കോവിഡ് മഹാമാരിയായി പടർന്ന് ജീവവേട്ട തുടരുകയാണ്. രണ്ടാം തരംഗത്തിൽ രോഗവ്യാപനം കൂടുതൽ രൂക്ഷമായിരിക്കുന്നു. സർക്കാറും ആരോഗ്യവകുപ്പും പൊലീസും മാത്രമല്ല, നമ്മളോരോരുത്തരും കൂടുതൽ ജാഗ്രത പാലിച്ചാൽ മാത്രമേ കോവിഡിനെതിരെയുള്ള പ്രതിരോധം ഫലവത്താകൂ.
രണ്ടാംതരംഗത്തില് രോഗബാധയുടെ ലക്ഷണങ്ങളിലും മാറ്റം സംഭവിച്ചിട്ടുണ്ട്. ആദ്യഘട്ടത്തിലെ ലക്ഷണങ്ങളായിരുന്ന പനി, ശരീരവേദന, വയറിളക്കം, ജലദോഷം, മണമില്ലായ്മ എന്നിവക്കുപുറമെ ശരീരവേദന, സന്ധിവേദന, തളര്ച്ച എന്നിവയും അനുഭവപ്പെടുന്നുണ്ട്. പ്രത്യേകിച്ചും ചെറുപ്രായക്കാരിലാണ് ഇത്തരത്തിലുള്ള രോഗലക്ഷണങ്ങള് കൂടുതലായി കണ്ടുവരുന്നത്.
ലോകമൊട്ടാകെയുള്ള വൈദ്യശാസ്ത്ര രംഗത്തെ ശാസ്ത്രജ്ഞന്മാരുടെ ഒറ്റ വർഷത്തെ കഠിനപ്രയത്നം കൊണ്ട് കൊറോണ വൈറസിനെതിരെയുള്ള പ്രതിരോധ മരുന്ന് രൂപപ്പെടുത്തിയെടുക്കാൻ കഴിഞ്ഞു എന്നത് വലിയ നേട്ടമാണ്. നമ്മുടെ രാജ്യത്ത്, വിശേഷിച്ച് കേരളത്തിൽ അതിെൻറ വിതരണം വളരെ വേഗം തുടങ്ങാനായത് ഭാഗ്യം.
വാക്സിൻ വിതരണം രണ്ടു ഘട്ടം പിന്നിട്ട് മൂന്നാം ഘട്ടത്തിലെത്തിയിരിക്കുന്നു. പക്ഷേ, ഇപ്പോഴും വാക്സിൻ സംബന്ധിച്ച ആശങ്കകളും കോവിഡിനൊപ്പം പടർന്നുപിടിക്കുകയാണ്. തെറ്റായ പ്രചാരണങ്ങളും നടക്കുന്നു. ലൈംഗികശേഷിയെയും സന്താനോൽപാദനത്തെയും ബാധിക്കുമെന്നു വരെ ആശങ്ക പരത്തുന്നവരുണ്ട്. ഇൗ വിഷയങ്ങളിലൊന്നും ഒരു പഠനവും നടത്തിയവരല്ല ഇതൊക്കെ പറയുന്നത് എേന്നാർക്കണം. അതോടൊപ്പം, ആദ്യ ഘട്ടത്തിൽ ആരോഗ്യ
പ്രവർത്തകർക്കും 55 വയസ്സിനു മുകളിലുള്ളവർക്കും നമ്മൾ വാക്സിനെടുത്തുകഴിഞ്ഞു. അവർക്കാർക്കും കാര്യമായ പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല എന്ന വസ്തുത വിസ്മരിക്കരുത്. ആരോഗ്യമുള്ള സമൂഹത്തെ സൃഷ്ടിക്കാനും കോവിഡ് മഹാമാരിയെ പിടിച്ചുകെട്ടാനും പ്രതിരോധ കുത്തിവെപ്പുമായി എല്ലാ അർഥത്തിലും നമ്മൾ സഹകരിക്കേണ്ടതുണ്ട്.
