ദുബൈ: വ്യക്തികൾക്ക് ഡ്രോണുകൾ പറത്തുന്നതിനുള്ള വിലക്ക് ഭാഗികമായി നീക്കിയതായി യു.എ.ഇ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ദേശീയ അടിയന്തര ദുരന്ത നിവാരണ അതോറിറ്റി, ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി എന്നിവക്കൊപ്പം ഉടൻ പ്രാബല്യത്തിൽ വരുന്ന രീതിയിലാണ് മന്ത്രാലയം വിലക്ക് നീക്കിയത്. എന്നാൽ, ഡ്രോണുകളുടെ ഉപയോഗം സമൂഹത്തെയും വ്യോമമേഖലയെയും സംരക്ഷിക്കാൻ ലക്ഷ്യമിട്ടുള്ള പ്രത്യേക സുരക്ഷാ മാനദണ്ഡങ്ങൾക്ക് അനുസരിച്ചായിരിക്കുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
ഡ്രോണുകൾ ഉപയോഗിക്കുന്നതിന്റെ വിശദമായ മാർഗനിർദേശങ്ങളും ആവശ്യകതകളും യു.എ.ഇ ഡ്രോൺസ് ആപ്പിലൂടെയും ഔദ്യോഗിക സർക്കാർ വെബ്സൈറ്റിലൂടെയും ലഭ്യമാണെന്നും അറിയിപ്പിൽ പറഞ്ഞു. മാനദണ്ഡപ്രകാരം ഡ്രോൺ ഉപയോക്താക്കൾ പുതിയ ‘യു.എ.ഇ ഡ്രോൺസ്’ ആപ് വഴിയോ drones.gov.ae എന്ന ഔദ്യോഗിക വെബ്സൈറ്റ് വഴിയോ രജിസ്റ്റർ ചെയ്ത് അക്കൗണ്ട് തുറക്കണം. ആപ്പിൾ, ആൻഡ്രോയ്ഡ് മൊബൈലുകളിൽ ആപ് ലഭ്യമാണ്. ഈ ഏകീകൃത ദേശീയ ഡ്രോൺ പ്ലാറ്റ്ഫോം യു.എ.ഇയിലെ ഡ്രോൺ ഓപറേറ്റർമാരുടെ രജിസ്ട്രേഷനും പ്രവർത്തന പ്രക്രിയയും കാര്യക്ഷമമാക്കുന്നതാണ്.
രജിസ്റ്റർ ചെയ്യുന്നവർക്ക് കുറഞ്ഞത് 16 വയസ്സ് പ്രായമുണ്ടായിരിക്കണം, അംഗീകൃത പരിശീലന കേന്ദ്രത്തിൽനിന്ന് ഡ്രോൺ പരിശീലന സർട്ടിഫിക്കറ്റ് കൈവശമുള്ളവരായിരിക്കണം, ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ നിയന്ത്രണങ്ങൾ പാലിക്കണം, ഡ്രോൺ അഞ്ച് കിലോയിൽ കൂടുതൽ ഭാരമില്ലെന്ന് ഉറപ്പാക്കണം എന്നീ നിബന്ധനകൾ പാലിക്കേണ്ടതുണ്ട്. രജിസ്ട്രേഷന് പാസ്പോർട്ട് പേജ്, യു.എ.ഇ റെസിഡൻറ്സ് വിസ, അപേക്ഷകന്റെ ഫോട്ടോ, എമിറേറ്റ്സ് ഐഡി, പൈലറ്റ് പരിശീലന സർട്ടിഫിക്കറ്റ് എന്നീ രേഖകളും വേണം. 100 ദിർഹമാണ് രജിസ്ട്രേഷൻ ഫീസ്.
അതേസമയം, വിനോദാവശ്യങ്ങൾക്കുള്ള ഡ്രോൺ ഉപയോഗത്തിന് ദുബൈയിൽ അനുമതിയായിട്ടില്ലെന്ന് ദുബൈ സിവിൽ ഏവിയേഷൻ അതോറിറ്റിയെ ഉദ്ധരിച്ച് ‘ഖലീജ് ടൈംസ്’ റിപ്പോർട്ട് ചെയ്തു. നിരോധനം നീക്കുമ്പോൾ ദുബൈ സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ അറിയിപ്പുണ്ടാകുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.