ഇന്നലെയും ഇന്നും നാളെയുമായി യു.എ.ഇയിൽ നിരവധി നിയമ മാറ്റങ്ങളാണ് വരുന്നത്. കോവിഡ് എത്തിയശേഷം എഴുതിച്ചേർക്കപ്പെട്ട നിയമങ്ങളിലും നിബന്ധനകളിലും ഇളവനുവദിച്ചിരിക്കുകയാണ് യു.എ.ഇ. രണ്ടുവർഷമായി ഒപ്പമുണ്ടായിരുന്ന മാസ്ക് ഒഴിവാക്കിയതിലൂടെ രാജ്യം നയം വ്യക്തമാക്കിക്കഴിഞ്ഞു. രോഗപ്രതിരോധം നമ്മുടെ കൂട്ടുത്തരവാദിത്തമാണെന്ന് ഇടക്കിടെ പറയുന്ന യു.എ.ഇ വീണ്ടും ഇത് ഊട്ടിയുറപ്പിക്കുകയാണ്.
തുറസ്സായ സ്ഥലങ്ങളിലാണ് മാസ്ക് ഒഴിവാക്കിയിരിക്കുന്നത്. താൽപര്യമുള്ളവർക്ക് ധരിക്കാം. അടച്ചിട്ട സ്ഥലങ്ങളിൽ നടക്കുന്ന പരിപാടികളിൽ പങ്കെടുക്കാൻ മാസ്ക് ഇപ്പോഴും നിർബന്ധമാണ്. ഇന്നലെ മുതൽ പ്രാബല്യത്തിൽ വന്നു.
കോവിഡ് പോസിറ്റിവാകുന്നവരുമായി അടുത്ത ബന്ധം പുലർത്തുന്നവർക്ക് ക്വാറന്റീൻ നിർബന്ധമില്ല. എന്നാൽ, അഞ്ചാംദിവസം കോവിഡ് പരിശോധനക്ക് ഹാജരാകണം. ദുബൈ എമിറേറ്റിൽ പോസിറ്റിവ് കേസുമായി അടുത്ത ബന്ധം പുലർത്തുന്നവർക്ക് രോഗലക്ഷണമില്ലെങ്കിൽ പി.സി.ആർ പരിശോധനയും ക്വാറന്റീനും നിർബന്ധമില്ല. കോവിഡ് പോസറ്റിവായാൽ ഐസൊലേഷൻ ചട്ടങ്ങൾ പഴയപടി തുടരും. എന്നാൽ, രോഗബാധിതരെ നിരീക്ഷിക്കാൻ ഇനി റിസ്റ്റ് ബാൻഡ് ഘടിപ്പിക്കില്ല.
പള്ളികളിൽ ഖുർആൻ തിരികെ എത്തുന്നു. നേരത്തേ, മൊബൈൽ ഫോണിലായിരുന്നു പള്ളിയിൽ എത്തുന്നവരുടെ ഖുർആൻ പാരായണം. ഖുർആൻ പരസ്പരം കൈമാറി ഉപയോഗിക്കുന്നത് ഒഴിവാക്കാനായിരുന്നു നിയന്ത്രണം ഏർപ്പെടുത്തിയിരുന്നത്. ഇവ ഓരോ തവണയും അണുവിമുക്തമാക്കണം. നമസ്കാരത്തിനും ബാങ്കിനും ഇടയിലുള്ള സമയം പുനഃസ്ഥാപിച്ചിട്ടുണ്ട്. നേരത്തേ ബാങ്ക് വിളിച്ചാൽ ഉടൻ നമസ്കാരമായിരുന്നു. പള്ളിയുടെ ഉള്ളിൽ ഒരു മീറ്റർ സാമൂഹിക അകലം വേണമെന്ന നിബന്ധനയിൽ മാറ്റമില്ല.
വിദേശരാജ്യങ്ങളിൽനിന്ന് വരുന്നവർ ലോകാരോഗ്യ സംഘടനയോ യു.എ.ഇയോ അംഗീകരിച്ച വാക്സിന്റെ രണ്ടു ഡോസ് പൂർത്തിയാക്കിയിട്ടുണ്ടെങ്കിൽ യാത്രക്ക് മുമ്പുള്ള പി.സി.ആർ പരിശോധന നടത്തേണ്ട ആവശ്യമില്ല. സിനോഫാം, ഫൈസർ, സ്പുട്നിക്, ആസ്ട്രസെനക, മൊഡേണ എന്നിവയാണ് യു.എ.ഇ അംഗീകൃത വാക്സിൻ. ഇന്ത്യയിലെ കോവിഷീൽഡ് തന്നെയാണ് ആസ്ട്രസെനക. ക്യൂ ആർ കോഡുള്ള വാക്സിനേഷൻ സർട്ടിഫിക്കറ്റ് നിർബന്ധമാണ്. വാക്സിൻ സ്വീകരിക്കാത്തവർ 48 മണിക്കൂറിനുള്ളിലെ പി.സി.ആർ നെഗറ്റിവ് ഫലം ഹാജരാക്കണം. ഒരുമാസത്തിനകം കോവിഡ് വന്ന് മാറിയവർക്ക് ക്യൂ.ആർ കോഡുള്ള റിക്കവറി സർട്ടിഫിക്കറ്റ് മതി. വിമാനത്താവളങ്ങളിൽ നടത്തിയിരുന്ന റാപ്പിഡ് പി.സി.ആർ ടെസ്റ്റ് വേണ്ടെന്നുവെച്ചതിന് പിന്നാലെയാണ് ആർ.ടി.പി.സി.ആർ പരിശോധകൂടി ഒഴിവാക്കുന്നത്.
