ന്യൂയോർക്: നാലു മാസം മുമ്പ് ചൈനയിൽ തുടങ്ങി ലോകം മുഴുക്കെ ദുരന്തമായി പടർന്ന കോവിഡ് മഹാമാരിക്കെതിരെ മരുന്ന് വികസിപ്പിക്കാനുള്ള ശ്രമങ്ങൾക്ക് ഇരട്ടിവേഗം. സർക്കാറുകൾ, മരുന്ന് ഭീമൻമാർ, ബയോടെക് കമ്പനികൾ, അക്കാദമിക ലബോറട്ടറികൾ എന്നിവയുടെ പിന്തുണയോടെ 90 ഓളം പദ്ധതികളാണ് അണിയറയിൽ തിരക്കിട്ട് ഒരുങ്ങുന്നത്.
ഇവയിൽ ഏഴെണ്ണം പ്രാഥമിക പരിശോധന പൂർത്തിയാക്കി മനുഷ്യരിൽ പരീക്ഷണത്തിന് സജ്ജമായിട്ടുണ്ട്. പ്രതിരോധവും മരുന്നുമില്ലാതെ കുഴങ്ങിയ സർക്കാറുകൾ സമ്മർദം ശക്തമാക്കുകയും വിപണി സാധ്യത പരകോടിയിൽ നിൽക്കുകയും ചെയ്യുന്ന ഘട്ടമായതിനാൽ അതിവേഗമാണ് നടപടിക്രമങ്ങൾ പുരോഗമിക്കുന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു.
വിവിധ തലങ്ങളിൽ പരിശോധന ആവശ്യമുള്ളതിനാൽ ഏറ്റവും ചുരുങ്ങിയത് 10 മാസം കഴിയാതെ ഇവ വിപണി പിടിക്കില്ലെന്നാണ് സൂചന. ചിലപ്പോൾ 10 വർഷം വരെയെടുക്കാം. പ്രതിരോധ കുത്തിവെപ്പിനെക്കാൾ വേഗത്തിൽ രോഗികൾക്ക് മരുന്ന് വികസിപ്പിക്കുന്നതിന് മുൻഗണന നൽകുന്നതും പരിഗണനയിലുണ്ട്. ഇബോളക്കെതിരെ ഉപയോഗിച്ചിരുന്ന ‘റെംഡെസിവിർ’ മരുന്ന് കോവിഡിനെതിരെയും ഫലം കണ്ടുതുടങ്ങിയത് ആശ്വാസം നൽകുന്നുണ്ട്.
ചൈനയും യു.എസും തമ്മിൽ വൈറസിനെ ചൊല്ലി തുടരുന്ന പോര് മരുന്ന് വികസിപ്പിക്കുന്നതിനെയും ബാധിക്കുന്നുണ്ട്. ഈ രംഗത്ത് അമേരിക്കൻ കമ്പനികളുടെ ഗവേഷണങ്ങൾ ചൈനക്ക് കൈമാറരുതെന്ന് യു.എസ് സർക്കാർ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. യു.എസിലെ ‘മോഡേണ’, ജോൺസൺ ആൻഡ് ജോൺസൺ എന്നീ കമ്പനികൾ നിർമാതാക്കളുമായി സഹകരണകരാർ ഇതിനകം പ്രഖ്യാപിച്ചുകഴിഞ്ഞിട്ടുണ്ട്. വർഷാവസാനത്തോടെ നൂറുകോടി ഡോസ് മരുന്ന് വിപണിയിലെത്തിക്കുമെന്നാണ് ജോൺസൺ ആൻഡ് ജോൺസെൻറ വാഗ്ദാനം. ഓക്സ്ഫഡ് യൂനിവേഴ്സിറ്റി ആസ്ഥാനമായി മരുന്ന് വികസനം അതിേവഗം പുരോഗമിക്കുകയാണെന്ന് ബ്രിട്ടീഷ് മരുന്ന് നിർമാതാക്കളായ ആസ്ട്രസെനിക്കയും അറിയിച്ചിട്ടുണ്ട്.
മനുഷ്യരിലെ പരീക്ഷണമാണ് ഇതിലെ ഏറ്റവും വലിയ വെല്ലുവിളി. മനുഷ്യരിൽ ആദ്യം മരുന്ന് കുത്തിവെച്ച ശേഷം കൊറോണ വൈറസിെൻറ സാന്നിധ്യത്തിൽ രോഗം പകരുന്നോയെന്ന് പരീക്ഷണം നടത്തലാണത്. മനുഷ്യരെ ബോധപൂർവം രോഗികളാക്കാനുള്ള സാധ്യതയുള്ളതിനാൽ വിമർശനമുയരുമോയെന്ന ആശങ്ക ശക്തമാണ്.
ഈ രംഗത്തെ ഗവേഷണങ്ങൾക്ക് സർക്കാറുകളും വൻകിട സംഘടനകളും സഹായവുമായി രംഗത്തുള്ളതാണ് മറ്റൊരു പ്രശ്നം. യു.എസ് വികസിപ്പിച്ചാൽ 30 കോടി ഡോസ് ആദ്യം അമേരിക്കക്ക് ആവശ്യമുണ്ടെന്ന് പ്രസിഡൻറ് ഡോണൾഡ് ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്. മറ്റു രാജ്യങ്ങളുടെ കാത്തിരിപ്പ് പിന്നെയും തുടരുമെന്നർഥം. യു.എസിൽ മാത്രം 14 പദ്ധതികളാണ് ഒരേ സമയം പുരോഗമിക്കുന്നത്. ചൈന, ഇന്ത്യ തുടങ്ങി ഈ രംഗത്തെ മറ്റു അതികായരും സമാന നിലപാട് സ്വീകരിക്കുമെന്ന സൂചന നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.