ദുബൈ: ഭൂമിയെ കൂടാതെ ബഹിരാകാശത്തും ജലസ്രോതസ്സുകൾ കണ്ടെത്താനുള്ള പുതിയ ദൗത്യത്തിന് തുടക്കമിട്ട് യു.എ.ഇ ബഹിരാകാശ ഗവേഷണകേന്ദ്രം. ചൊവ്വദൗത്യം വിജയകരമായി പൂർത്തീകരിച്ചതിന് പിന്നാലെയാണ് ചൊവ്വക്കും വ്യാഴത്തിനും ഇടയിൽ സ്ഥിതിചെയ്യുന്ന ജലസമൃദ്ധമെന്ന് കരുതുന്ന ഛിന്നഗ്രഹ വലയത്തിലേക്ക് പര്യടനത്തിനായുള്ള ഗവേഷണങ്ങൾക്ക് യു.എ.ഇ ബഹിരാകാശ ഗവേഷണകേന്ദ്രം തുടക്കമിട്ടിരിക്കുന്നത്. തിങ്കളാഴ്ച യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് ആൽ മക്തൂമാണ് ട്വിറ്ററിലൂടെ പുതിയ ദൗത്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. എമിറേറ്റ്സ് മിഷൻ ടു ദ ആസ്റ്ററോയ്ഡ് ബെൽറ്റ് (ഇ.എം.എ) എന്നാണ് ചിന്നഗ്രഹ ദൗത്യത്തിന്റെ പേര്.
ശൈഖ് മുഹമ്മദ് ബിൻ റാഷിദ് ആൽ നഹ്യാന്റെ പേരിലുള്ള ‘എം.ബി.ആർ എക്സ്പ്ലോറർ’ എന്ന ബഹിരാകാശ പേടകത്തെ 2028ൽ ഛിന്നഗ്രഹ വലയത്തിലേക്ക് വിക്ഷേപിക്കാനാണ് പദ്ധതി. ഇതിനായുള്ള അതിനൂതന ബഹിരാകാശ പേടകത്തിന്റെ രൂപകൽപനയെ കുറിച്ചുള്ള വിവരങ്ങളും യു.എ.ഇ ബഹിരാകാശ ഏജൻസി പുറത്തുവിട്ടു. ഛിന്നഗ്രഹങ്ങളിലേക്കുള്ള പര്യടന ദൗത്യം 2021ൽ പ്രഖ്യാപിച്ചിരുന്നുവെങ്കിലും ബഹിരാകാശ പേടകത്തിന്റെ രൂപരേഖ, മിഷൻ ഓപറേറ്റർ, ദൗത്യത്തിന്റെ ശാസ്ത്രീയമായ ലക്ഷ്യങ്ങൾ എന്നിവ സംബന്ധിച്ച വിവരങ്ങൾ പുറത്തുവിടുന്നത് ഇപ്പോഴാണ്. 2,300 കിലോഗ്രാമാണ് പേടകത്തിന്റെ ഭാരം. ഇത് സ്വയംനിയന്ത്രിതവും മടക്കാനാവുന്ന വലിയ സോളാർ പാനലുകളോട് കൂടിയതുമാണ്. അഞ്ച് ശതകോടി കിലോമീറ്റർ സഞ്ചരിച്ച് ആറ് ഛിന്നഗ്രഹങ്ങളിലൂടെ പറന്ന് ഏഴാം തീയതി പേടകം ഛിന്നഗ്രഹ വലയത്തിൽ ലാൻഡറിനെ വിന്യസിക്കും.
ശാസ്ത്രീയമായ കണ്ടുപിടിത്തങ്ങൾ കൂടാതെ ഭാവിയിൽ ഛിന്നഗ്രഹങ്ങളിലെ വിഭവസമ്പത്തുകൾ കണ്ടെത്താനുള്ള തുടക്കം കൂടിയായിരിക്കും ഇതെന്നാണ് വിലയിരുത്തൽ. ജലം കൂടാതെ ഛിന്നഗ്രഹ വലയങ്ങളിൽ ഏതാണ്ട് 700 ക്വിന്റില്യൺ ഡോളർ വിലമതിക്കുന്ന ഇരുമ്പ്, സ്വർണം, നിക്കൽ തുടങ്ങിയ ധാതുക്കളുടെ വൻശേഖരമുണ്ടെന്നാണ് അനുമാനം. സൗരയൂഥത്തിൽ ടോറസ് ആകൃതിയിൽ വ്യാപിച്ചു കിടക്കുന്ന ഒരു പ്രദേശമാണ് ഛിന്നഗ്രഹ വലയം, സൂര്യനെ കേന്ദ്രീകരിച്ച് വ്യാഴത്തിന്റെയും ചൊവ്വയുടെയും ഭ്രമണപഥങ്ങൾക്കിടയിലുള്ള ഇടമാണിത്. പല ആകൃതിയിലുള്ള നിരവധി ഛിന്നഗ്രഹങ്ങളാണ് ഇവിടെയുള്ളത്. ഇവയെ കുറിച്ചുള്ള പഠനം ഈ രംഗത്ത് പുതിയ കണ്ടെത്തലുകൾക്ക് വഴിവെക്കും.
യു.എ.ഇയെ സംബന്ധിച്ചിടത്തോളം ഛിന്നഗ്രഹ പര്യടനം ഏറ്റവും വലിയ ദേശീയ ശാസ്ത്ര പദ്ധതിയും അതുല്യമായ ആഗോള ഗവേഷണ വിജ്ഞാന പദ്ധതിയുമായിരിക്കുമെന്ന് ദൗത്യം പ്രഖ്യാപിച്ചു കൊണ്ട് ശൈഖ് മുഹമ്മദ് ട്വിറ്ററിൽ വ്യക്തമാക്കി. ബഹിരാകാശ രംഗത്ത് പ്രവർത്തിക്കുന്ന സ്വകാര്യ ഇമാറാത്തി കമ്പനികളേയും ദൗത്യത്തിന്റെ ഭാഗമാക്കുമെന്നും അദ്ദേഹം പറഞ്ഞു. കൊളറാഡോ ബൗഡർ സർവകലാശാലയിൽ അറ്റ്മോസ്ഫറിക് ആൻഡ് സ്പേസ് ഫിസിക്സ് ലബോറട്ടറി വികസിപ്പിക്കുന്നത് ഈ രംഗത്ത് പ്രവർത്തിക്കുന്ന സ്വകാര്യ ഇമാറാത്തി കമ്പനികളായിരിക്കും.
ജലസമൃദ്ധമായ ഛിന്നഗ്രഹങ്ങൾ കണ്ടെത്തിയാൽ യു.എ.ഇയെ സംബന്ധിച്ച് അത് വലിയ മാറ്റങ്ങൾക്ക് വഴിവെക്കുമെന്നാണ് വിലയിരുത്തൽ. ദൗത്യം പൂർത്തീകരിക്കാൻ 13 വർഷമെടുക്കും. ബഹിരാകാശ പേടകം വികസിപ്പിക്കുന്നതിനാണ് ഇതിൽ ആറു വർഷം വിനിയോഗിക്കുക. ബാക്കിയുള്ള ഏഴു വർഷം ഛിന്നഗ്രഹ സഞ്ചാരത്തിനായി ചെലവിടും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.