1. ഇന്ത്യയിൽ കോവിഡ് ബാധക്കെതി രെ ഏതൊക്കെ പ്രതിരോധ കുത്തിവെപ്പുകളാണുള്ളത്?
a) കോവിഷീൽഡ്:
ഇംഗ്ലണ്ടിലെ ഓക്സ്ഫഡ് യൂനിവേഴ്സിറ്റിയും 'ആസ്ട്രാസെനക' മരുന്നുകമ്പനിയും ചേർന്ന് വികസിപ്പിച്ചെടുത്ത സാങ്കേതിക വിദ്യയുപയോഗിച്ച് നിർമിക്കുന്ന വാക്സിനാണ് കോവിഷീൽഡ്. ലോകത്തിലെതന്നെ ഏറ്റവും വലിയ വാക്സിൻ നിർമാതാക്കളിലൊന്നായ സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയാണ് ഇൗ മരുന്ന് ഇന്ത്യയിൽ ഉണ്ടാക്കുന്നത്. ചിമ്പാൻസികളിൽ ജലദോഷപ്പനിയുണ്ടാക്കുന്ന 'അഡിനോ വൈറസുകളുടെ വീര്യംകുറച്ച് അതിെൻറ പെറ്റുപെരുകാനുള്ള ശേഷി ഇല്ലാതാക്കി, അവയിൽ കോവിഡ് വൈറസിന്റെ ചില പ്രോട്ടീനുകൾ (സ്പൈക്ക് പ്രോട്ടീനുകൾ) കൂട്ടിച്ചേർത്ത് നമ്മുടെ ശരീരത്തിൽ കുത്തിവെക്കുന്നു. ശരീരത്തിൽ രോഗപ്രതിരോധത്തിന് സഹായിക്കുന്ന കോശങ്ങൾ ഈ പ്രോട്ടീനുകളെ തിരിച്ചറിയുകയും അവക്കെതിരെ ആൻറിബോഡികൾ നിർമിച്ച് പ്രതിരോധ ശക്തിയുണ്ടാക്കുകയും ചെയ്യുന്നു.
b) കോവാക്സിൻ:
പൂർണമായും ഇന്ത്യൻ നിർമിതം. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച് (ICMR)ന്റെ കീഴിലുള്ള നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽ വേർതിരിച്ചെടുത്ത കോവിഡ് വൈറസുകളെ നിർജീവമാക്കിയാണ് കോവാക്സിൻ നിർമിക്കുന്നത്. ഇവ രണ്ടും ഇടത്തേ കൈയിൽ പേശിക്കുള്ളിലാണ് കുത്തിവെക്കുന്നത്.
2. വാക്സിൻ എടുക്കുന്നത് കോവിഡ് വരാൻ ഇടയാക്കില്ലേ?
ഒരിക്കലുമില്ല. ജീവനുള്ള കോവിഡ് വൈറസുകളെയല്ല കുത്തിവെപ്പിന് ഉപയോഗിക്കുന്നത്. അതുകൊണ്ടുതന്നെ കുത്തിവെപ്പ് കാരണം രോഗം വരില്ല.
3. കോവിഡ് വന്ന ചിലരിൽ വീണ്ടും രോ ഗം വരുന്നതായി കാണുന്നു. അതുപോലെ പ്രതിരോധ കുത്തിവെപ്പെടുത്തവർക്ക് രോഗസാധ്യതയുണ്ടോ?
ഇപ്പോൾ ഉപയോഗിക്കുന്ന രണ്ടു വാക്സിനും 100 ശതമാനം പ്രതിരോധം ഉറപ്പു നൽകുന്നില്ല. 70 മുതൽ 85 ശതമാനം വരെ സംരക്ഷണമാണ് ഇവ വാഗ്ദാനം ചെയ്യുന്നത്. എന്നാൽ, പ്രതിരോധ കുത്തിവെപ്പ് സ്വീകരിച്ചവരിൽ മരണസാധ്യതയും രോഗം മൂർച്ഛിക്കാനുള്ള സാധ്യതയും വളരെ കുറവാണ്.
4. കുത്തിവെപ്പ് എടുത്തുകഴിഞ്ഞാൽ ഉടൻ വീട്ടിലേക്ക് മടങ്ങാമോ?
ഇല്ല. വാക്സിനെടുത്താൽ അര മണിക്കൂർ നേരം കുത്തിവെപ്പ് കേന്ദ്രത്തിൽതന്നെ നിരീക്ഷണത്തിലായിരിക്കും. അതിനുശേഷം മാത്രേമ മടങ്ങാൻ പാടുള്ളൂ.
5. വാക്സിനെടുത്ത ദിവസം വിശ്രമം ആവശ്യമുണ്ടോ?
വാക്സിനെടുക്കുന്ന ദിവസം കനത്ത ജോലികളിൽ ഏർപ്പെടാതിരിക്കുന്നത് നല്ലതാണ്.
