ദുബൈ: എമിറേറ്റിലെ ഏറ്റവും വലുതും സുപ്രധാനവുമായ ഗതാഗത പദ്ധതിയായ മെട്രോ ബ്ലൂലൈൻ പദ്ധതിക്ക് അംഗീകാരം. യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമാണ് വെള്ളിയാഴ്ച വൻ പദ്ധതിക്ക് അനുമതി നൽകിയത്.
നിലവിലെ റെഡ്, ഗ്രീൻ ലൈനുകളുമായി ബന്ധിപ്പിച്ച് നിർമിക്കുന്ന പാത 30 കി.മീറ്റർ നീളമുള്ളതാണ്. 2029ൽ പ്രവർത്തനസജ്ജമാകുന്ന മെട്രോ ലൈൻ പൂർത്തിയാകുന്നതോടെ നഗരത്തിലെ ഗതാഗതമേഖലയിൽ വലിയ കുതിച്ചുചാട്ടമാണ് പ്രതീക്ഷിക്കുന്നത്. പാതയുടെ നിർമാണത്തിന് 1800 കോടി ദിർഹം ചെലവ് വരുമെന്ന് ശൈഖ് മുഹമ്മദ് വ്യക്തമാക്കി. പാതയുടെ പകുതി ഭാഗം ഭൂമിക്കടിയിൽ 70 മീറ്റർ ആഴത്തിലായിരിക്കും. നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകുന്നത് കൂടിയാണ് പാത. അടുത്തവർഷം പദ്ധതിക്ക് ടെൻഡർ നൽകാനാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.
2028ൽ പരീക്ഷണയോട്ടവും 2029ൽ ഔദ്യോഗികമായി ഓപറേഷൻ തുടങ്ങുകയും ചെയ്യും. പദ്ധതി പൂർത്തിയാകുന്നതോടെ മൊത്തം മെട്രോ ശൃംഖല 78 സ്റ്റേഷനുകളും 168 ട്രെയിനുകളുമുള്ള 131 കിലോമീറ്റർ റെയിൽവേ ലൈനാകും. 2009ൽ 10 സ്റ്റേഷനുകളോടെ ആരംഭിച്ച ദുബൈ മെട്രോ ഇതിനകം 200 കോടി യാത്രക്കാർക്ക് സഞ്ചാരമാർഗമായിട്ടുണ്ട്.
ദുബൈ നഗരത്തിന്റെ ദൈനംദിന ജീവിതവുമായും താമസക്കാരുമായും ആഴത്തിൽ ബന്ധപ്പെട്ടു കിടക്കുന്ന അവിഭാജ്യ ഘടകമാണ് മെട്രേയെന്നും വരുംദശകങ്ങളിൽ കോടിക്കണക്കിന് ആളുകളെ സേവിക്കുന്നത് അത് തുടരുമെന്നും ശൈഖ് മുഹമ്മദ് പദ്ധതിക്ക് അംഗീകാരം നൽകി പറഞ്ഞു. റെഡ് ലൈനിൽ 15കി.മീറ്റർ പുതിയ പാത നിർമിച്ച് എക്സ്പോ സിറ്റിവരെ ദീർഘിപ്പിച്ചതാണ് മേട്രോയിൽ അവസാനം നടന്ന വികസന പ്രവർത്തനം. 2021ലാണ് ഇത് ഉദ്ഘാടനം ചെയ്തത്.
ദുബൈ ക്രീക്ക് ഹാർബർ, ഫെസ്റ്റിവൽ സിറ്റി, ഗ്ലോബൽ വില്ലേജ്, റാശിദിയ, വർഖ, മിർദിഫ്, സിലിക്കൺ ഒയാസിസ്, അക്കാദമിക് സിറ്റി തുടങ്ങിയ മേഖലകളിലൂടെ പാത കടന്നുപോകും. ബ്ലൂലൈനിൽ പ്രതിദിനം 3,20,000 യാത്രക്കാർക്ക് കടന്നുപോകാൻ കഴിയും. റെഡ് ലൈനുമായും (റാശിദിയ ഏരിയ), ഗ്രീൻ ലൈനുമായും (അൽ ഖോർ ഏരിയ) പുതിയ പാതയെ ബന്ധിപ്പിക്കും.
•പാതയുടെ ഭാഗമായി ഇൻറർനാഷണൽ സിറ്റിയിൽ ഏറ്റവും
വലിയ ഭൂഗർഭ സ്റ്റേഷൻ നിർമിക്കും
•ദുബൈ ക്രീക്കിനെ മുറിച്ചുകടക്കുന്ന ആദ്യ റെയിൽ പാതയായിരിക്കുമിത്
•റെഡ്, ബ്ലൂ ലൈനുകളുടെ ഇൻറർചേഞ്ച് സ്റ്റേഷൻ റാശിദിയയിൽ
•ഗ്രീൻ, ബ്ലൂ ലൈനുകളുടെ ഇൻറർചേഞ്ച് സ്റ്റേഷൻ ക്രീക്ക് സ്റ്റേഷനിൽ
•നിർമാണം പരിസ്ഥിതി സൗഹൃദ, സുസ്ഥിര മാനദണ്ഡങ്ങൾ
പ്രകാരം
•2040ഓടെ 10 ലക്ഷം ജനങ്ങൾക്ക് പാത ഉപകാരപ്പെടും
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.