ഷാർജ: എമിറേറ്റിൽ യുവാവ് കുത്തേറ്റ് മരിച്ചു. അൽ സയൂഹ് ഭാഗത്ത് ചൊവ്വാഴ്ച അർധരാത്രിയാണ് സംഭവം. 27കാരനായ ഇമാറാത്തി യുവാവാണ് മരിച്ചതെന്ന് ഷാർജ പൊലീസ് അറിയിച്ചു. ആക്രമികൾ ഇയാളുടെ കാലിൽ മൂന്നുതവണ കുത്തിപ്പരിക്കേൽപിക്കുകയായിരുന്നു. സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്ന രണ്ട് ഇമാറാത്തി പൗരന്മാരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവം നടന്ന് 12 മണിക്കൂറിനുള്ളിൽ തന്നെ പ്രതികളെ പിടികൂടാനായതായി പൊലീസ് വ്യക്തമാക്കി. അൽ സുയൂഹ് ഭാഗത്ത് ചൊവ്വാഴ്ച അർധരാത്രി 12.40നാണ് സംഭവം നടന്നതെന്നാണ് സംശയിക്കുന്നത്. വാക്കുതർക്കത്തിനിടെ കുത്തേറ്റ യുവാവിനെ സുഹൃത്ത് ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും വൈകാതെ മരിച്ചു.
ഷാർജ ആശുപത്രിയിലെ പൊലീസ് ഉദ്യോഗസ്ഥനാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. സംഭവത്തിൽ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്മെന്റ് ടീം കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പോസ്റ്റുമോർട്ടത്തിനായി മൃതദേഹം ഫോറൻസിക് ലബോറട്ടറിയിലേക്ക് മാറ്റിയതായും ഷാർജ പൊലീസ് അറിയിച്ചു. പ്രഫഷനൽ ആവശ്യങ്ങൾക്കല്ലാതെ കത്തികൾ, ബ്ലേഡുകൾ, ചുറ്റിക, മൂർച്ചയുള്ള മറ്റ് ഉപകരണങ്ങൾ എന്നിവ കൊണ്ടുനടക്കുന്നത് യു.എ.ഇ നിയമപ്രകാരം ശിക്ഷാർഹമായ കുറ്റമാണ്. 2022ലാണ് ഇതുസംബന്ധിച്ച ഫെഡറൽ നിയമം പാസാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.