അബൂദബി: മലയാളി സമാജം സംഘടിപ്പിക്കുന്ന ത്രിദിന ഇന്തോ-അറബ് കൾചറൽ ഫെസ്റ്റിനു പ്രൗഢോജ്വല തുടക്കം. ഇന്ത്യൻ എംബസി കോൺസുലർ ഡോ. ബാലാജി രാമസ്വാമി മേള ഉദ്ഘാടനം ചെയ്തു. യൂനിവേഴ്സൽ ഹ്യൂമൻ റൈറ്സ് ഹ്യൂമാനിറ്റി ആൻഡ് പീസ് അംബാസഡർ ശൈഖ് റക്കാദ് അബ്ദുല്ല ബിൻ റക്കാദ് അൽ അമേരി മുഖ്യാതിഥിയായിരുന്നു. സമാജം പ്രസിഡന്റ് റഫീഖ് കയനയിൽ അധ്യക്ഷത വഹിച്ചു.
സെക്രട്ടറി എം.യു. ഇർഷാദ്, ടി.പി. അബൂബക്കർ, എൻജി. മസൂമ അൽ ഐദാനി അൽ ബുആലി, ഖാലിദ് മുബാറക് ബനിസാമ, ക്യാപ്റ്റൻ ഫാദി സലേഹ് അൽ തമീമി, ജാബർ അൽ അഹ്ബാദി എന്നിവർ സംസാരിച്ചു. മുസഫയിലെ ക്യാപിറ്റൽ മാളിനു സമീപം പ്രത്യേകം സജ്ജമാക്കിയ ബോളെവാഡ് അവന്യൂവിലാണ് മൂന്നുദിവസങ്ങളിൽ സാംസ്കാരികോത്സവം നടക്കുന്നത്.
ഇന്തോ-അറബ് പാരമ്പര്യങ്ങളുടെ വൈവിധ്യം പ്രദർശിപ്പിക്കുക എന്നതാണ് സാംസ്കാരികോത്സവത്തിന്റെ ലക്ഷ്യം. രാജ്യങ്ങളുടെ കലാസാംസ്കാരിക പൈതൃകം സമ്മേളിക്കുന്ന ഉത്സവത്തിൽ കലാപരിപാടികളും വിവിധ ഉൽപന്നങ്ങൾ ലഭിക്കുന്ന സ്റ്റാളുകളും പരിപാടിയുടെ പ്രത്യേകതയാണ്. ഇന്ത്യയുടെ നാനാത്വത്തിൽ ഏകത്വവും യു.എ.ഇയുടെ പൈതൃകവും സമ്മേളിക്കുന്ന പരിപാടികളാണ് മൂന്നു ദിവസങ്ങളിലും ഒരുക്കിയിരിക്കുന്നത്.
ഇരുരാജ്യങ്ങളുടെ ഭക്ഷണവിഭവങ്ങളും രുചിച്ചറിയാം. വിവിധ സംസ്ഥാനങ്ങളിലെ തനത് വിഭവങ്ങൾ ഭക്ഷണ പ്രേമികളുടെ ശ്രദ്ധാകേന്ദ്രമാകുന്നു. 10 ദിർഹത്തിന്റെ പ്രവേശന കൂപ്പണിൽ മൂന്നുദിവസവും സന്ദർശനം അനുവദിക്കും. നറുക്കെടുപ്പിലൂടെ ഒരാൾക്ക് 20 പവനും വിലപിടിപ്പുള്ള മറ്റു 55 സമ്മാനങ്ങളും ഉണ്ടാകും.
ഇന്തോ-അറബ് ഫ്യൂഷൻ സംഗീത പരിപാടിക്ക് പുറമെ മറ്റു കലാവിരുന്നുകളും ഇതിന്റെ ഭാഗമാണ്.
ഇന്ന് നടി സരയു മോഹൻ, മനോജ് ഗിന്നസ്, കൃഷ്ണപ്രഭ, രാജേഷ് തിരുവമ്പാടി എന്നിവർ നയിക്കുന്ന പരിപാടിയാണ് മുഖ്യ ആകർഷണം. നാളെ ഇന്ത്യൻ അറബിക് സംസ്കാരം വിളിച്ചോതുന്ന പരിപാടികളും നറുക്കെടുപ്പും ഉണ്ടായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.