ദുബൈ: ദുബൈ ഇസ്ലാമിക് അഫയേഴ്സ് ആൻഡ് ചാരിറ്റബിൾ ആക്റ്റിവിറ്റീസ് ഡിപ്പാർട്ട്മെന്റ് (ഔഖാഫ്) ‘റമദാൻ ദുബൈ’ എന്ന പേരിൽ വിപുലമായ പരിപാടികൾ സംഘടിപ്പിക്കാനൊരുങ്ങുന്നു. പ്രഭാഷണം, ഇഫ്താർ ഉൾപ്പെടെ വിവിധ പരിപാടികൾ ഇക്കുറിയും ഒരുക്കുമെന്ന് ദുബൈ ഔഖാഫ് ഡയറക്ടർ ജനറൽ ഡോ. ഹമദ് ബിൻ ശൈഖ് അഹമ്മദ് അൽ ശൈബാനി വാർത്ത സമ്മേളനത്തിൽ പറഞ്ഞു.
15 വർഷം മുമ്പ് ആരംഭിച്ച റമദാൻ പരിപാടികൾ ഇപ്പോൾ ‘റമദാൻ ദുബൈ ഇനിഷ്യേറ്റീവ്’ എന്ന പേരിലാണ് നടക്കുന്നത്. രാജ്യത്തിനകത്തും പുറത്തുംനിന്നുള്ള പ്രശസ്തരായ ഖുർആൻ പാരായണ വിദഗ്ധർ എത്തും. പ്രഭാഷണങ്ങൾ, മതപാഠങ്ങൾ, എക്സ്പോ ദുബൈയിലെയും ദുബൈ ഹോൾഡിങ്ങിലെയും മറ്റ് പരിപാടികൾ, ദുബൈയിൽ താമസിക്കുന്ന വിവിധ വിഭാഗങ്ങളെ പങ്കെടുപ്പിച്ച് ഇഫ്താർ തുടങ്ങിയവ നടക്കും. സ്നേഹത്തിന്റെയും സഹവർതിത്വത്തിന്റെയും മൂല്യങ്ങൾ പ്രചരിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പരിപാടികളെന്ന് അദ്ദേഹം പറഞ്ഞു.
സ്ത്രീകൾ, കുട്ടികൾ, പ്രായമായവർ, വിവിധ അറബ്, വിദേശ സമൂഹങ്ങൾ, സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾ തുടങ്ങി എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന പരിപാടികളാണ് ഉണ്ടാവുക. വാർത്ത സമ്മേളനത്തിൽ സിവിലൈസേഷൻ കമ്യൂണിക്കേഷൻ ഉപദേഷ്ടാവ് അഹമ്മദ് ഖൽഫാൻ അൽ-മൻസൂരി, ഇസ്ലാമിക് അഫയേഴ്സ് സെക്ടർ എക്സിക്യൂട്ടീവ് ഡയറക്ടർ ജാസിം മുഹമ്മദ് അൽ ഖസ്റജി, ഇൻസ്റ്റിറ്റ്യൂഷനൽ സപ്പോർട്ട് സെക്ടർ എക്സിക്യൂട്ടീവ് ഡയറക്ടർ ബുട്ടി അബ്ദുല്ല അൽ ജുമൈരി, മുഹമ്മദ് അലി മസ്ജിദ് അഫയേഴ്സ് സെക്ടർ എക്സിക്യൂട്ടിവ് ഡയറക്ടർ ബിൻ സായിദ് അൽ ഫലാസി, ചാരിറ്റബിൾ വർക്ക് സെക്ടറിന്റെ ആക്ടിങ് എക്സിക്യൂട്ടിവ് ഡയറക്ടർ മുഹമ്മദ് മുസാബ ദാഹി എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.