ഷാർജ: ഷാർജ യൂനിവേഴ്സിറ്റി സിറ്റിയിലെ ഷാർജ എജ്യുക്കേഷൻ അക്കാദമി കെട്ടിടം സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ഉദ്ഘാടനം ചെയ്തു. അക്കാദമിയിൽ നിന്ന് ബിരുദം നേടുന്ന വിദ്യാർഥികൾക്ക് ശൈഖ് സുൽത്താൻ ആശംസകൾ നേരുകയും ഈ മഹത്തായ വിദ്യാഭ്യാസ മന്ദിരത്തിന് സംഭാവന നൽകിയ എല്ലാവർക്കും നന്ദി അറിയിക്കുകയും ചെയ്തു.
യു.എ.ഇ ദേശീയഗാനത്തിന് ശേഷം, ഏറ്റവും പുതിയ അന്താരാഷ്ട്ര സംവിധാനങ്ങൾക്കനുസൃതമായി അധ്യാപകരെ പരിശീലിപ്പിച്ച് വിദ്യാഭ്യാസത്തിൽ ഗുണപരമായ കുതിച്ചുചാട്ടം കൈവരിക്കുന്നതിനുള്ള അക്കാദമിയുടെ വീക്ഷണത്തെയും ദൗത്യത്തെയും കുറിച്ചുള്ള വിഷ്വൽ അവതരണം സുൽത്താൻ വീക്ഷിച്ചു. ഉദ്ഘാടന ചടങ്ങിനുശേഷം, ഷാർജ എജ്യുക്കേഷൻ അക്കാദമിയും ഫിൻലൻഡിലെ ഹെൽസിങ്കി സർവകലാശാലയും തമ്മിലുള്ള സഹകരണ കരാറിൽ ചെയർപേഴ്സൺ ഡോ. മുഹദ്ദിത അൽ ഹാഷിമിയും ഹെൽസിങ്കി സർവകലാശാല വൈസ് റെക്ടർ ഡോ. ഹന്ന സ്നെൽമാനും ഒപ്പുവച്ചു.
ഇരുപക്ഷവും തമ്മിലുള്ള ശാസ്ത്രീയവും അക്കാദമികവുമായ ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനും വിദ്യാഭ്യാസത്തിലെ ഏറ്റവും മികച്ച നൂതന സമ്പ്രദായങ്ങൾ ഉപയോഗിച്ച് അധ്യാപകരെയും വിദ്യാഭ്യാസ മേഖലയെയും ശാക്തീകരിക്കാനും കരാർ ലക്ഷ്യമിടുന്നു. പ്രൊഫഷണൽ ഡെവലപ്മെൻറ്, അക്കാദമിക് ട്രാക്ക്, റിസർച്ച് ട്രാക്ക് എന്നിങ്ങനെ മൂന്ന് ട്രാക്കുകളിലൂടെ അക്കാദമി അതിെൻറ ലക്ഷ്യങ്ങൾ കൈവരിക്കാൻ പ്രവർത്തിക്കുന്നുണ്ടെന്ന് ഷാർജ എജ്യുക്കേഷൻ അക്കാദമി എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. ജെനൈൻ റൊമാനോ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.