ഭക്ഷണം കഴിച്ച് അൽപ സമയം കഴിഞ്ഞാൽ വയറിൽ വലതുഭാഗത്ത് വേദന തുടങ്ങും. ചിലപ്പോളത് വലതു തോളിലേക്കുകൂടി വ്യാപിക്കും. ഒടുവിൽ മഞ്ഞപ്പിത്തമായി. അപ്പോഴാണ് സുബൈർ ചികിത്സക്കെത്തുന്നത്.
സുബൈറിന് രോഗലക്ഷണങ്ങൾ തുടങ്ങിയിട്ട് കുറെ നാളായി. ചില നാടൻ മരുന്നുകൾ കഴിച്ച് വയറുവേദന മാറ്റാൻ ശ്രമിച്ചു. അയാൾക്ക് പരിശോധനകളെ പേടിയാണ്. 'പരിശോധിച്ചാൽ ഓരോരോ രോഗങ്ങൾ ഉണ്ടെന്നു പറയും. പിന്നെ ജീവിതകാലം മുഴുവൻ മരുന്നു കഴിക്കേണ്ടി വരും!'
മറ്റു പലരെയും പോലെ സുബൈറിെൻറയും വിശ്വാസം ഇങ്ങനെയൊക്കെയാണ്. പരിശോധനയിൽ പിത്തസഞ്ചിയിൽ കല്ലുണ്ടെന്നു കണ്ടുപിടിച്ചു. പിത്തരസത്തിന്റെ ഒഴുക്ക് തടസ്സപ്പെട്ടതാണ് മഞ്ഞപ്പിത്തത്തിനു കാരണമായത്.
വയറ്റിന്റെ വലതുഭാഗത്ത് കരളിനു തൊട്ടുതാഴെ ചെറിയ ബലൂൺ പോലെ കാണപ്പെടുന്ന അവയവമാണ് പിത്തസഞ്ചി. നമ്മുടെ ആഹാരത്തിലടങ്ങിയിരിക്കുന്ന കൊഴുപ്പുകളുടെ ദഹനത്തിന് സഹായിക്കുന്ന പിത്തരസത്തെ ശേഖരിച്ചുവെക്കുകയും ആഹാരം കഴിക്കുന്ന സമയത്ത് അത് ചെറുകുടലിലേക്ക് എത്തിക്കുകയും ചെയ്യുന്ന ജോലിയാണ് പിത്തസഞ്ചിക്കുള്ളത്. ഏകദേശം ഏഴ് സെൻറിമീറ്റർ നീളവും മൂന്നു സെൻറിമീറ്റർ വീതിയുമുള്ള പിത്താശയത്തിന് 30-50 മില്ലി വരെ പിത്തരസം ശേഖരിച്ചുവെക്കാനുള്ള കഴിവുണ്ട്. ദഹനപ്രക്രിയയെ സഹായിക്കുന്നതോടൊപ്പം കരളിൽ ഉപാപചയങ്ങളാൽ രൂപപ്പെടുന്ന ചില മാലിന്യങ്ങളെ പിത്തരസം വഴി പുറന്തള്ളപ്പെടുകയും ചെയ്യുന്നു.
പിത്തസഞ്ചിയുടെ പ്രവർത്തനക്ഷമതയിലുണ്ടാകുന്ന തകരാറുകൾ, പിത്തസഞ്ചിയുടെ സങ്കോചത്തെ തടസ്സപ്പെടുത്തുകയും അത് പിത്തലവണങ്ങളും മറ്റും പരലുകളായി രൂപാന്തരപ്പെടാൻ കാരണമാകുകയും ചെയ്യുന്നു. പിത്തരസത്തിലെ കൊഴുപ്പുകൾ, കാൽസ്യം ബിലിറൂബിൽ തുടങ്ങിയവയാണ് കല്ലുകളായി രൂപാന്തരപ്പെടുന്നത്. വലുതും ചെറുതുമായി ഒന്നുമുതൽ നൂറുകണക്കിന് കല്ലുകൾ കാണപ്പെടാം.
സാധാരണ ഗതിയിൽ മധ്യവയസ്സോടടുക്കുന്ന വണ്ണമുള്ള സ്ത്രീകളിലാണ് രോഗസാധ്യത ഏറ്റവും കൂടുതൽ. കൂടാതെ വളരെ പെട്ടെന്ന് ശരീരഭാരം കുറക്കുന്നത്, ഗർഭാവസ്ഥ, വ്യായാമക്കുറവ്, കരൾ രോഗങ്ങൾ, ചുവന്ന രക്താണുക്കൾ കൂടുതൽ നശിക്കപ്പെടുന്നവർ മുതലായവരിൽ പിത്താശയ കല്ലുകൾ ഉണ്ടാകാൻ സാധ്യത കൂടുതലാണ്. പ്രത്യേകിച്ച് കാരണങ്ങൾ ഒന്നും ഇല്ലാതെയും ഈ രോഗം കാണപ്പെടാം. കഠിന വ്യായാമവും രക്തത്തിലെ അധിക കൊളസ്ട്രോളും ചിലപ്പോൾ രോഗകാരണമാകാറുണ്ട്.
