ദുബൈ: യു.എ.ഇയുടെ ഈവർഷത്തെ സായിദ് ഹ്യൂമൻ ഫ്രറ്റേണിറ്റി അവാർഡുകൾ പ്രഖ്യാപിച്ചു. ഇന്തോനേഷ്യയിലെ രണ്ട് ഇസ്ലാമിക സംഘടനകൾക്കും മാനുഷിക പ്രവർത്തനത്തിന് മാതൃകയായ ഈജിപ്ഷ്യൻ ശസ്ത്രക്രിയാ വിദഗ്ധൻ ഡോ. മഗ്ദി യാക്കൂബ്, ചിലിയിലെ കന്യാസ്ത്രീ സിസ്റ്റർ നെല്ലി ലിയോൺ കോറേയ എന്നിവർക്കുമാണ് ഈവർഷത്തെ അവാർഡ്.
ഇന്തോനേഷ്യയിലെ ഏറ്റവും വലിയ ഇസ്ലാമിക സംഘടനകളായ നഹ്ലത്തുൽ ഉലമ, മുഹമ്മദിയ്യ എന്നിവയാണ് ഈവർഷത്തെ സായിദ് മാനവ സാഹോദര്യ പുരസ്കാരത്തിന് തെരഞ്ഞെടുത്ത രണ്ട് സംഘടനകൾ. 19 കോടി അംഗങ്ങളുള്ള ഈ സംഘടനകൾ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രികൾ എന്നിവയിലൂടെ സാഹോദര്യവും സഹവർത്തിത്വവും പ്രോത്സാഹിപ്പിക്കുന്ന പ്രവർത്തനങ്ങൾ കാഴ്ചവെച്ചതിനാണ് ആദരിക്കപ്പെടുന്നത്.
ദരിദ്ര രാജ്യങ്ങളിൽ പാവപ്പെട്ടവർക്കും, കുട്ടികൾക്കും ഹൃദയശസ്ത്രക്രിയക്ക് അവസരമൊരുക്കി നിരവധി ജീവനുകൾ രക്ഷിച്ച ഈജിപ്ഷ്യൻ ഹൃദയശസ്ത്രക്രിയ വിദഗ്ധൻ ഡോ. മഗ്ദി യാക്കൂബാണ് അവാർഡിന് തിരഞ്ഞെടുക്കപ്പെട്ട വ്യക്തിത്വം. ഈജിപ്തിലെ മഗ്ദി യാക്കൂബ് ഫൗണ്ടേഷൻ, യു.കെയിലെ ഹോപ് ചാരിറ്റബിൽ ഓർഗനൈസേഷൻ എന്നിവയുടെ സ്ഥാപകനാണ്. ഇത്യോപ്യ, മൊസംബിക്, റുവാണ്ട എന്നിവിടങ്ങളിൽ ഹൃദയ പരിശോധനാ കേന്ദ്രങ്ങൾ തുറക്കാൻ മുൻകൈയെടുത്തതും ഇദ്ദേഹത്തെ ആദരവിന് അർഹനാക്കി.
തടവിൽ കഴിയുന്ന വനിതകൾക്കായി നടത്തുന്ന പ്രവർത്തനങ്ങളാണ് മദർ നെല്ലി എന്നറിയപ്പെടുന്ന സിസ്റ്റർ നെല്ലി ലിയോൺ കോറേയയയെ പുരസ്കാരത്തിന് അർഹയാക്കിയത്. തടവുകാരികളെ ജയിലിൽ കഴിയുന്ന കാലത്ത് തന്നെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനും ശിക്ഷാ കാലയളവിന് ശേഷം മാന്യമായി ജീവിക്കാനും അവസരമൊരുക്കുന്ന വുമാൻ സ്റ്റാൻഡിങ് അപ്പ് ഫൗണ്ടേഷന്റെ പ്രസിഡന്റാണ് സിസ്റ്റർ നെല്ലി. ഈമാസം അഞ്ചിന് അബൂദബിയിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരങ്ങൾ സമ്മാനിക്കും. മാനവിക സാഹോദര്യത്തിനായി സംഭാവനകളർപ്പിക്കുന്നവർക്ക് യു.എ.ഇ രാഷ്ട്രപിതാവിന്റെ പേരിൽ ഏർപ്പെടുത്തിയ പുരസ്കാരമാണ് സായിദ് അവാർഡ് ഫോർ ഹ്യൂമൻ ഫ്രറ്റേണിറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.