ദുബൈ: കള്ളപ്പണം വെളുപ്പിക്കുന്ന അന്താരാഷ്ട്ര സംഘത്തിലെ രണ്ട് ഇന്ത്യക്കാരടക്കം 55 പേർ ദുബൈയിൽ അറസ്റ്റിലായി. രണ്ട് വ്യത്യസ്ത കേസുകളിലായി 64 കോടി ദിർഹമിന്റെ കള്ളപ്പണം ഇവർ വെളുപ്പിച്ചതായി അധികൃതർ കണ്ടെത്തി.
ദുബൈ പബ്ലിക് പ്രോസിക്യൂഷൻ പ്രതികളെ തുടർ നടപടിക്കായി കോടതിക്ക് കൈമാറി. യു.കെ-യു.എ.ഇ എന്നീ രാജ്യങ്ങൾക്കിടയിൽ നടന്ന വൻ കള്ളപ്പണ ഇടപാടാണ് ദുബൈയിലെ വിവിധ വകുപ്പുകൾ ചേർന്ന് പിടികൂടിയത്. ക്രിപ്റ്റോ കറൻസിയുടെ മറവിൽ കള്ളപ്പണം വെളുപ്പിച്ച ഒരു കേസിൽ രണ്ട് ഇന്ത്യക്കാരും ഒരു ബ്രിട്ടീഷ് പൗരനുമടക്കം 30 പേരാണ് പിടിയിലായത്.
യു.എ.ഇയിലെ മൂന്ന് കമ്പനികളെ ഉപയോഗിച്ച് യു.കെ.യിൽ നിന്നെത്തിയ 180 മില്യൺ ദിർഹം ഇവർ വെളുപ്പിച്ചെടുത്തുവെന്ന് അന്വേഷണത്തിൽ കണ്ടെത്തി. യു.കെയിൽ മയക്കുമരുന്ന്, ടാക്സ് തട്ടിപ്പ് തുടങ്ങിയ തട്ടിപ്പിലൂടെ വന്ന കള്ളപ്പണമാണ് സംഘം വെളുപ്പിച്ചത്.വ്യാജരേഖ ഉപയോഗിച്ച് 46.1 കോടി ദിർഹം വെളുപ്പിച്ച മറ്റൊരു കേസിൽ ഒരു യു.എ.ഇ സ്വദേശിയും 21 ബ്രിട്ടീഷുകാരുമടക്കം 25 പേരാണ് പിടിയിലായത്.
രണ്ട് അമേരിക്കക്കാരും, ഒരു ചെക് റിപ്പബ്ലിക്കൻ പൗരനും ഈ കേസിൽ പ്രതികളാണ്. യു.എ.ഇ സ്വദേശിയുടെ പേരിൽ യു.എ.ഇയിലുള്ള രണ്ട് കമ്പനികളുടെ മറവിലാണ് ഇവർ കള്ളപ്പണം വെളുപ്പിച്ചത്. കസ്റ്റംസിന്റെ ഉൾപ്പെടെ വ്യാജരേഖയുണ്ടാക്കി അന്താരാഷ്ട്ര ഇടപാടുകൾ നടത്തിയെന്ന് വരുത്തിത്തീർത്തായിരുന്നു ഇവരുടെ ഇടപാട്.
ദുബൈ സർക്കാർ കൃത്യമായി ആസൂത്രണം ചെയ്ത ഓപറേഷനാണ് പ്രതികളെ പിടികൂടാനും കള്ളപ്പണം വെളുപ്പിക്കുന്നതിന് ഉപയോഗിച്ചിരുന്ന ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുന്നതിലേക്കും നയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.