അബൂദബി: ഗൃഹാതുരത്വം ഉണര്‍ത്തുന്ന ഉത്സവപ്പറമ്പിലെ കാഴ്ചകളും നാടന്‍ തട്ടുകടകളിലെ ആവിപറക്കുന്ന ഭക്ഷണങ്ങളുമൊക്കെയായി സോഷ്യല്‍ സെന്റര്‍ കേരളോത്സവം. മൂന്ന് ദിവസങ്ങളിലായി ആയിരക്കണക്കിനാളുകളാണ് യു.എ.ഇയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയത്. ആദ്യ ദിനം ഓര്മ ദുബൈ അവതരിപ്പിച്ച പഞ്ചാരിമേളത്തോടെയാണ് ആഘോഷം ആരംഭിച്ചത്. ശക്തി തിയറ്റേഴ്സ് അബൂദബി, കെ.എസ്.സി വനിത വിഭാഗം, യുവ കലാസാഹിതി, ഫ്രണ്ട്സ് എ.ഡി.എം.എസ് എന്നിവര്‍ ഒരുക്കിയ നാടന്‍ തട്ടുകടകളിലെ ഭക്ഷണ വിഭവങ്ങള്‍ ചൂടപ്പം പോലെയാണ് വിറ്റുപോയത്. വൈവിധ്യമാര്‍ന്ന മറ്റ് ഭക്ഷണങ്ങള്‍ ലഭ്യമാകുന്ന സ്റ്റാളുകള്‍, സൗജന്യ മെഡിക്കല്‍ ക്യാമ്പ്, ഫാര്‍മസി, മലയാളം മിഷന്, കെ.എസ്.സി ബാലവേദി, കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്, ഉപയോഗിച്ച വസ്തുക്കളുടെ വില്പന, പുസ്തകമേള, മറ്റ് വാണിജ്യ സ്ഥാപനങ്ങളുടെ സ്റ്റാളുകൾ എന്നിവ ഉണ്ടായിരുന്നു.
പഴക്കുല ലേലം ആവേശമുണര്‍ത്തി. രണ്ടാം ദിവസം പയ്യന്നൂര്‍ സൗഹൃദ വേദി സംഭാവന നല്കിയ പഴക്കുല ലേലവും മൂന്നാം ദിവസം സ്ട്രിങ് നെറ്റ് കൈകൊണ്ടുണ്ടാക്കിയ നെറ്റിപ്പട്ടവുമായിരുന്നു ലേലം വിളിച്ചത്. ലേലത്തില്‍ പങ്കെടുത്ത് സെയിന്‍ പഴക്കുല സ്വന്തമാക്കിയപ്പോള്‍ നെറ്റിപ്പട്ടം ഷഹീര്‍ ഹംസ കൈക്കലാക്കി. കെ.എസ്.സി കലാകാരന്മാരും കലാകാരികളും പങ്കെടുത്ത ക്ലാസിക്കല്‍, സെമി ക്ലാസിക്കല്‍, സിനിമാറ്റിക് നൃത്തങ്ങള്‍, ഗാനമേള, കൈമുട്ടുകളി എന്നിവയും ഉണ്ടായിരുന്നു. ഇശല്‍ ബീറ്റ്സ് അവതരിപ്പിച്ച ഗാനമേളയും ഹിറ്റായി. മൂന്നാം ദിവസം പിന്നണി ഗായകന് അതുല്‍ നറുകരയുടെ സംഗീതനിശ ആവേശമായി. കേരളോത്സവത്തിന്റെ പ്രവേശന പാസുകള്‍ നറുക്കിട്ടെടുത്ത മെഗാ സമ്മാനമായ 160 ഗ്രാം സ്വര്‍ണം ഉള്‍പ്പെടെ 101 വിജയികളെ കണ്ടെത്തി. സൂരജ് പ്രഭാകര്‍, അഷറഫ്, രാജന്, നിര്‍മല്‍ ചിയ്യാരത്ത്, ബെയ്സില്‍ വര്‍ഗീസ്, അബൂദബിയിലെ പ്രമുഖ സംഘടനകളുടെ ഭാരവാഹികള്‍, കെ.എസ്.സി മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങള്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് നറുക്കെടുത്തത്.
ഉദ്ഘാടന ചടങ്ങില്‍ കെ.എസ്.സി പ്രസിഡന്റ് വി.പി. കൃഷ്ണകുമാര്‍ അധ്യക്ഷത വഹിച്ചു. ജമിനി ബില്‍ഡിങ് മെറ്റീരിയല്‍ മാനേജിങ് ഡയറക്ടര്‍ ഗണേഷ് ബാബു ഉദ്ഘാടനം നിര്‍വഹിച്ചു. ഡോ. എം.എസ്. സുധീര്‍, ലൂയിസ് കുര്യാക്കോസ്, ഗോവിന്ദന് നമ്പൂതിരി, ഡി. നടരാജന്, ബാവ ഹാജി, റഫീഖ് കയനയില്‍, സിദ്ദീഖ്, ഫസലുദ്ദീന്‍, അരുണ്‍കുമാര്‍, അന്‍സാരി സൈനുദ്ദീന്‍, റോയ് ഐ വര്‍ഗീസ്, ബിന്ദു നഹാസ്, മെഹറിൻ റഷീദ്, ഷെറിന് വിജയന്, കെ. സത്യന് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.