സാധാരണ ഗതിയിൽ മിക്കവരിലും ഇത് വലിയ രോഗലക്ഷണങ്ങൾ ഒന്നും ഉണ്ടാക്കാറില്ല. പലപ്പോഴും ഹെൽത്ത് ചെക്കപ്പിലൂടെയോ മറ്റു കാരണങ്ങളാൽ വയറ്റിന്റെ സ്കാൻ ചെയ്തു നോക്കുേമ്പാഴോ ആണ് രോഗം കണ്ടെത്തുന്നത്. ചുരുക്കം ചിലരിൽ ഭക്ഷണശേഷം വയറ്റിന്റെ വലതുഭാഗത്തായി വേദന അനുഭവപ്പെടുകയും അത് ചിലപ്പോൾ വലത് തോളിലേക്ക് വ്യാപിക്കുന്നതായും കാണാം. പിത്തസഞ്ചിയിലെ കല്ല് അവിടെനിന്ന് പിത്തനാളിയിലെത്തി പിത്തരസത്തിന്റെ കുടലിലേക്കുള്ള ഒഴുക്കിനെ തടസ്സപ്പെടുത്തുേമ്പാഴാണ് പലപ്പോഴും രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നത്. ഈ കല്ലുകൾ ചിലപ്പോൾ പാൻക്രിയാസ് ഗ്രന്ഥിയുടെ വീക്കത്തിനും കാരണമാകാം. പിത്തരസത്തിന്റെ ഒഴുക്ക് തടസ്സപ്പെട്ടാൽ ചിലപ്പോൾ മഞ്ഞപ്പിത്തത്തിനും പിത്തസഞ്ചിയിലെ അണുബാധക്കും കാരണമാകും.
സാധാരണ ഗതിയിൽ വയറ്റിന്റെ ഒരു അൾട്രാസൗണ്ട് സ്കാനിങ്ങിലൂടെ രോഗം കണ്ടെത്താം. കൂടാതെ ചില രക്തപരിശോധനകളും വേണ്ടിവന്നേക്കാം. എന്നാൽ, ചിലപ്പോൾ സി.ടി സ്കാൻ, എം.ആർ.ഐ സ്കാൻ മുതലായ പരിശോധനകൾ ആവശ്യമായി വരാം.
രോഗലക്ഷണങ്ങളില്ലാത്തവരിൽ പലപ്പോഴും പിത്താശയ കല്ലുകൾക്ക് ചികിത്സ വേണ്ടിവരാറില്ല. എന്നാൽ, രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങിയാൽ പലപ്പോഴും ചികിത്സ അനിവാര്യമായേക്കും. ചില മരുന്നുകളുപയോഗിച്ച് കൊളസ്ട്രോൾ കല്ലുകളെ അലിയിച്ചുകളയാനാകും. എന്നാൽ, വീണ്ടും വരാനുള്ള സാധ്യത തള്ളിക്കളയാനാകില്ല.
ശാശ്വത പരിഹാരം ശസ്ത്രക്രിയ വഴി പിത്തസഞ്ചി നീക്കം ചെയ്യുകയാണ്. താക്കോൽദ്വാര ശസ്ത്രക്രിയയിലൂടെയാണ് ഇത് ചെയ്യുന്നതെങ്കിൽ ദിവസങ്ങൾക്കുള്ളിൽ സാധാരണ പ്രവൃത്തികളിലേർപ്പെടാൻ കഴിയും. പിത്തസഞ്ചി നഷ്ടപ്പെടുന്നതുകൊണ്ട് ഭാവിയിൽ പ്രത്യേകിച്ച് ആരോഗ്യപ്രശ്നങ്ങൾ ഒന്നും ഉണ്ടാകാറില്ല.
പരിശോധനകളിലൂടെ യഥാസമയം രോഗാവസ്ഥ കണ്ടെത്തിയാൽ സങ്കീർണതകളിലേക്കു പോകാതെ മിക്ക രോഗങ്ങളും ചികിത്സിക്കാൻ ഇന്ന് ആധുനിക വൈദ്യശാസ്ത്രത്തിന് കഴിയും.
•കൂടുതൽ നാരടങ്ങിയ (Fiber) ഭക്ഷണപദാർഥങ്ങൾ കഴിക്കുക. പഴങ്ങൾ, പച്ചക്കറികൾ മുതലായവ.
•ധാന്യങ്ങളിൽ തവിട് കളയാത്ത അരി, ഗോതമ്പ്, ഓട്സ് മുതലായവ നല്ലതാണ്.
•മധുരപലഹാരങ്ങൾ, പഞ്ചസാര ഇവ കുറക്കുക.
•ധാരാളം കൊഴുപ്പടങ്ങിയ ഭക്ഷണങ്ങൾ, ഫാസ്റ്റ്ഫുഡ് മുതലായവ കുറക്കുക.
•വളരെ വേഗം ശരീരഭാരം കുറക്കാൻ ശ്രമിക്കരുത്. സാവധാനമേ പാടുള്ളൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.