പ്രമേഹത്തിനും പൊണ്ണത്തടിക്കും കുത്തിവെപ്പ്

ആബാലവൃദ്ധം ജനങ്ങളെയും ഇന്ന് ഒരുപോലെ അലട്ടുന്ന പ്രശ്നങ്ങളാണ് പ്രമേഹവും പൊണ്ണത്തടിയും. പൊതുജനാരോഗ്യത്തെ തകിടംമറിക്കുന്ന ഈ ഇരട്ടമാരണങ്ങളാണ്  ഇന്ന് ലോകം നേരിടുന്ന ഏറ്റവും വലിയ ആരോഗ്യപ്രശ്നങ്ങള്‍.  ജീവിത ശൈലീരോഗങ്ങളായ ഇവ രണ്ടും ഇന്ന് പ്രവാസികളില്‍ വളരെ കൂടുതലാണ്. അലസജീവിതത്തിന്‍െറയും അനാരോഗ്യപരമായ ആഹാരരീതിയുടെയും ആകത്തുക തന്നെയാണ് ഈ ദുരവസ്ഥയ്ക്ക് പ്രധാന കാരണം
ഇന്ന് ലോകത്താകമാനം ഏകദേശം 100 കോടി ജനങ്ങള്‍ അധികഭാരമുള്ളവരാണ്. അതില്‍, 30 കോടിയിലേറെ പേര്‍ പൊണ്ണത്തടിയുള്ളവരും. 35 കോടിയിലേറെ പേരാണ് പ്രമേഹബാധിതരായി ലോകത്തുള്ളത്. പ്രമേഹം കൊണ്ട് മാത്രം 15 ലക്ഷം പേരാണ് പ്രതിവര്‍ഷം മരിക്കുന്നത്. ഇവയൊക്കെ ഒരു ഇന്‍ജെക്ഷന്‍ കൊണ്ട് ചികിത്സിക്കാന്‍ കഴിയുക എന്നത്  നടക്കാത്ത ഒരു സുന്ദര സ്വപ്നമായിത്തന്നെ ഇന്നും അവശേഷിക്കുന്നു.
പ്രമേഹ ചികിത്സയുടെ അടിസ്ഥാനം നിത്യവ്യായാമവും ഭക്ഷണക്രമീകരണവുമാണ്. മൂന്നാം സ്ഥാനം മാത്രമേ മരുന്നുകള്‍ക്കുള്ളൂ. ആരംഭദശയില്‍ പല പ്രമേഹരോഗികള്‍ക്കും മരുന്നില്ലാതെതന്നെ, ജീവിതചര്യയിലുണ്ടാക്കുന്ന ആരോഗ്യകരമായ മാറ്റങ്ങളിലൂടെ പഞ്ചസാരയുടെ അളവ് സാധാരണ നിലയിലത്തെിക്കാന്‍ കഴിയും. എന്നാല്‍, ചിലരില്‍ മരുന്നുകളുടെ സഹായം ആവശ്യമായി വരും. പ്രമേഹ ചികിത്സക്ക് ഇന്ന് അനവധി മരുന്നുകള്‍ ലഭ്യമാണ്. അതില്‍ പ്രമേഹ  ചികിത്സക്കും വണ്ണം കുറക്കുന്നതിനും സഹായിക്കുന്ന ഒരു ഇന്‍ജെക്ഷനാണ് ലിറാഗൂട്ടൈഡ്. വിക്റ്റോസ എന്ന ഉല്‍പന്നനാമത്തില്‍ അറിയപ്പെടുന്ന ഈ മരുന്ന് കുത്തിവെക്കുകയാണ് ചെയ്യുന്നത്. നമ്മള്‍ സാധാരണ അന്നജം ഉള്ള ആഹാര സാധനങ്ങള്‍ കഴിക്കുമ്പോള്‍ കുടലില്‍ ഉല്‍പാദിപ്പിക്കപ്പെടുന്ന ഇന്‍ക്രിറ്റിന്‍ എന്ന ഹോര്‍മോണിന് സമമായ ഈ മരുന്ന് ശരീരത്തില്‍ ഇന്‍സുലിന്‍െറ ഉല്‍പാദനം വര്‍ധിപ്പിക്കുന്നു. കൂടാതെ, ആഹാര പദാര്‍ഥങ്ങള്‍ ആമാശയത്തില്‍ നിന്ന് പെട്ടെന്ന് ചെറുകുടലിലേക്ക് കടത്തിവിടാതെ അവയുടെ ആഗിരണം വൈകിക്കുകയുംചെയ്യുന്നു. ഇതും