‘‘എവിടെ നോക്കിയാലും മുടി തന്നെ, ഇതെന്തു മുടി കൊഴിച്ചിലാണ്’’, മിക്ക സ്ത്രീകളും ജീവിതത്തിൽ ഈ ഒരു വിഷമഘട്ടം അഭിമുഖീകരിച്ചിട്ടുണ്ടാകും.


എന്താണിതിന് കാരണം.ചിലർക്ക് ഹോർമോൺ വ്യതിയാനം മുടികൊഴിച്ചിലിന് നിമിത്തമാകും. മറ്റു ചിലർക്ക് കാലാവസ്ഥ മാറിയതിന്റെയോ വെള്ളം പിടിക്കാത്തതോ, അങ്ങനെ പല കാരണങ്ങൾ കൊണ്ട് മുടി കൊഴിച്ചിലുണ്ടാകും. കട്ടിയുള്ളതും തിളക്കമുള്ളതുമായ മുടി എല്ലാവരുടെയും സ്വപ്നമാണ്. എന്നാൽ മുടികൊഴിച്ചിൽ എന്ന അവസ്ഥയെ നേരിടുന്നവരാണ് പലരും. ഒരു നിശ്ചിത പ്രായത്തിന് ശേഷം പുരുഷന്മാർക്ക് മാത്രമേ കഷണ്ടി ഉണ്ടാകു എന്ന മുൻവിധി മുൻപ് പലർക്കുമുണ്ടായിരുന്നു. എന്നാൽ മുടിയുമായി ബന്ധപ്പെട്ട ഇത്തരം എല്ലാ മുൻധാരണകളും മാറിക്കൊണ്ടിരിക്കുകയാണ്. സ്ത്രീ-പുരുഷ ഭേദമന്യേ എല്ലാവരേയും അലട്ടുന്ന ഒന്നാണ് മുടികൊഴിച്ചിൽ. എന്നാൽ ഈ മുടി കൊഴിച്ചിലിനെ അങ്ങനെ നിസ്സാരമായി കാണാനാകില്ല.

വാർധക്യം, ഗർഭധാരണം എന്നിവ കാരണം മുടികൊഴിച്ചിൽ കൂടാറുണ്ട്. ഇന്നത്തെ കാലത്ത് പല കാരണങ്ങളാലും മുടികൊഴിച്ചിൽ ഉണ്ടാകാറുണ്ട്. സ്ത്രീകളിൽ മുടികൊഴിച്ചിലിന്റെ സാധാരണ കാരണങ്ങൾ എന്തൊക്കെയാണ് എന്നും അവ എങ്ങനെ ഫലപ്രദമായി കൈകാര്യം ചെയ്യാം എന്നും നമുക്ക് നോക്കാം. ഗർഭാവസ്ഥ, പ്രസവം,തൈറോയ്ഡ് പ്രശ്നങ്ങൾ, ആർത്തവവിരാമം എന്നിവയൊക്കെ മുടികൊഴിച്ചിലിന് കാരണമാകും.

ഇതിന് പരിഹാരമായി പല ഉൽപന്നങ്ങളും വിപണിയിൽ നിരവധി അവകാശവാദങ്ങളോടെ ലഭ്യമാണ്. എന്നാൽ രാസവസ്തുക്കൾ അടങ്ങിയ ഉത്പന്നങ്ങൾ ദീർഘകാലം ഉപയോഗിക്കുന്നത് തലമുടിക്ക് ദോഷം ചെയ്യും. മുടി വളർച്ചയ്ക്ക് ലഭ്യമായ ചെലവു കുറഞ്ഞ ഒരു വസ്തുവാണ് ഉരുളക്കിഴങ്ങ്. ഉരുളക്കിഴങ്ങ് ജ്യൂസിൽ നിരവധി ജീവകങ്ങൾ ഉണ്ട്. ഇവ ഓക്സിജന്റെ അളവ് കൂട്ടുകയും കൊളാജന്റെ കേടുപാടുകൾ പരിഹരിക്കുകയും ചെയ്യും. ചർമത്തിലും മറ്റു കലകളിലും കാണുന്ന പ്രോട്ടീൻ ആണ് കൊളാജൻ. മുടി വളരാൻ ഇത് സഹായിക്കും. ഉരുളക്കിഴങ്ങ് ജ്യൂസ് തലയിൽ പുരട്ടുന്നത് തലയോട്ടിയിലെ കോശങ്ങളെ ഉത്തേജിപ്പിക്കുകയും മുടി വളരാൻ സഹായിക്കുകയും ചെയ്യും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.