ദുബൈ: യു.എ.ഇയും ഇന്ത്യയും തമ്മിലെ സ്വതന്ത്ര വ്യപാര കരാർ അന്തിമഘട്ടത്തിലാണെന്ന് കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി പിയൂഷ് ഗോയൽ വ്യക്തമാക്കി. ന്യൂഡൽഹിയിൽ ബിസിനസ്-വ്യവസായ രംഗത്തെ അസോസിയേഷൻ മേധാവികളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം അദ്ദേഹം അറിയിച്ചത്. ഇതുസംബന്ധിച്ച അന്വേഷണത്തിന് മറുപടിയായാണ് മന്ത്രി വ്യവസായ മേഖലക്ക് വളരെ ഗുണപ്രദമാകുന്ന കരാർ യാഥാർഥ്യത്തിലേക്ക് നീങ്ങുകയാണെന്ന് വ്യക്തമാക്കിയത്. വിവിധ രാജ്യങ്ങളുമായുള്ള പല കരാറുകളും യാഥാർഥ്യമാക്കാൻ സർക്കാർ പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്. അതിലൂടെ വ്യവസായങ്ങൾ നേട്ടമുണ്ടാക്കാൻ സാധിക്കും -അദ്ദേഹം വ്യക്തമാക്കി. സ്വതന്ത്ര വ്യാപാര കരാർ പോലുള്ള കാര്യങ്ങളിൽ സർക്കാറിന് നിർദേശങ്ങൾ നൽകുന്നതിൽ വ്യവസായ പ്രമുഖർ ശ്രമിക്കണമെന്നും മന്ത്രി അഭ്യർത്ഥിച്ചു.
മഹാമാരി കാരണമുണ്ടായ യാത്ര, ടൂറിസം നിയന്ത്രണങ്ങൾക്കിടയിലും കയറ്റുമതിയിൽ വളർച്ചയുണ്ടെന്നും പുതിയ കോവിഡ് തരംഗം സാമ്പത്തിക മേഖലയെ കാര്യമായി ബാധിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ദേശീയതലത്തിലും പ്രാദേശികമായും പ്രവർത്തിക്കുന്ന 19 ബിസിനസ്-വ്യവസായ രംഗത്തെ അസോസിയേഷനുകളുടെ പ്രതിനിധികളാണ് മന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ പങ്കെടുത്തത്. കോവിഡ് വർധനവിന്റെ സാഹചര്യത്തിൽ സാമ്പത്തിക പ്രവർത്തനങ്ങളുടെ വേഗത്തിലുള്ള തിരിച്ചുവരവിന്റെ തുടർച്ചയും ഉയർന്ന വളർച്ചനിരക്കും ഉറപ്പാക്കുന്നതിന് ആശയങ്ങൾ പങ്കുവെക്കുന്നതിനുമാണ് യോഗം വിളിച്ചുകൂട്ടിയത്. ഇന്ത്യയും യു.എ.ഇയും സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ (സി.ഇ.പി.എ) ഈവർഷം ആരംഭത്തിൽ ഒപ്പുവെക്കുമെന്ന് നേരത്തേ റിപ്പോർട്ടുണ്ടായിരുന്നു. കരാറിൽ ഒപ്പുവെക്കപ്പെട്ടാൽ ഒരു ദശാബ്ദത്തിനിടെ ഇന്ത്യ ഒപ്പുവെക്കുന്ന ആദ്യ സ്വതന്ത്ര വ്യാപാര കരാറായിരിക്കും ഇത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.