കൽപറ്റ: നവജാത ശിശുക്കളിലെ ക്ലബ്ഫൂട്ട് വൈകല്യം അഥവാ കാലുകളുടെ വളവിന് സർക്കാർതലത്തിൽ ലഭിക്കുന്നത് സൗജന്യ വിദഗ്ധ ചികിത്സ. ഇത്തരം കുഞ്ഞുങ്ങൾക്കായി കേരളത്തിലെ എല്ലാ ജില്ലകളിലുമായി പ്രവർത്തിക്കുന്നത് 43 ക്ലിനിക്കുകൾ. ഒരു കാലോ രണ്ടു കാലുകളുമോ ജന്മനാ ഉള്ളിലേക്കോ പുറത്തേക്കോ വളഞ്ഞ രൂപത്തിലുള്ള അവസ്ഥയാണ് ക്ലബ്ഫൂട്ട്. കാലുകൾ ഗോൾഫ് സ്റ്റിക്കുകളുടെ (ഗോൾഫ് ക്ലബ്) അഗ്രഭാഗം പോലെയായിരിക്കുന്നതിനാലാണ് ഈ പേര്. കൺജനിറ്റൽ താലിപ്പിസ് ഇക്വിനോവാറസ് (Congenital Talipes Equino Varus -CTEV) ആണ് ശാസ്ത്രീയനാമം. സാധാരണഗതിയിൽനിന്ന് വ്യത്യസ്തമായി ഇത്തരം കുഞ്ഞുങ്ങളുടെ കാലുകളുടെ മാംസപേശികൾ ചുരുങ്ങിയ നിലയിലായിരിക്കും. ആൺകുഞ്ഞുങ്ങൾക്കാണ് ഇത് കൂടുതൽ ഉണ്ടാവുന്നത്.
ഇന്ത്യയിൽ ഓരോ പത്ത് മിനിറ്റിലും ഒരു കുഞ്ഞ് ക്ലബ്ഫൂട്ട് വൈകല്യത്തോടെ പിറക്കുന്നുവെന്ന്, ഈ രംഗത്ത് സർക്കാറുമായി ചേർന്ന് പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയായ ക്യുവർ ഇന്റർനാഷനൽ ഇന്ത്യ പറയുന്നു. കൈക്കുഞ്ഞുങ്ങളായിരിക്കുമ്പോൾ തന്നെ ചികിത്സ തുടങ്ങിയാൽ ശസ്ത്രക്രിയ കൂടാതെതന്നെ വൈകല്യം പൂർണമായി ഭേദമാകും. എന്നാൽ, മാതാപിതാക്കളുടെ അറിവില്ലായ്മയടക്കമുള്ള കാരണങ്ങളാൽ ശരിയായ ചികിത്സ കിട്ടാതെ ആജീവനാന്ത വൈകല്യമായി മാറുന്ന അവസ്ഥയുണ്ട്. സ്വകാര്യമേഖലയിലെ ചികിത്സ ചെലവ് ഭീമമാണ്. വിവിധ ജില്ലകളിലായി ക്ലബ്ഫൂട്ട് വൈകല്യമുള്ള നാലായിരത്തിലധികം കുട്ടികൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ബോധവത്കരണത്തിന്റെ അഭാവം മികച്ച ചികിത്സ കിട്ടുന്നതിന് തടസ്സമാണെന്നും തിരുവനന്തപുരം മെഡിക്കൽ കോളജിലെ ക്യുയർ ക്ലബ്ഫൂട്ട് കേരള സംസ്ഥാന കോഓഡിനേറ്റർ വി.ബി ഷിനിപറഞ്ഞു.
എല്ലാ മെഡിക്കൽ കോളജുകളിലും ജില്ല-താലൂക്ക് ആശുപത്രികളിലും ക്ലബ്ഫൂട്ട് ക്ലിനിക്കുകൾ ഉണ്ട്. മറ്റിടങ്ങളിൽ സർക്കാർ ആശുപത്രികളോടനുബന്ധിച്ച് ഏർലി ഇന്റർവെൻഷൻ ക്ലിനിക്കുകളിലും ഇതിന്റെ ക്ലിനിക്കുണ്ട്. ചികിത്സ പൂർണ സൗജന്യമാണ്. കാൽവിരലുകൾ മുതൽ ഇടുപ്പുവരെ പ്ലാസ്റ്റർ ഇടുകയെന്നതാണ് പ്രാഥമിക ചികിത്സ. കാലിന്റെ പുറകിലുള്ള വള്ളി മുറിക്കുന്ന ‘ടീനോട്ടമി’ എന്ന ചെറു ശസ്ത്രക്രിയയാണ് അടുത്ത ഘട്ടം. തുടർന്ന് കുഞ്ഞിന് ‘ബ്രേസ്’ എന്ന് വിളിക്കുന്ന ചെറിയ ഷൂ ധരിപ്പിക്കും. നാലുമുതൽ അഞ്ചുവർഷം വരെ ഈ ഷൂ കുഞ്ഞിനെ ധരിപ്പിക്കണം. ഇതുപയോഗിച്ച് കുഞ്ഞുങ്ങൾക്ക് സാധാരണ രൂപത്തിൽതന്നെ നടക്കാനും ഓടാനും കഴിയും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.