ദുബൈ: യു.എ.ഇയുടെ ആദ്യ ചാന്ദ്ര ദൗത്യമായ റാഷിദ് റോവർ ലക്ഷ്യത്തിലെത്താതിരിക്കാനുള്ള കാരണം ബഹിരാകാശ ഗവേഷകർ കണ്ടെത്തി. ഉയരം നിർണയിക്കുന്നതിലെ പിഴവു കാരണം ഇന്ധനം തീർന്ന് റാഷിദ് റോവറിനെ വഹിച്ച ബഹിരാകാശ പേടകം ചന്ദ്രോപരിതലത്തിൽ തകർന്നു വീഴുകയുമായിരുന്നുവെന്നാണ് കണ്ടെത്തിയത്. ദൗത്യത്തിന്റെ പരാജയകാരണം അന്വേഷിച്ച ടോക്യോ ആസ്ഥാനമായ സ്റ്റാർട്ടപ് കമ്പനിയാണ് ഇതു സംബന്ധിച്ച് വിവരം വെള്ളിയാഴ്ച പുറത്തുവിട്ടത്. ജാപ്പനീസ് കമ്പനിയായ ഐ സ്പേസ് നിർമിച്ച ഹകുട്ടോ-ആർ മിഷൻ 1 ലാൻഡർ ദൗത്യത്തിനൊപ്പമായിരുന്നു റാഷിദ് റോവർ ഉണ്ടായിരുന്നത്.
ഏപ്രിൽ 26ന് ഇത് ചന്ദ്രോപരിതലത്തിൽ സോഫ്റ്റ് ലാൻഡിങ്ങിന് ശ്രമിച്ചെങ്കിലും ഉയരം നിർണയിക്കുന്നതിൽ പരാജയപ്പെടുകയും ചന്ദ്രോപരിതലത്തിൽ ശക്തിയായി ഇടിച്ച് തകർന്നുവീഴുകയുമായിരുന്നു. ഉയരം നിയന്ത്രിക്കുന്ന സോഫ്റ്റ്വെയറിലെ തകരാറാണ് പരാജയപ്പെടാനുള്ള പ്രധാന കാരണമെന്ന് ഐസ്പേസ് വ്യക്തമാക്കി.
ചന്ദ്രോപരിതലവും ലാൻഡറുമായുള്ള ഉയരം പൂജ്യമെന്നാണ് ലാൻഡിങ് സമയത്ത് കാണിച്ചിരുന്നത്. എന്നാൽ, അഞ്ചു കിലോമീറ്റിന് മുകളിലായിരുന്നുവെന്നാണ് പിന്നീട് വ്യക്തമായത്. ;[അതേസമയം, ആദ്യ ദൗത്യം ലക്ഷ്യത്തിലെത്താത്ത സാഹചര്യത്തിൽ യു.എ.ഇ വികസിപ്പിക്കുന്ന റാഷിദ് റോവർ-2 ഉടൻ ബഹിരാകാശത്തേക്ക് അയക്കുമെന്ന് യു.എ.ഇയുടെ ബഹിരാകാശ ഏജൻസിയായ മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെന്റർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.