ദുബൈ: ഒമാനെയും യു.എ.ഇയെയും ബന്ധിപ്പിക്കുന്ന ഹഫീത് റെയിൽ നിർമാണങ്ങൾക്ക് കരുത്ത് പകർന്ന് സാമ്പത്തിക കരാറുകളിൽ ഒപ്പവെച്ചു. അബൂദബിയിൽ നടക്കുന്ന ഗ്ലോബൽ റെയിൽ എക്സിബിഷന്റെ ആദ്യ ദിനത്തിൽ 150 കോടി ഡോളറിന്റെ കരാറിലാണ് ഹഫീത് റെയിൽ അധികൃതർ എത്തിയത്.
പ്രാദേശിക, അന്തർദേശീയ ബാങ്കുകൾക്ക് പുറമെ ഒമാനി, ഇമാറാത്തി ബാങ്കുകളിൽ നിന്നുമാണ് ഇത്രയും ധനസഹായം. ഇത്തിഹാദ് റെയിൽ ഡയറക്ടർ ബോർഡ് ചെയർമാനുമായ ശൈഖ് തിയാബ് ബിൻ മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാന്റെ സാന്നിധ്യത്തിലാണ് കരാർ ഒപ്പിട്ടത്.
പ്രദേശത്തിന്റെ ഗതാഗത-ലോജിസ്റ്റിക് മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് വഴിതുറക്കുന്നതാണ് പദ്ധതി. പാതയിൽ 2.5 കിലോമീറ്റർ വീതമുള്ള രണ്ട് തുരങ്കങ്ങളും 36 പാലങ്ങളും ഉണ്ടാകും. പാലത്തിന് ചിലത് 34 മീറ്റർ ഉയരമുണ്ടാകും. ഏറ്റവും നൂതന സാങ്കേതിക വിദ്യകളായിരിക്കും നിർമാണത്തിനായി ഉപയോഗിക്കുക.
അത്യാധുനിക റെയിൽ ശൃംഖല വിവിധ വ്യാവസായിക മേഖലകളെയും സാമ്പത്തിക പ്രവർത്തനങ്ങളെയും ഉത്തേജിപ്പിക്കും. ഇരു രാജ്യങ്ങൾക്കുമിടയിൽ എളുപ്പവും വേഗത്തിലുള്ളതുമായ യാത്ര സുഗമമാക്കുന്നതിലൂടെ ടൂറിസം വ്യവസായത്തിന് ഗണ്യമായ സംഭാവന നൽകുകയും ചെയ്യും.
സുഹാറിലും അൽ ഐനിലും പാസഞ്ചർ സ്റ്റേഷനുകളും ബുറൈമി, സുഹാർ, അൽ ഐൻ എന്നിവിടങ്ങളിൽ ചരക്ക് സ്റ്റേഷനുകളുമുണ്ടാകും. ഒരു ട്രെയിൻ യാത്രയിൽ 25,000 ടണിലധികം സാധാരണ ചരക്കോ 270ലധികം സ്റ്റാൻഡേർഡ് കണ്ടെയ്നറുകളോ കയറ്റിയയക്കാൻ സാധിക്കും.
മറ്റു ഗതാഗത മാർഗങ്ങളെ അപേക്ഷിച്ച് ഇതിലൂടെ കാർബൺ ബഹിർഗമനം 10 മടങ്ങ് കുറക്കാം. പദ്ധതിയിലൂടെ വൻ സാമ്പത്തിക ലാഭമുണ്ടാക്കാനും സാധിക്കും.
രണ്ട് രാജ്യങ്ങളിലെയും അഞ്ച് പ്രധാന തുറമുഖങ്ങളെയും നിരവധി വ്യാവസായിക, സ്വതന്ത്ര മേഖലകളെയും ബന്ധിപ്പിക്കുന്ന ഹഫീത് റെയിൽ പരമ്പരാഗത കര ഗതാഗത രീതികളെ അപേക്ഷിച്ച് ഷിപ്പിങ് ചെലവിൽ 40 ശതമാനത്തിന്റെ കുറവു വരുത്തുമെന്നാണ് കണക്കുകൂട്ടുന്നത്. യാത്രാസമയങ്ങളിൽ 50 ശതമാനത്തിലേറെ ലാഭിക്കാനാകുമെന്നാണ് വാഗ്ദാനം ചെയ്യുന്നത്.
ഇരു രാജ്യങ്ങളെയും ബന്ധിപ്പിക്കുന്ന 300 കി.മീറ്റർ ദൂരത്തിലുള്ള റെയിൽ ശൃംഖല നിർമിക്കുന്നതിന് 2022ൽ യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാന്റെ ഒമാൻ സന്ദർശന വേളയിൽ കരാർ ഒപ്പിട്ടിരുന്നു.
മണിക്കൂറിൽ 200 കി.മീറ്റർ വേഗത്തിൽ സഞ്ചരിക്കാൻ കഴിയുന്ന ട്രെയിനുകൾ അബൂദബിയെയും ഒമാനിലെ സുഹാറിനെയും ബന്ധിപ്പിക്കുന്ന രീതിയിലാണ് നിർമിക്കുക. ഈ പാതയിൽ ചരക്ക് ട്രെയിനുകൾ മണിക്കൂറിൽ 120 കി.മീറ്റർ വേഗത്തിൽ വരെ സഞ്ചരിക്കും. പാസഞ്ചർ ട്രെയിനുകൾ സുഹാറിനും അബൂദബിക്കുമിടയിൽ 100 മിനിറ്റിലും സുഹാറിനും അൽഐനുമിടയിൽ 47 മിനിറ്റിലും എത്തിച്ചേരും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.