പഞ്ചസാരയുടെ അളവ് കുറക്കാന്‍ സഹായിക്കും. പഞ്ചസാരയുടെ അളവ് വര്‍ധിപ്പിക്കുന്ന ഗ്ളൂക്കോണ്‍ എന്ന ഹോര്‍മോണിന്‍െറ  പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തുന്നതിലൂടെയും പഞ്ചസാരയുടെ അളവ് കുറക്കുന്നു. ഈ മരുന്നിന്‍െറ  മറ്റൊരു പ്രധാന പ്രവര്‍ത്തനത്തിന്‍െറ ഫലമായി വിശപ്പ് കുറയുന്നു. ഇത് വണ്ണം കൂടുതലുള്ളവര്‍ക്ക് വണ്ണം കുറയുന്നതിന് സഹായിക്കും.
ഈ മരുന്നിന് അലര്‍ജിയുള്ളവര്‍ക്കും പാന്‍ക്രിയാറ്റെറ്റിസ് രോഗം വന്നിട്ടുള്ളവര്‍ക്കും  തൈറോയ്ഡ് കാന്‍സര്‍ വരാന്‍ സാധ്യതയുള്ളവര്‍ക്കും ഈ മരുന്ന് കൊടുക്കാന്‍ പാടില്ല. പ്രമേഹത്തിനും പൊണ്ണത്തടിക്കും ഒരേപോലെ ഉപകരിക്കുന്ന ഈ മരുന്നിന്‍െറ വില സാധാരണക്കാര്‍ക്ക് താങ്ങാവുന്നതിലുമപ്പുറമാണ്.
ഒരു മാസത്തെ ചെലവ് 4,000 രൂപമുതല്‍ 8,000 രൂപവരെയാകും. ഇന്‍സുലിന്‍ കുത്തിവെക്കുന്നതുപോലെ തൊലിക്കടിയില്‍ കുത്തിവെക്കുന്ന ഈ മരുന്ന് ഇന്‍സുലിന്‍ ലഭിക്കുന്നതുപോലെ ‘പേനയായിട്ടാണ’ കിട്ടുന്നത്. ഒരു പേന ഒരുമാസത്തെ ഉപയോഗത്തിന് തികയില്ല. പലപ്പോഴും രണ്ടു പേനയോ ചിലപ്പോള്‍ മൂന്നു പേനയോ വേണ്ടിവരും, പ്രത്യേകിച്ചും വണ്ണം കുറയുവാന്‍. അങ്ങനെയെങ്കില്‍ ചികിത്സാഭാരം ഇനിയും വര്‍ധിക്കും. ടൈപ്പ് 2. പ്രമേഹക്കാരിലാണ് ഈ ചികിത്സ പ്രയോജനപ്പെടുന്നത്.
കഴിക്കുന്ന മറ്റ് മരുന്നുകള്‍ക്കൊപ്പം ഒരു ദിവസം ഒരു ഇന്‍ജെക്ഷന്‍ എന്ന കണക്കേ ഈ മരുന്നും പ്രയോഗിക്കൂ. 2009 മുതല്‍ ഇത് ഉപയോഗത്തിലുണ്ടെങ്കിലും താങ്ങാനാവാത്ത ചികിത്സാഭാരം കാരണം ഇത് അത്രത്തോളം ജനപ്രീതി നേടിയിട്ടില്ല. എന്നിരുന്നാലും, പൊണ്ണത്തടിയും പ്രമേഹവും ഒന്നിച്ചുള്ളവര്‍ക്ക് ചെലവ് വഹിക്കുവാന്‍ കഴിയുമെങ്കില്‍ ഉപയോഗിക്കുന്ന മരുന്നിനോടൊപ്പം ഇത് കൂടെ ചേര്‍ക്കുകയാണെങ്കില്‍ മറ്റു മരുന്നുകളുടെ ഡോസ് കുറക്കാനും വണ്ണം കുറയുന്നതിനും പ്രമേഹം  ഭേദമാവാനും ഇത് സഹായകമാവും.

(ലേഖകന്‍ കോഴിക്കോട് ഇഖ്റ ഹോസ്പിറ്റലിലെ ഫിസിഷ്യനും പ്രമേഹരോഗ വിദഗ്ധനുമാണ്)

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.