ദുബൈ: ഉൽപാദനം മേയ് മുതൽ വെട്ടിക്കുറക്കുമെന്ന് യു.എ.ഇ അടക്കമുള്ള എണ്ണയുൽപാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക് പ്ലസ് പ്രഖ്യാപിച്ചതിന് പിന്നാലെ എണ്ണവില ഉയർന്നു. ആറു ശതമാനം വരെ വില ഉയർന്നതായാണ് അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങൾ നിരീക്ഷിക്കുന്നവർ രേഖപ്പെടുത്തിയിരിക്കുന്നത്. യു.എസിലെ ബാങ്കിങ് പ്രതിസന്ധി സ്വിറ്റ്സർലൻഡിലേക്ക് വ്യാപിച്ചതിനെത്തുടർന്ന് കഴിഞ്ഞ മാസം വില ഒരു വർഷത്തിലേറെ താഴ്ന്ന നിലയിലെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ഉൽപാദനം വെട്ടിക്കുറക്കാൻതീരുമാനിച്ചത്.
16 ലക്ഷം ബാരലിലേറെ എണ്ണയുൽപാദനമാണ് വെട്ടിക്കുറക്കാൻ വിവിധ രാജ്യങ്ങൾ തീരുമാനിച്ചിട്ടുള്ളത്. സൗദി അറേബ്യ, കുവൈത്ത്, യു.എ.ഇ, കുവൈത്ത്, ഒമാൻ, അൽജീരിയ, റഷ്യ തുടങ്ങിയ രാജ്യങ്ങൾ ഇത് സംബന്ധിച്ച് പ്രസ്താവന പുറത്തിറക്കിയിരുന്നു. ഇതോടെ മേയ് മുതൽ ദിവസം വിപണിയിലേക്ക് എത്തുന്ന ക്രൂഡ് ഓയിലിന്റെ അളവ് കുറയും. ലോകത്തെ ഏറ്റവും വലിയ എണ്ണ കയറ്റുമതിക്കാരും ഒപെകിലെ ഏറ്റവും വലിയ ഉൽപാദകരുമായ സൗദി അറേബ്യ 5 ലക്ഷം ബാരൽ പ്രതിദിനം വിതരണം കുറക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്.
യു.എ.ഇ ഉൽപാദനം 1.44 ലക്ഷം ബാരലിന്റെ കുറവാണ് വരുത്തുകയെന്ന് ഊർജ, അടിസ്ഥാന സൗകര്യ വികസന മന്ത്രി സുഹൈൽ ബിൻ മുഹമ്മദ് അൽ മസ്റൂയിയാണ് അറിയിച്ചത്. ഊർജ വിപണിയിൽ സ്ഥിരത ഉറപ്പാക്കാനാണ് വെട്ടിക്കുറക്കലെന്നാണ് വിശദീകരിച്ചിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.