ഒമാൻ-യു.എ.ഇ റെയിൽ; ടെൻഡറിന്‍റെ പ്രാരംഭ നടപടികൾ തുടങ്ങി

അബൂദബി​: ഒമാനെയും യു.എ.ഇയിയെയും ബന്ധിപ്പിക്കുന്ന റെയിൽവേ പദ്ധതിയുടെ ടെൻഡർ നടപടിക്രമങ്ങൾ ‘ഒമാൻ ആൻഡ് ഇത്തിഹാദ് റെയിൽ കമ്പനി’ ആരംഭിച്ചു. ഇതിന്‍റെ ഭാഗമായി, സിവിൽ വർക്കുകളുടെ ടെൻഡറിൽ പ​ങ്കെടുക്കാനുള്ള യോഗ്യതക്ക്​ അപേക്ഷ ക്ഷണിച്ചു. ഈ പട്ടികയിൽനിന്ന്​ യോഗ്യത നേടുന്ന സ്ഥാപനങ്ങൾക്കായിരിക്കും അന്തിമ ടെൻഡർ സമർപ്പിക്കാൻ അനുമതി നൽകുക.

ഒമാനിലോ യു.എ.ഇയിലോ രജിസ്റ്റർ ചെയ്ത കമ്പനികളോ മുമ്പ്​ ഇത്തരം പ്രവൃത്തികൾ ചെയ്ത അനുഭവ പരിചയമുള്ളവരോ ആയിരിക്കണം ടെൻഡർ സമർപ്പിക്കേണ്ടത്​. യു.എ.ഇ-ഒമാൻ റെയിൽവേ പദ്ധതിക്കായി ഈ വർഷാവസാനമോ അടുത്ത വർഷം ആദ്യമോ ഇ.പി.സി കാരാർ (എൻജിനീയറിങ്​, നിർവഹണം, നിർമാണം) നൽകുമെന്ന്​ ഗതാഗത, വാർത്താവിനിമയ, വിവര സാങ്കേതിക മന്ത്രി എൻജിനീയർ സഈദ്​ ബിൻ ഹമൂദ് അൽ മാവാലി നേരത്തേ പറഞ്ഞിരുന്നു.

റെയിൽവേ പദ്ധതിയുമായി ബന്ധപ്പെട്ട്​ വടക്കൻ ബാത്തിനയിലും ബുറൈമിയിലെയും 521 കേസുകൾക്ക് സർക്കാർ അംഗീകരിച്ച സംവിധാനങ്ങൾ അനുസരിച്ച് ആറു മാസത്തിനുള്ളിൽ നഷ്ടപരിഹാരം നൽകുമെന്ന് ഭവന, നഗര വികസന മന്ത്രാലയം അറിയിച്ചിട്ടുണ്ട്​.

റെയിൽ പദ്ധതിയുടെ നടത്തിപ്പിന്​ ഫെബ്രുവരിയിൽ സുപ്രധാന ചുവടുവെപ്പ്​ അധികൃതർ നടത്തിയിരുന്നു. 303 കിലോമീറ്റർ പാതയുടെ വികസനത്തിനായി മേല്‍നോട്ടം വഹിക്കുന്ന ഒമാൻ ആൻഡ്​ ഇത്തിഹാദ് റെയിൽ കമ്പനി അബൂദബിയിലെ മുബദാല ഇൻവെസ്റ്റ്‌മെന്റ് കമ്പനിയുമായാണ്​ കരാർ ഒപ്പിട്ടത്​. മൂന്നു ശതകോടി ഡോളറിന്റെ നിക്ഷേപ കരാറിലാണ്​ എത്തിയിരിക്കുന്നത്​. ഇതോടെ നിർമാണം അതിവേഗം ആരംഭിക്കുമെന്ന പ്രതീക്ഷക്ക്​ ശക്​തിയേറി.

കഴിഞ്ഞ സെപ്​റ്റംബറിൽ യു.എ.ഇ ഭരണാധികാരി ശൈഖ്​ മുഹമ്മദ് ബിൻ സായിദിന്‍റെ ഒമാൻ സന്ദർശനത്തിന്‍റെ ഭാഗമായാണ്​ ഇരുരാജ്യങ്ങളും തമ്മിൽ റെയിൽവേ ശൃംഖല സ്ഥാപിക്കാൻ ധാരണയിലെത്തിയിത്​. പദ്ധതി ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരവും വിനോദസഞ്ചാരവും ശക്തിപ്പെടുത്തുമെന്നാണ്​ പ്രതീക്ഷിക്കുന്നത്​. ഒമാനിലെ തുറമുഖ നഗരമായ സുഹാറിനെയും യു.എ.ഇ തലസ്ഥാനമായ അബൂദബിയെയും ബന്ധിപ്പിക്കുന്നതാണ്​ പദ്ധതി. 303 കിലോമീറ്റര്‍ പാത എപ്പോള്‍ പൂർത്തിയാക്കുമെന്നതിൽ വ്യക്​തത വന്നിട്ടില്ല. ഏകദേശം 1.160 ശതകോടി റിയാൽ ചെലവിലായിരിക്കും പദ്ധതി ഒരുക്കുക. റെയിൽവേ ശൃംഖല നടപ്പിലാക്കുന്നതിനും പ്രവർത്തിപ്പിക്കുന്നതിനുമായി ഒമാൻ റെയിലും ഇത്തിഹാദ് റെയിലും ചേർന്ന്​ ‘ഒമാൻ ആൻഡ്​ ഇത്തിഹാദ് റെയിൽ’ എന്ന കമ്പനി സ്ഥാപിച്ചിട്ടുണ്ട്​.

Tags:    
News Summary - Oman-UAE Rail

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.