ദുബൈ: എമിറേറ്റിലെ സ്കൂൾ വിദ്യാർഥികൾക്കായി ദുബൈ പൊലീസ് സംഘടിപ്പിക്കുന്ന വാർഷിക ശൈത്യകാല ക്യാമ്പിന്റെ 10ാമത് എഡിഷന് തിങ്കളാഴ്ച തുടക്കമാകും. ജനറൽ ഡിപ്പാർട്മെന്റ് ഓഫ് ആന്റി നാർകോട്ടിക്സിലെ ഹിമായ ഇന്റർനാഷനൽ സെന്ററിന്റെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.
ദുബൈയിലുടനീളമുള്ള ഏഴ് പരിശീലന കേന്ദ്രങ്ങളിൽനിന്നായി 28 രാജ്യങ്ങളെ പ്രതിനിധാനംചെയ്ത് 11നും 18നും ഇടയിൽ പ്രായമുള്ള 500 വിദ്യാർഥികൾ ക്യാമ്പിൽ പങ്കെടുക്കും. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം കേന്ദ്രങ്ങളിലാണ് പരിശീലനം. അൽ ബർശ നോർത്തിലെ സായിദ് എജുക്കേഷൻ കോംപ്ലക്സ്, അൽ വർഖയിലെ സായിദ് എജുക്കേഷൻ കോംപ്ലക്സ്, ഹത്തയിലെ റാശിദ് സഈദ് സ്കൂൾ, ജനറൽ ഡിപ്പാർട്മെന്റ് ഓഫ് ട്രാൻസ്പോർട്ട് ആൻഡ് റസ്ക്യൂ എന്നിങ്ങനെ നാല് കേന്ദ്രങ്ങളിലാണ് ആൺകുട്ടികളുടെ ക്യാമ്പ്. പെൺകുട്ടികൾക്കായി അൽ ബർശ സൗത്ത്, അൽ മിശർ എന്നിവിടങ്ങളിലെ സായിദ് എജുക്കേഷൻ കോംപ്ലക്സുകൾ, ഹത്ത 2ലെ സ്കൂൾ എന്നിങ്ങനെ മൂന്ന് കേന്ദ്രങ്ങളും ഒരുക്കിയിട്ടുണ്ട്.
നീന്തൽ പരിശീലനം ഉൾപ്പെടെ ലൈഫ് സ്കിൽ ഇനത്തിലുള്ള പരിശീലന പരിപാടികൾ കുട്ടികൾക്കായി ഒരുക്കും. കൂടാതെ മയക്കുമരുന്നിന്റെ ഉപയോഗം, റാഗിങ്, സൈബർ കുറ്റകൃത്യങ്ങൾ, തെറ്റായ സ്വാധീനം, ഗതാഗത നിയമങ്ങളുടെ ലംഘനം തുടങ്ങിയ വിഷയങ്ങളിലും ബോധവത്കരണ ക്ലാസുകൾ നൽകും. അതോടൊപ്പം 901 കാൾ സെന്റർ, ദുബൈ പൊലീസ് മ്യൂസിയം, സ്മാർട്ട് പൊലീസ് സ്റ്റേഷനുകൾ, റൈപ് മാർക്കറ്റ്, ഷൂട്ടിങ് റേഞ്ചുകൾ എന്നിവിടങ്ങളിൽ സന്ദർശിക്കാനും കുട്ടികൾക്ക് അവസരം നൽകും.
പോസിറ്റിവ് സ്പിരിറ്റ് മാരത്തൺ, ഇ-സ്പോർട്സ് ടൂർണമെന്റ് എന്നിവയിൽ കുട്ടികൾക്ക് പങ്കെടുക്കാം. കുട്ടികളുടെ കഴിവുകൾ പരിപോഷിപ്പിക്കുന്നതിനായി 1980 മുതൽ ദുബൈ പൊലീസ് നടത്തിവരുന്ന ശ്രമങ്ങളുടെ ഭാഗമായുള്ളതാണ് ഇത്തരം ശൈത്യകാല ക്യാമ്പുകളെന്ന് ഹിമായ ഇന്റർനാഷനൽ സെന്റർ ഡയറക്ടർ ബ്രിഗേഡിയർ ഡോ. അബ്ദുൽ റഹ്മാൻ ശറഫ് അൽ മമാരി പറഞ്ഞു.
പ്രായ, ദേശ വ്യത്യാസമില്ലാതെ വിദ്യാർഥികളിൽ സുരക്ഷാവബോധം ഉയർത്തുന്നതിനായി രൂപകൽപന ചെയ്ത വിവിധ പരിപാടികളാണ് ക്യാമ്പിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.