6. കുത്തിവെപ്പെടുത്ത പലർക്കും പനി, ശരീരവേദന തുടങ്ങിയ അസ്വസ്ഥതകൾ കാണുന്നു. കോവിഡ് വാക്സിന് പാർശ്വഫലങ്ങളുണ്ടോ?
സാധാരണ പല പ്രതിരോധ കുത്തിവെപ്പുകളെ പോലെ, കുത്തിവെച്ച ിടത്ത് അൽപം തടിപ്പ്, വേദന, ചുമപ്പുനിറം, എടുത്ത ദിവസമോ അടുത്ത ദിവസമോ ചെറിയ പനി, തലവേദന, ശരീരവേദന, ഓക്കാനം, സന്ധിവേദന, ക്ഷീണം ഇവയിലേതെങ്കിലുമൊക്കെ ചിലപ്പോൾ ഉണ്ടായേക്കാം. എന്നാൽ, ഇതെല്ലാം തന്നെ ഒന്നോ രണ്ടോ ദിവസത്തെ ചികിത്സകൊണ്ട് പൂർണമായും ഭേദമാകും. പലപ്പോഴും ചികിത്സ വേണ്ടിവരില്ല എന്നതാണ് വസ്തുത. യഥാർഥത്തിൽ ഇവ പാർശ്വഫലങ്ങളല്ല; വാക്സിനോടുള്ള ശരീരത്തിന്റെ സ്വാഭാവിക പ്രതികരണത്തിന്റെ ഭാഗമാണ്.
7. കോവിഡ് വാക്സിൻ എത്ര ഡോസുകൾ എടുക്കണം?
കോവിഷീൽഡും കോവാക്സിനും രണ്ട് ഡോസ് എടുക്കണം. ആദ്യ ഡോസ് എടുത്തുകഴിഞ്ഞ് ആറുമുതൽ എട്ട് ആഴ്ചകൾക്കു ശേഷമാണ് കോവിഷീൽഡ് വാക്സിൻ രണ്ടാം ഡോസ് എടുക്കേണ്ടത്. കോവാക്സിൻ രണ്ടാം ഡോസ് 28 ദിവസങ്ങൾക്കു ശേഷം എടുക്കണം.
8. ഒരു ഡോസ് മാത്രം എടുത്താൽ പ്രതിരോധ ശേഷി ലഭിക്കില്ലേ? രണ്ടാം ഡോസ് എടുത്തില്ലെങ്കിൽ കുഴപ്പമുണ്ടോ?
ആദ്യ ഡോസ് എടുക്കുന്നതിലൂടെ കോവിഡിനെതിരെ നമ്മുടെ ശരീരം പ്രതിരോധത്തിന് തുടക്കമിടുകയും ഭാഗിക പരിരക്ഷ ലഭ്യമാവുകയും ചെയ്യുന്നു. രണ്ടാമത്തെ ഡോസ് (Booster dose) രോഗം പ്രതിരോധിക്കാനുള്ള ശേഷി ഗണ്യമായി വർധിക്കാൻ സഹായിക്കുന്നു. രണ്ടാമത്തെ ഡോസ് കുത്തിവെപ്പെടുത്ത് രണ്ടാഴ്ച കഴിയുന്നതോടെയാണ് നമ്മുടെ ശരീരം പൂർണമായി പ്രതിരോധശേഷി ആർജിക്കുന്നത്.
ഒരു ഡോസ് മാത്രമെടുത്തയാളെ പൂർണമായി കുത്തിവെപ്പെടുത്തതായി കണക്കാക്കില്ല. കുത്തിവെപ്പ് എടുത്തതായ സാക്ഷ്യപത്രവും ലഭിക്കില്ല.
9. ഈ കുത്തിവെപ്പ് കോവിഡ് രോഗത്തിനെതിരെ ആജീവനാന്ത പ്രതിരോധം ലഭ്യമാക്കുമോ?
കൊറോണ പുതിയ വൈറസാണല്ലോ. ഈ രോഗവും വാക്സിനും പുതിയതാണ്. അതുകൊണ്ടു തന്നെ പ്രതിരോധം എത്രനാൾ നിലനിൽക്കും എന്ന് കൃത്യമായി പറയാൻ ഇപ്പോൾ ശാസ്ത്രലോകത്തിന് കഴിയില്ല. ഇപ്പോഴത്തെ അറിവുകൾ വെച്ച് രോഗബാധ തടയാൻ ഇത് 75-85 ശതമാനം വരെ ഫലപ്രദമാണ്.
10. രണ്ട് ഡോസുകളും ഒരേ വാക്സിൻ തന്നെ വേണം എന്നു നിർബന്ധമുണ്ടോ?
