ദുബൈ: ജീവിതച്ചെലവ് ഉയർന്നതോടെ വളർത്തുമൃഗങ്ങളെ തെരുവിലും ആളൊഴിഞ്ഞ വില്ലകൾക്ക് സമീപവും ഉപേക്ഷിക്കുന്നവരുടെ എണ്ണം വർധിച്ചതായി മൃഗസംരക്ഷണ വളന്‍റിയർമാർ. സാമ്പത്തിക പ്രതിസന്ധിയുടെ സാഹചര്യങ്ങളിൽ മുൻകാലങ്ങളിലും സമാന സാഹചര്യമുണ്ടായിട്ടുണ്ട്. പലരും ചെലവ് കുറക്കാൻ ആദ്യം പരിഗണിക്കുന്നത് വളർത്തുമൃഗങ്ങളെ ഒഴിവാക്കുന്നതിനാണ്. ഈ സാഹചര്യം ദിനേന വർധിക്കുന്നതിന്‍റെ സൂചനയാണ് നിലവിൽ കാണുന്നതെന്ന് വളന്‍റിയർമാർ പറയുന്നു.
ഫുജൈറ പ്രളയകാലത്തും ഉപേക്ഷിക്കപ്പെട്ട നിലയിൽ 20ലേറെ മൃഗങ്ങളെ കണ്ടെത്തിയിരുന്നു. വളന്‍റിയർമാർ ഇവയെ റീ-ഹോമിങ് സെന്‍ററുകളിലും മൃഗസംരക്ഷണ കേന്ദ്രങ്ങളിലുമായാണ് പുനരധിവസിപ്പിച്ചത്. ഇതോടെയാണ് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തുന്ന വളർത്തുമൃഗങ്ങളുടെ എണ്ണം കൂടുതലാണെന്ന് മനസ്സിലാക്കിയത്. 2008ലെ ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ കാലത്തും സമാന സാഹചര്യമുണ്ടായിരുന്നു. ജോലി നഷ്ടപ്പെട്ടും സാമ്പത്തിക പ്രയാസങ്ങളും കാരണമായി നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികളും പലപ്പോഴും വളർത്തുമൃഗങ്ങളെ ഉപേക്ഷിക്കാറുണ്ട്. സാമ്പത്തിക പ്രതിസന്ധി കാരണമായി ഇവയെ വാങ്ങാൻ ആളുകളെ കണ്ടെത്താൻ കഴിയാത്തതാണ് ഉപേക്ഷിക്കാൻ കാരണമാകുന്നത്.
ഉമ്മുൽഖുവൈനിലെ തെരുവ് നായ്ക്കൾക്ക് വേണ്ടിയുള്ള സെന്‍ററിൽ 852 എണ്ണത്തിനാണ് ഇപ്പോൾ അഭയം നൽകിയിട്ടുള്ളത്. ഇതോടെ ഇനി വരുന്നവക്ക് പുതുതായി സൗകര്യം ആവശ്യമായി വന്നിട്ടുണ്ട്.
ആഴ്ചയിൽ 10 വീതം വളർത്തുമൃഗങ്ങളാണ് ഉടമകൾ ഉപേക്ഷിച്ച് സെൻററിൽ എത്തുന്നതെന്ന് കേന്ദ്രത്തിന്‍റെ സ്ഥാപകയും മാനേജറുമായ അമിറ വില്യം പറഞ്ഞു. ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ഈ അഭയകേന്ദ്രത്തിന് കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി മന്ത്രാലയമാണ് സഹായം നൽകുന്നത്. സ്വകാര്യ-പൊതു പങ്കാളിത്തത്തോടെ കൂടുതൽ പദ്ധതികൾ ആവിഷ്കരിക്കലാണ് പ്രശ്നം പരിഹരിക്കാൻ വഴിയെന്ന് ഈ മേഖലയിലെ വളന്‍റിയർമാർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.