സാമ്പത്തികം, ടൂറിസം പരിപാടികളിൽ സാമൂഹിക അകലം ഒഴിവാക്കി. പ്രദർശനങ്ങൾ, സാംസ്കാരിക പരിപാടികൾ എന്നിവയിൽ പങ്കെടുക്കാൻ ഗ്രീൻപാസ് പ്രോട്ടോകോൾ തുടരും. 90 ശതമാനം ആളുകൾക്ക് പരിപാടിയിൽ പങ്കെടുക്കാം. അബൂദബിയിൽ സർക്കാർ ജീവനക്കാർക്കും ഓഫിസുകൾ സന്ദർശിക്കുന്നവർക്കും മാളുകളിൽ എത്തുന്നവർക്കും ഗ്രീൻ പാസ് വേണമെന്ന നിബന്ധന തുടരും. ജീവനക്കാർ നിർബന്ധമായും വാക്സിനെടുത്തിരിക്കണം.
ഇന്ത്യയിലെ വിമാനത്താവളങ്ങളിൽനിന്ന് ദുബൈയിലേക്ക് യാത്ര ചെയ്യുന്നവർക്ക് ജനറൽ ഡയറക്ടറേറ്റിന്റെയോ (ജി.ഡി.ആർ.എഫ്.എ) ഫെഡറൽ അതോറിറ്റിയുടേയോ (ഐ.സി.എ) അനുമതി ആവശ്യമില്ല. ദുബൈ വിമാനത്താവളത്തിലേക്ക് മാത്രമാണ് ഇളവ്. അബൂദബി, ഷാർജ, റാസൽഖൈമ വിമാനത്താവളങ്ങളിലേക്ക് യാത്ര ചെയ്യുന്നവർ ഐ.സി.എയുടെ അനുമതി തേടണം.
മറ്റ് എമിറേറ്റുകളിൽനിന്ന് അബൂദബിയിലേക്ക് പ്രവേശിക്കുന്നതിന് അൽ ഹുസ്ൻ ആപ്പിൽ ഗ്രീൻ പാസ് വേണമെന്ന നിബന്ധന നാളെ മുതൽ ഒഴിവാക്കും. അതിർത്തിയിലെ ഇ.ഡി.ഇ സ്കാനർ പരിശോധനയും ഒഴിവാക്കും. ഇതോടെ, കോവിഡ് പരിശോധന ഫലം ഇല്ലാതെ തന്നെ യാത്രക്കാർക്ക് അബൂദബി എമിറേറ്റിലേക്ക് പ്രവേശിക്കാം.
അബൂദബിയിലെ സ്വകാര്യ സ്കൂളുകളിലെ 16 വയസ്സില്‍ താഴെയുള്ള വിദ്യാര്‍ഥികള്‍ക്ക് കോവിഡ് പി.സി.ആര് പരിശോധനയില്‍ ഇളവ് അനുവദിച്ചു. ഓരോ 14 ദിവസം കൂടുമ്പോഴും എടുത്തിരുന്ന പി.സി.ആര് പരിശോധന ഇനി മുതല്‍ 28 ദിവസം കൂടുമ്പോള്‍ എടുത്താല്‍ മതി.
അതേസമയം, 16 വയസ്സിനു മുകളിലുള്ള വിദ്യാര്‍ഥികള്‍ക്ക് സ്കൂള്‍ ബസിലോ സ്കൂളിലോ പ്രവേശിക്കാന്‍ 14 ദിവസം കൂടുമ്പോഴുള്ള പി.സി.ആര് പരിശോധന നിർബന്ധമാണ്. ആരോഗ്യപരമായ കാരണങ്ങളാല്‍ വാക്സിനെടുക്കുന്നതില്‍ ഇളവ് അനുവദിക്കപ്പെട്ട 16 വയസ്സിനു മുകളില്‍ പ്രായമുള്ള വിദ്യാര്‍ഥികള്‍ ആഴ്ചതോറും പി.സി.ആര് പരിശോധനക്ക് വിധേയരാവണം.
16 വയസ്സിനു മുകളിലുള്ള വിദ്യാര്‍ഥികള്‍ സ്കൂളില്‍ പ്രവേശിക്കുന്നതിനുമുമ്പ് അൽഹുസ്ന് ആപ്പില്‍ ഗ്രീന്‍ സ്റ്റാറ്റസ് കാണിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.