തീർച്ചയായും. ആദ്യ ഡോസ് എടുത്ത വാക്സിൻ തന്നെ രണ്ടാമതും എടുക്കണം. ഇത് മാറിയെടുക്കാമോ, മാറിയാൽ പ്രശ്നമുണ്ടോ തുടങ്ങിയ കാര്യങ്ങളിൽ പഠനങ്ങൾ നടക്കുകയാണ്.
11. രണ്ടാമത്തെ ഡോസിന് പാർശ്വഫലങ്ങൾ കൂടുതലാണോ?
ഒന്നാമത്തെ ഡോസ് എടുക്കുന്നതോടെ ശരീരത്തിന് ഭാഗികമായി പ്രതിരോധശക്തി കിട്ടുന്നു. അതിനാൽ കൊറോണ വൈറസിന്റെ പ്രോട്ടീനുകൾ ശരീരത്തിൽ കടക്കുേമ്പാൾ അവക്കെതിരെ ശരീരം പ്രതിപ്രവർത്തിക്കും. അതു കാരണം മുമ്പ് പറഞ്ഞ ക്ഷീണം, ശരീരവേദന, സന്ധിവേദന, പനി മുതലായവ ചിലപ്പോൾ അൽപം അധികം കാണാനും സാധ്യതയുണ്ട്; പ്രത്യേകിച്ചും ചെറുപ്പക്കാരിൽ. ഇത് ക്ഷണികമാണ്. പേടിക്കേണ്ടതില്ല.
12. കോവിഡ് രോഗമുള്ള ഒരാൾക്ക് പ്രതിരോധ കുത്തിവെപ്പ് എടുക്കാമോ?
രോഗം സ്ഥിരീകരിച്ച് 90 ദിവസത്തിനു ശേഷം മാത്രമെ പ്രതിരോധ കുത്തിവെപ്പെടുക്കാൻ സെൻറർ േഫാർ ഡിസീസ് കൺട്രോൾ (CDC) അനുമതി നൽകുന്നുള്ളൂ. എന്നാൽ ഇത് മോണോ ക്ലോണൽ ആൻറിബോഡി ചികിൽസ, കൺവാലസൻറ് സിറം മുതലായവ രോഗചികിൽസക്കിടെ വേണ്ടി വന്നവർക്ക് മാത്രമാണ്. അല്ലാത്തവർക്ക് രോഗലക്ഷണങ്ങൾ മാറിയതിന് ശേഷം 14 ദിവസം കഴിഞ്ഞ് വാക്സിൽ സ്വീകരിക്കാം.
13. ഗർഭിണികളും മുലയൂട്ടുന്ന അമ്മമാരും പ്രതിരോധ കുത്തിവെപ്പെടുക്കാൻ പാടുണ്ടോ?
മുലയൂട്ടുന്ന അമ്മമാർ കോവിഡ് വാക്സിനെക്കുന്നതിൽ കുഴപ്പമില്ല. കോവിഡ് വാക്സിൻ മുലപ്പാലിലൂടെ കുഞ്ഞിെൻറ ശരീരത്തിലേക്ക് പകരില്ല. ഗർഭിണികളിൽ കോവിഡ് വാക്സിൻ സുരക്ഷിതമാണോ എന്ന കാര്യത്തിൽ പഠനങ്ങൾ നടക്കുകയാണ്. പഠന റിപ്പോർട്ടുകൾ വരുന്നതുവരെ കുത്തിവെപ്പിൽനിന്ന് മാറിനിൽക്കാം. എന്നാൽ എടുക്കുന്നതിൽ വിലക്കൊന്നുമില്ല. ചില രാജ്യങ്ങളിൽ, ഗർഭിണികൾ സ്വയം സന്നദ്ധത അറിയിച്ചാൽ പ്രതിരോധ കുത്തിവെപ്പ് കൊടുക്കുന്നുണ്ട്.
14. കോവിഡ് കുത്തിവെപ്പ് ലൈംഗിക ശേഷിയോ പ്രത്യുൽപാദനശേഷിയോ കുറയാൻ കാരണമാകുമോ?
ഇല്ല. ഇവ തികച്ചും അബദ്ധധാരണകളാണ്. ലൈംഗിക ശേഷിയെയോ പ്രത്യുൽപാദന ശേഷിയെയോ കോവിഡ് വാക്സിൻ ഒരു തരത്തിലും ബാധിക്കുന്നില്ല.
