അബൂദബി: എമിറേറ്റിലെ ഇന്റർനാഷനൽ അസ്ട്രോണമിക്കൽ സെന്ററിലെ ശാസ്ത്രജ്ഞൻ സൗരയൂഥത്തിലെ ഛിന്നഗ്രഹ വലയത്തിനുള്ളിൽ ഒരു പുതിയ ഛിന്നഗ്രഹം കണ്ടെത്തി. മുഹമ്മദ് ഷൗക്കത്ത് ഔദ എന്ന ജ്യോതിശാസ്ത്രജ്ഞനാണ് ഛിന്നഗ്രഹത്തെ തിരിച്ചറിഞ്ഞത്.
പാൻ-സ്റ്റാർസ് ടെലിസ്കോപ് പകർത്തിയ ചിത്രം പരിശോധിച്ചതിലൂടെയാണ് സുപ്രധാന കണ്ടുപിടിത്തത്തിന് സാധിച്ചത്. യു.എസിലെ ടെക്സാസ് ഹാർഡിൻ-സിമ്മൺസ് യൂനിവേഴ്സിറ്റി, പാൻ-സ്റ്റാർസ് ടെലിസ്കോപ് എന്നിവയുൾപ്പെടെയുള്ള അന്താരാഷ്ട്ര പങ്കാളികളുമായി സഹകരിച്ച് നാസയുടെ സഹായത്തോടെ ലഭ്യമായ ചിത്രങ്ങളുടെ വിശകലനത്തിലൂടെയാണ് കണ്ടെത്തൽ നടത്തിയതെന്ന് സെന്റർ പ്രസിഡന്റ് ഖൽഫാൻ ബിൻ സുൽത്താൻ അൽ നുഐമി വെളിപ്പെടുത്തി.
കണ്ടെത്തലിനുശേഷം മുഹമ്മദ് ഷൗക്കത്ത് ഔദക്ക് പ്രാഥമിക കണ്ടുപിടിത്ത സർട്ടിഫിക്കറ്റ് ഔദ്യോഗികമായി ലഭിച്ചിട്ടുണ്ട്. ‘2022 യു.വൈ56’ എന്നാണ് താൽക്കാലികമായി ഈ ഛിന്നഗ്രഹത്തിന് പേരിട്ടിരിക്കുന്നത്. കൃത്യമായ ഭ്രമണപഥം നിർണയിക്കാൻ വിപുലമായ നിരീക്ഷണങ്ങൾ നടത്തുന്നതുവരെ വർഷങ്ങളോളം ഈ പേരിൽ തന്നെ തുടരുമെന്നും അതിനുശേഷം അന്താരാഷ്ട്ര ജ്യോതിശാസ്ത്ര യൂനിയൻ അതിന് ഔദ്യോഗികമായി പേര് നൽകുമെന്നും അബൂദബി അന്താരാഷ്ട്ര ജ്യോതിശാസ്ത്ര കേന്ദ്രം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.