നീണ്ട ഇടവേളക്ക് ശേഷം വിദ്യാലയങ്ങൾ വീണ്ടും തുറക്കുമ്പോൾ പല വികാരങ്ങളാണ് ചുറ്റും. സ്കൂളിൽ പോകാനുള്ള ആവേശത്തിൽ തന്നെയാണ് കുട്ടികൾ, ആവശ്യമായ ഒരുക്കങ്ങളിൽ മുഴുകി അധ്യാപകരും രക്ഷിതാക്കളും. സ്കൂളിൽ എെൻറ ഒരധ്യാപിക ഒരിക്കൽ അവർ കാണാറുള്ള സ്വപ്നത്തെക്കുറിച്ച് പറയുകയുണ്ടായി. കണക്ക് പരീക്ഷ നടക്കുന്നു. നന്നായി പഠിച്ചിട്ടുണ്ടെങ്കിലും എത്ര ശ്രമിച്ചിട്ടും ഉത്തരങ്ങൾ എഴുതി തീർക്കാൻ കഴിയുന്നില്ല. പിന്നെ വെപ്രാളപ്പെട്ട് ഞെട്ടി എഴുന്നേൽക്കും. എത്രയോ ബാച്ചിലെ കുട്ടികളെ പഠിപ്പിച്ച ടീച്ചർക്ക് ഇപ്പോഴും ഇതാണോ ഭയം എന്നൊക്കെ പറഞ്ഞ് ഞങ്ങൾ ചിരിച്ചതോർമയുണ്ട്.
വിദ്യാഭാസ രീതികളിൽ കാതലായ മാറ്റം സംഭവിച്ചിട്ടുണ്ടെങ്കിലും, സ്കൂൾ എന്നത് ഇന്നും കുട്ടികളുടെ ജീവിതത്തിലെ പ്രധാനമായ ഒരിടമാണ്. അറിവ് നേടുന്നതോടൊപ്പം സാമൂഹിക ഇടപെടലുകളുടെ ആദ്യ പാഠങ്ങൾ അവർ സ്വായത്തമാക്കുന്നത് ഇവിടെ വെച്ചാണ്. വിദ്യാർത്ഥികളിൽ വലിയ പ്രതീക്ഷയർപ്പിക്കുകയും നേടുന്നതിനായി സമ്മർദം സൃഷ്ടിക്കുകയും ചെയ്യുന്ന ഒരു സംസ്കാരമാണ് പൊതുവെയുള്ളത്. അതിനാൽ സ്കൂളിലേക്ക് മടങ്ങുന്നതിനെ കുറിച്ച് അൽപം ഉത്കണ്ഠയൊക്കെ കുട്ടികളിൽ സാധാരണമാണ്.
ദീർഘമായ അവധിക്കാലത്ത് ശീലിച്ച പതിവുകളിൽ നിന്ന് വ്യത്യസ്തമായ പുതിയ രീതികളോട് ഇണങ്ങാനും കുറച്ച് ദിവസങ്ങൾ വേണ്ടി വന്നേക്കാം. സ്കൂളുമായി ബന്ധപ്പെട്ട ഉത്കണ്ഠ(Anxiety)ചില കുട്ടികളിൽ പ്രശ്നമായിത്തീരാം. കുട്ടികൾക്കും കൗമാരക്കാർക്കും അവരുടെ പ്രയാസങ്ങളെ കുറിച്ച് മുതിർന്നവരെ പോലെ തുറന്ന് സംസാരിക്കാൻ സാധിച്ചെന്ന് വരില്ല. ചിലപ്പോൾ ശാരീരിക ബുദ്ധിമുട്ടുകളായിട്ടായിരിക്കാം ഇത്തരത്തിലുള്ള ഉത്കണ്ഠ പ്രകടമാവുക. മറ്റ് കാരണങ്ങൾ കൊണ്ടല്ലാതെ ഇടക്കിടെയുള്ള തലവേദന, വയറുവേദന, ഓക്കാനം തുടങ്ങിയവയൊക്കെ അതിെൻറ ലക്ഷണങ്ങളാവാം.
ഈ സാഹചര്യത്തിൽ പ്രഫഷണൽ സഹായം തേടുകയാണ് വേണ്ടത്. മഹാമാരിക്കാലത്തെ സ്കൂൾ വിദ്യാഭ്യാസം പുതിയ വെല്ലുവിളികളും ഉയർത്തുന്നുണ്ട്. പല വിധത്തിലാണ് നിലവിലെ പ്രതിസന്ധി കുടുംബങ്ങളെ ബാധിച്ചിട്ടുണ്ടാവുക. ബന്ധുക്കളുടെ മരണം, അകലെയുള്ള ഉറ്റവരെ കാണാതിരിക്കൽ, സാമ്പത്തിക നഷ്ടം തുടങ്ങിയവയൊക്കെ തരണം ചെയ്തുകൊണ്ടിരിക്കുന്ന കുട്ടികളാവാം നിങ്ങളുടെ മുമ്പിൽ ഇരിക്കുന്നതെന്ന് അധ്യാപകരുടെ ഓർമയിലുണ്ടാകണം. ഇല്ലെങ്കിൽ കുട്ടികളിൽ അത് വലിയ സമ്മർദം സൃഷ്ടിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.