15. രക്തസമ്മർദം, പ്രമേഹം, ഹൃദ്രോഗം മുതലായ ജീവിതശൈലീ രോഗങ്ങൾക്ക് മരുന്നുകൾ കഴിക്കുന്നവർക്ക് കോവിഡ് പ്രതിരോധ കുത്തിവെപ്പ് എടുക്കാമോ?
തീർച്ചയായും. ഇത്തരം അനുബന്ധ രോഗങ്ങളുള്ളവരിലാണ് കോവിഡ് രോഗതീവ്രത വർധിച്ചുകാണുന്നത്. അതുകൊണ്ടുതന്നെ ഇത്തരം രോഗങ്ങളുള്ളവർ തീർച്ചയായും പ്രതിരോധ കുത്തിവെപ്പെടുത്ത് രോഗസാധ്യത പരമാവധി കുറക്കണം.
16. മറ്റ് അസുഖങ്ങൾക്ക് മരുന്നു കഴിക്കുന്നവർ കുത്തിവെപ്പ് ദിവസം മരുന്നുകൾ ഒഴിവാക്കേണ്ടതുണ്ടോ?
ഇല്ല. കഴിച്ചുകൊണ്ടിരിക്കുന്ന മരുന്നുകൾ സാധാരണപോലെ കുത്തിവെപ്പ് ദിവസവും കഴിക്കണം.
17. അർബുദ രോഗികൾക്ക് പ്രതിരോധ കുത്തിവെപ്പ് എടുക്കാമോ?
എടുക്കാം. എന്നാൽ പ്രതിരോധശേഷി കുറക്കുന്ന മരുന്നുകൾ കഴിക്കുന്ന രോഗികളാണെങ്കിൽ അവരെ ചികിത്സിക്കുന്ന ഡോക്ടറോട് നിർദേശം ആരായുന്നത് നല്ലതാണ്.
18. അലർജിയുള്ളവർക്ക് കോവിഡ് വാക്സിനെടുക്കാമോ?
കടുത്ത അലർജിയുള്ളവർ വിട്ടുനിൽക്കുകയോ വിദഗ്ധോപദേശം തേടുകയോ വേണം. ഡോക്ടറുടെ നിർദേശപ്രകാരം തീരുമാനമെടുക്കുക.
19. കുട്ടികൾക്ക് ഈ കുത്തിവെപ്പുകൾ സുരക്ഷിതമോ?
ഇപ്പോഴുള്ള നിർദേശപ്രകാരം ഈ പ്രതിരോധ കുത്തിവെപ്പുകളെല്ലാം 18 വയസ്സിനു മുകളിലുള്ളവർക്കാണ്. കുട്ടികളിൽ കോവിഡ് കുത്തിവെപ്പിെൻറ സുരക്ഷിതത്വം, രോഗപ്രതിരോധ സാധ്യത ഇവയെപ്പറ്റി പഠനങ്ങൾ നടക്കുന്നതേയുള്ളൂ.
20. കുത്തിവെപ്പെടുത്താലൂം 10-15 ശതമാനം പേരിൽ രോഗം വരാൻ സാധ്യതയുണ്ട് എന്ന് ശാസ്ത്രലോകം തന്നെ പറയുന്നുണ്ടല്ലോ. അപ്പോൾ വാക്സിനേഷൻ എങ്ങനെ സുരക്ഷിതമാവും?
വാക്സിൻ 85 ശതമാനം രോഗസാധ്യത തടയും എന്നാണ് ശാസ്ത്രലോകം വാഗ്ദാനം ചെയ്യുന്നത്. 15 ശതമാനം പേർക്ക് വാക്സിനെടുത്തിട്ട് കാര്യമില്ല എന്നല്ല, ചിലപ്പോൾ ചിലരിൽ ഇൗ മരുന്ന് ഫലം ചെയ്യാതെ വന്നേക്കാം, അതിനുള്ള സാധ്യത 15 ശതമാനത്തിൽ താഴെ മാത്രമാണ് എന്നാണ് മനസ്സിലാക്കേണ്ടത്. എന്നാൽ അവരിൽ പോലും രോഗതീവ്രതയും കോവിഡ് മൂലമുണ്ടായേക്കാവുന്ന മരണസാധ്യതയും കുറയുന്നു.
ലോകം മുഴുവൻ ഒരു മഹാമാരിയെ പിടിച്ചുകെട്ടാൻ ഒന്നിച്ചുനിൽക്കുേമ്പാൾ നമ്മളും ഒപ്പം ചേരുകയാണ് വേണ്ടത്.
തയാറാക്കിയത്: എം. കുഞ്ഞാപ്പ
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.