കൃഷിയുടെയും ടൂറിസത്തിന്‍റെയും സാധ്യതകൾ സമന്വയിപ്പിച്ച് യു.എ.ഇയുടെ ‘അഗ്രിടൂറിസം’ പദ്ധതി

ലോകത്തെ ഏറ്റവും മികച്ച സംവിധാനങ്ങളും വലുപ്പമേറിയ സന്നാഹങ്ങളും ഒരുക്കുന്നതിൽ ദുബൈ എക്കാലവും ഒരുപടി മുന്നിലാണ്. കണ്ണെത്താ ദൂരത്തോളം പരന്നു കിടക്കുന്ന മരുഭൂമിയെ കരുത്തായി സ്വീകരിച്ച് അവിശ്വസനീയമായ നിരവധി സംരംഭങ്ങളെ ഈ നഗരം വിജയിപ്പിച്ചു. അസാധ്യമെന്നത് നിഘണ്ടുവിൽ നലന്ന് വെട്ടിമാറ്റിയാണ് ഈ മുന്നേറ്റം സാധ്യമാക്കിയത്. ഇപ്പോഴിതാ ലോകത്തിലെ ഏറ്റവും വലിയ കാർഷിക-വിനോദ സഞ്ചാര കേന്ദ്രം നിർമിക്കാനുള്ള പദ്ധതി തയാറാക്കിയിരിക്കുകയാണ്. ഈ മരുഭൂമിയിൽ കൃഷിയോ എന്ന ചോദ്യത്തിന് പല ഉത്തരങ്ങൾ ദുബൈ നൽകിക്കഴിഞ്ഞു.

വെർട്ടിക്കൽ ഫാമിങും മരുഭൂമിയിൽ വളരുന്ന ചെടികൾ പ്രത്യേകം തെരഞ്ഞെടുത്ത് ഫാമിങ്നടത്തുന്ന രീതിയും എല്ലാം പരീക്ഷിക്കുകയും വിജയിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇതിന്‍റെയെല്ലാം വെളിച്ചത്തിൽ സാധ്യതകൾ ഉപയോഗപ്പെടുത്തിയാണ് വിപുലമായ ‘അഗ്രി ടൂറിസം ഹബ്ബ്’ നിർമിക്കുന്നത്. മരുഭൂമിയിൽ കൃഷിയുടെയും ടൂറിസത്തിന്‍റെയും സാധ്യതകൾ സമന്വയിപ്പിച്ചാണ് വൻ പദ്ധതി ഒരുങ്ങുന്നത്. സുസ്ഥിര നഗരങ്ങളുടെ നിർമാണത്തിൽ മുന്നിട്ടുനിൽക്കുന്ന യു.ആർ.ബി കമ്പനിയാണ് വമ്പൻ ‘അഗ്രിഹബ്’ പദ്ധതി പ്രഖ്യാപിച്ചത്.

ഭക്ഷ്യസുരക്ഷ, വിനോദം, സാഹസികത എന്നിവ ചേരുന്ന ലോകത്തെ ഏറ്റവും വലിയ ‘അഗ്രിടൂറിസം’ പദ്ധതിയിലൂടെ 10,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുമെന്ന് അധികൃതർ അവകാശപ്പെടുന്നു. ലോകത്തിലെ ഏറ്റവും മികച്ച ഗ്രാമീണ സന്ദർശക കേന്ദ്രമായി ദുബൈയെ പരിവർത്തിപ്പിക്കാൻ കേന്ദ്രം സഹായിക്കുമെന്ന് യു.ആർ.ബി കമ്പനി അവകാശപ്പെടുന്നു.


സന്ദർശകർക്ക് പുതിയ പരിസ്ഥിതി സൗഹൃദ ഷോപ്പിങ്, ഡൈനിങ്, എജ്യൂടൈൻമെന്‍റ് അനുഭവം നൽകുന്ന ഇവിടെ പ്രാദേശിക കർഷകരുടെ ഫാമുകളിൽ നിന്ന് നേരിട്ട് ഉൽപ്പന്നങ്ങൾ എത്തിച്ച് വിൽക്കാൻ ഇടമുണ്ടാകും. പ്രകൃതി-പൈതൃക സംരക്ഷണ കേന്ദ്രം, ഇക്കോടൂറിസം കേന്ദ്രം, അഗ്രി-ടെക് ഇൻസ്റ്റിറ്റ്യൂട്ട്, വെൽനസ് സെന്‍റർ എന്നിവയും പുതിയ ഹബ്ബിൽ ഉണ്ടാകും. സമ്പൂർണമായും പുനരുപയോഗപ്രദമായ ഊർജം ഉപയോഗിക്കുന്ന ഹബ്ബിൽ വെള്ളം പൂർണമായും റീസൈക്ലിങിന് വിധേമാക്കും. 20കി. മീറ്റർ സൈക്ലിങ് ട്രാക്കും ഇതിന്‍റെ ഭാഗമായി ഒരുക്കുന്നുണ്ട്.

വിപുലമായ സംവിധാനം പൂർണാർഥത്തിൽ ലോകത്തിന് പുതു അനുഭവമായിരിക്കും. അതിഗംഭീരമായ വിനോദസഞ്ചാര സൗകര്യങ്ങളും ക്യാമ്പുകൾക്കും പരിപാടികൾക്കും യോജിച്ച ഭാഗങ്ങളും ഇതിലുണ്ടാകും. എല്ലാവിധ നൂതന സാങ്കേതികവിദ്യകളും ഉപയോഗപ്പെടുത്തിയാണ് ഇതിന്‍റെ നിർമാണം ആസൂത്രണം ചെയ്തിരിക്കുന്നത്.

ആരോഗ്യവും ക്ഷേമവും സമൃദ്ധിയും പ്രോത്സാഹിപ്പിക്കുന്ന പദ്ധതി ആത്യന്തികമായി, ഭാവിയിലെ ഡീകാർബണൈസ്ഡ് ഗ്രാമീണ ടൂറിസം കേന്ദ്രങ്ങളുടെ നൂതനമായ ഒരു ബ്ലൂപ്രിന്‍റായി പ്രവർത്തിക്കും. പദ്ധതി നടപ്പിലാക്കുന്നതിനുള്ള സ്ഥലത്തിന് വേണ്ടി ആദ്യഘട്ട പഠനങ്ങൾ നടന്നിട്ടുണ്ട്. 2024ഓടെ കൃത്യമായ സ്ഥലം നിർണയം പൂർത്തിയാക്കും. 2025ൽ നിർമ്മാണം ആരംഭിച്ച് 2030ഓടെ പൂർത്തിയാക്കാനാണ് കമ്പനി പദ്ധതിയിടുന്നത്.

Tags:    
News Summary - The UAE's 'Agritourism' project combines the potential of agriculture and tourism

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.