിച്ചു കിടക്കുന്നതാണ് ദുബൈ ഹെൽത്ത്. മുഹമ്മദ് ബിൻ റാശിദ് യൂനിവേഴ്സിറ്റി ഓഫ് മെഡിസിൻ, ഹെൽത്ത് സയൻസസ്, അൽ ജാലില ഫൗണ്ടേഷൻ തുടങ്ങിയ സ്ഥാപനങ്ങളുമായുള്ള സഹകരണത്തോടെ ആരോഗ്യ സംവിധാനങ്ങൾ കൂടുതൽ വിപുലപ്പെടുത്താനാണ് തീരുമാനം.
പൊതുജനങ്ങൾക്ക് ബന്ധപ്പെടാനുള്ള സൗകര്യങ്ങൾ വിപുലപ്പെടുത്തുന്നതിനായി ആഴ്ചയിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ടോൾ ഫ്രീ നമ്പറോട് കൂടിയ കാൾസെന്ററുകളും ഉപഭോക്തൃ സൗഹൃദപരമായ ആപ്പും ദുബൈ ആരോഗ്യ വകുപ്പ് നേരത്തേ അവതരിപ്പിച്ചിരുന്നു. ‘പേഷ്യന്റ് ഫസ്റ്റ്’എന്നതാണ് ദുബൈ ഹെൽത്തിന്റെ മുദ്രാവാക്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.