ദ പിങ്ക് കാരവാന്‍’ സമാപന ദിനത്തിൽ അബൂദബി ശൈഖ് സായിദ് ഗ്രാൻഡ് മോസ്‌കിന് മുന്നിലൂടെ കടന്നു പോകുന്നു ദൃശ്യം

പിങ്ക്​ കാരവാന് അബൂദബിയിൽ പരിസമാപ്​തി

അബൂദബി: രാജ്യമൊട്ടുക്കും നടന്ന സ്തനാര്‍ബുദ ബോധവത്കരണ കാമ്പയിനായ ‘ദ പിങ്ക് കാരവാന്‍’ റൈഡിന്‍റെ 11ാമത് എഡിഷന് സമാപനം. ആകെ 13,213 പരിശോധനകള്‍ പൂർത്തിയാക്കിയശേഷം തലസ്ഥാനമായ അബൂദബിയിലാണ്​ കാമ്പയിന്‍ സമാപിച്ചത്.

ഫെബ്രുവരി നാലിന് ഷാര്‍ജയില്‍നിന്നാണ് കാമ്പയിന് തുടക്കംകുറിച്ചത്. ഒരാഴ്ച നീണ്ട ബോധവത്കരണ കാമ്പയിന്‍റെ ഭാഗമായി 80 ലക്ഷം ചുവടുകളാണ് കാരവനില്‍ പങ്കെടുത്തവര്‍ പിന്നിട്ടത്. 30 പി.സി.ആര്‍ ടെസ്റ്റിങ് കേന്ദ്രങ്ങളിൽ 11,000 പരിശോധനകളെന്ന ലക്ഷ്യം മറികടന്ന് റെക്കോഡിടാനും ഇത്തവണ സാധിച്ചു. അല്‍ ഹുദൈരിയാത്ത് ഐലന്‍ഡില്‍ നടന്ന സമാപനത്തില്‍ അബൂദബി ഹോള്‍ഡിങ് ചെയര്‍മാന്‍ ശൈഖ് മുഹമ്മദ് ബിന്‍ നഹ്​യാന്‍ ബിന്‍ മുബാറക് അല്‍ നഹ്​യാന്‍ കാരവനിൽ പ​ങ്കെടുത്തവരെയും ഉപയോഗപ്പെടുത്തിയവരെയും അഭിനന്ദിച്ചു.

കാമ്പയിനിന്‍റെ 11ാം എഡിഷന്‍റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്ന് ശൈഖ് ഫാഹിം അല്‍ ഖാസിമി പറഞ്ഞു. ഏഴ് എമിറേറ്റുകളിലായി നടന്ന കുതിരസവാരി 140 കിലോമീറ്ററുകള്‍ പിന്നിട്ടാണ് സമാപന വേദിയിലെത്തിയത്. കാമ്പയിന്‍റെ ഭാഗമായി സംഘടിപ്പിച്ച സൗജന്യ സ്തനാര്‍ബുദ പരിശോധനയില്‍ പങ്കെടുക്കാനെത്തിയവരുടെ എണ്ണത്തിലെ വര്‍ധനവ് പരിപാടിയുടെ വന്‍ വിജയത്തെയാണ് വ്യക്തമാക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. പരിപാടിയില്‍ പങ്കെടുത്ത സന്നദ്ധപ്രവര്‍ത്തകര്‍ ആകെ 59,830 മണിക്കൂറുകളാണ് പ്രവര്‍ത്തിച്ചതെന്നും ശൈഖ് ഫാഹിം കൂട്ടിച്ചേര്‍ത്തു.

154 സന്നദ്ധപ്രവര്‍ത്തകര്‍ പരിപാടിക്കായി പ്രവര്‍ത്തിച്ചു. ഇവര്‍ 24,640 മണിക്കൂറാണ് ഇത്തരത്തില്‍ നീക്കിവെച്ചത്. 45 മെഡിക്കല്‍ അംഗങ്ങള്‍ 11,880 മണിക്കൂറുകളും പരിശോധനകള്‍ക്കായി ചെലവഴിച്ചു. പരിശോധനക്ക്​ വിധേയരായവരില്‍നിന്ന് 2347 പേരെ കൂടുതല്‍ പരിശോധനകള്‍ക്കും 630 പേരെ അള്‍ട്രാസൗണ്ട് സ്‌കാനിങ്ങിനും വിധേയരാവാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

Tags:    
News Summary - Pink Caravan concludes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.