ഇന്ത്യ-യു.എ.ഇ: ആഴ്ചയിൽ പറക്കുന്നത് 612 വിമാനം

ദുബൈ: ഇന്ത്യക്കും യു.എ.ഇക്കുമിടയിൽ ആഴ്ചയിൽ പറക്കുന്നത് 612 വിമാന സർവീസുകൾ. യു.എ.ഇ വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രാലയമാണ് പുതിയ കണക്കുകൾ പുറത്തുവിട്ടത്. ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറിന്‍റെ സന്ദർശനത്തോടനുബന്ധിച്ചാണ് ഈ കണക്കുകൾ പുറത്തിറക്കിയത്. ഏറ്റവും കൂടുതൽ സർവീസ് എമിറേറ്റ്സാണ്. 170 എണ്ണം. രണ്ടാം സ്ഥാനത്തുള്ള എയർ അറേബ്യ 151 സർവീസ് നടത്തുന്നു. ഇതിൽ 43 എണ്ണം അബൂദബിയിൽ നിന്നാണ്. എയർ ഇന്ത്യ എക്സ്പ്രസ് 91 സർവീസാണ് നടത്തുന്നത്. ഇത്തിഹാദ് (69), ഇൻഡിഗോ (60), ൈഫ്ല ദുബൈ (30), ഗോ ഫസ്റ്റ് (24), എയർ ഇന്ത്യ (10), വിസ്താര (7) എന്നിങ്ങനെയാണ് മറ്റ് വിമാനസർവീസുകൾ.

കഴിഞ്ഞ വർഷം യു.എ.ഇ സന്ദർശിച്ചത് 35 ലക്ഷം ഇന്ത്യക്കാർ. 58,000 യു.എ.ഇ പൗരൻമാരാണ് ഈ സമയം ഇന്ത്യയിൽ എത്തിയത്. 346 ഇന്ത്യൻ കമ്പനികൾ യു.എ.ഇയിലുണ്ട്. 138 യു.എ.ഇ കമ്പനികളാണ് ഇന്ത്യയിലുള്ളത്. 2021ൽ ഇരുരാജ്യങ്ങൾക്കുമിടയിൽ ഓയിൽ ഇതര വ്യാപാരം 44 ശതകോടി ഡോളറിലെത്തി. 2003 മുതൽ 60 ശതകോടി ഡോളറിന്‍റെ നിക്ഷേപമണ് ഇരുരാജ്യങ്ങൾക്കുമടിയിലുണ്ടായതെന്നും കണക്കുകൾ സൂചിപ്പിക്കുന്നു. ഇന്ത്യ-യു.എ.ഇ വ്യാപാര ഇടപാട് 100 ശതകോടി ഡോളറിലെത്തിക്കുക എന്ന ലക്ഷ്യമിട്ട് ഒപ്പുവെച്ച സമഗ്ര സാമ്പത്തിക സഹകരണ കരാറിന് (സെപ) ശേഷം ഇറക്കുമതിയും കയറ്റുമതിയും ഗണ്യമായി കൂടിയിട്ടുണ്ട്. തിരുവകളിൽ അഞ്ച് ശതമാനം ഇളവ് അനുവദിച്ചതോടെയാണ് വ്യാപാരത്തിൽ വൻകുതിപ്പുണ്ടായത്.

സ്വർണ, വസ്ത്രം, അവശ്യവസ്തുക്കൾ എന്നിവയിലെല്ലാം ഈ മാറ്റം പ്രകടമാണ്. സെപ കരാർ പ്രതിരോധ മേഖലയിലേക്ക് കൂടി വ്യാപിപ്പിക്കാൻ ലക്ഷ്യമിടുന്നുണ്ടെന്ന് കഴിഞ്ഞ ദിവസം അബൂദബിയിൽ വിദേശകാര്യ മന്ത്രിമാർ തമ്മിൽ നടന്ന ജോയിന്‍റ് കമ്മീഷൻ യോഗത്തിൽ നിർദേശമുയർന്നിരുന്നു. മേയ് ഒന്നുമുതൽ നിലവിൽ വന്ന കരാറിലൂടെ ഇതിനകം ഇരുരാജ്യങ്ങൾക്കും വളരാൻ സാധിച്ചു. യു.എ.ഇയുടെ ഏറ്റവും മികച്ച കയറ്റുമതി പങ്കാളിയായി ഇന്ത്യ മാറി. അതോടൊപ്പം ഇറക്കുമതിയുടെ കാര്യത്തിൽ രണ്ടാം സ്ഥാനത്തും യു.എ.ഇയിൽ നിന്ന് നേരിട്ടുള്ള വിദേശ നിക്ഷേപം ആകർഷിക്കുന്നതിൽ ഒന്നാമതുമാകാൻ ഇന്ത്യക്ക് ഈ കാലയളവിൽ സാധിച്ചുവെന്നും യോഗം വിലയിരുത്തി.

ഫിൻ‌ടെക്, എഡ്യൂടെക്, ഹെൽത്ത്‌ടെക്, അഗ്രിടെക്, ലോജിസ്റ്റിക്‌സ്, വിതരണ ശൃംഖല തുടങ്ങി വിവിധ മേഖലകളിൽ സ്റ്റാർട്ടപ്പുകളും സംരംഭകത്വവും പ്രോത്സാഹിപ്പിക്കുന്നതിനും തീരുമാനമായിട്ടുണ്ട്. ഇന്ത്യയിലെ യുനൈറ്റഡ് പേയ്‌മെന്‍റ് ഇന്‍റർഫേസ്(യു.പി.ഐ) പോലെ, രണ്ട് രാജ്യങ്ങളിലെയും പേയ്‌മെൻറ് പ്ലാറ്റ്‌ഫോമുകൾ ബന്ധിപ്പിക്കുന്നതിനുള്ള സാധ്യതയും മന്ത്രിമാർ ചൂണ്ടിക്കാട്ടി.

Tags:    
News Summary - India-UAE: 612 flights per week

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.