ഹൃദയവാൽവ് മാറ്റിവെക്കാം ശസ്​ത്രക്രിയയില്ലാതെ

ഹൃദയത്തിലെ രക്തപ്രവാഹം നിയന്ത്രിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നവയാണ് വാൽവുകൾ. ഹൃദയവാൽവുകൾക്കുണ്ടാകുന്ന പ്രശ്നങ്ങൾ ഹൃദയസ്​തംഭനത്തിനുപോലും കാരണമായേക്കാം. വാൽവുകളുടെ തകരാറുകൾ നേരത്തേ കണ്ടെത്തേണ്ടതും ശരിയായ ചികിത്സ ഉറപ്പാക്കേണ്ടതും പ്രധാനമാണ്. പ്രായമായവരിൽ ഒരു സാധാരണ ആരോഗ്യപ്രശ്നമാണ് വാൽവുകൾക്കുണ്ടാകുന്ന തകരാറുകൾ.

ഇവക്ക് പരിഹാരമായി ആശ്രയിച്ചിരുന്നത് അതി സങ്കീർണമായ ശസ്​ത്രക്രിയകളെ മാത്രമായിരുന്നു. എന്നാൽ, ശസ്​ത്രക്രിയ നടത്താതെ വാൽവ് മാറ്റിവെക്കാൻ കഴിയുന്ന ചികിത്സാരീതികൾ നമ്മുടെ കേരളത്തിലും വന്നുകഴിഞ്ഞു. അതിലേറ്റവും പ്രധാനപ്പെട്ടതാണ് ശസ്​ത്രക്രിയ കൂടാതെ ഹൃദയത്തിന്റെ വാൽവ് മാറ്റിവെക്കുന്ന അതിനൂതന ചികിത്സാരീതിയായ ടാവി (TAVI) അഥവാ ട്രാൻസ്​ കത്തീറ്റർ അയോർട്ടിക് വാൽവ് ഇംപ്ലാന്റേഷൻ. ടാവിയിലൂടെ ശാസ്​ത്രീയവും സമഗ്രവുമായ ചികിത്സ ഉറപ്പാക്കുന്നതിൽ ജാഗരൂകരാണ് കോഴിക്കോട് മേയ്ത്ര ആശുപത്രിയും അവിടത്തെ ഹാർട്ട് ടീമും കാർഡിയോളജി വിഭാഗവും.

ഇന്റർവെൻഷനൽ കാർഡിയോളജി മേഖലയിലെ പ്രശസ്​ത സ്​പെഷലിസ്റ്റ് കാർഡിയോളജിസ്റ്റും മേയ്ത്ര ആശുപത്രി കാർഡിയോളജി വിഭാഗത്തിലെ ചെയർ ആൻഡ് സീനിയർ കൺസൽട്ടന്റും 17 വർഷത്തിലേറെ പ്രവൃത്തിപരിചയവുമുള്ള ഡോ. ഷഫീഖ് മാട്ടുമ്മൽ ടാവി ചികിത്സയെക്കുറിച്ച് സംസാരിക്കുന്നു.

ഹൃദയവാൽവുകളുടെ സംരക്ഷണം

ഹൃദയത്തിന് നാലു വാൽവുകളാണുള്ളതെന്ന് നമുക്കെല്ലാവർക്കും അറിയാം. ഹൃദയത്തിന്റെ പ്രവർത്തനത്തെ ഏറ്റവും നിർണായകമായി സ്വാധീനിക്കുന്നവയാണ് ഇവ. ഹൃദയത്തിൽനിന്ന് പുറത്തേക്കും അകത്തേക്കുമുള്ള രക്തപ്രവാഹത്തെ നിയന്ത്രിച്ചു നിർത്തുക എന്നതാണ് ഹൃദയ വാൽവുകളുടെ ധർമം. ഹൃദയത്തിന്റെ വലതുഭാഗത്തായി ട്രൈകസ്​പ്പിഡ് വാൽവും പൾമണറി വാൽവും ഇടത് ഭാഗത്ത് അയോർട്ടിക് വാൽവും മൈട്രൽ വാൽവും സ്​ഥിതി ചെയ്യുന്നു. ഈ വാൽവുകൾ ലീക്കാകുകയോ ചുരുങ്ങുകയോ ചെയ്യുമ്പോൾ അത് ഹൃദയത്തിന്റെ പ്രവർത്തനത്തെ ബാധിക്കും.

പ്രായമായവരിലാണ് ഇത്തരം പ്രശ്നങ്ങൾ കൂടുതലായി കണ്ടുവരുന്നത്. ക്ലിനിക്കൽ പരിശോധനയിൽ തന്നെ വാൽവ് സംബന്ധമായ പ്രശ്നങ്ങളുങ്കെിൽ തിരിച്ചറിയാൻ സാധിക്കും. കൂടാതെ ഇക്കോ കാർഡിയോ ഗ്രാം, ഇ.സി.ജി പരിശോധനയിലൂടെ എന്തുതരം പ്രശ്നങ്ങളാണെന്ന് ഉറപ്പുവരുത്താനാവുകയും ചെയ്യാം. അയോർട്ടിക് വാൽവിനെ ബാധിക്കുന്ന അയോർട്ടിക് സ്റ്റെനോസിസ്​ എന്ന രോഗത്തിനാണ് ടാവി ചെയ്യുക.

അയോർട്ടിക് സ്റ്റെനോസിസ്​

ഹൃദയത്തിൽനിന്ന് രക്തം പുറത്തേക്ക് കൊണ്ടുപോകുന്ന മഹാരക്തധമനിയാണ് അയോർട്ട. ഈ മഹാരക്തധമനിയുടെ വാൽവ് ചുരുങ്ങിപ്പോകുന്ന രോഗാവസ്​ഥയാണ് അയോർട്ടിക് സ്റ്റെനോസിസ്. അയോർട്ടിക് സ്റ്റെനോസിസിനെ മൈൽഡ്, മോഡറേറ്റ്, സിവിയർ എന്നിങ്ങനെ മൂന്നായി തരം തിരിക്കാം. മൈൽഡ്, മോഡറേറ്റ് എന്നീ ഘട്ടങ്ങളിൽ രോഗികളെ പ്രത്യേകം നിരീക്ഷിക്കുകയും അവരുടെ ചിട്ടകളിൽ ചില മാറ്റങ്ങൾ വരുത്തി രോഗം ഗുരുതരമാകാതിരിക്കാനുള്ള നിർദേശങ്ങൾ നൽകുകയുമാണ് ചെയ്യുക. ഗുരുതര ഘട്ടമാണെങ്കിൽ രോഗികൾക്ക് ഉടൻതന്നെ ചികിത്സ ഉറപ്പാക്കണം, വാൽവ് മാറ്റിവെക്കുക എന്നതാണ് ഇതിനുള്ള പരിഹാരം.

രോഗലക്ഷണങ്ങൾ എന്തെല്ലാം?

വാൽവുകൾക്ക് കേടുപാട് സംഭവിച്ചാൽ ശരീരം അതിന്റെ ലക്ഷണങ്ങൾ കാണിച്ചുതുടങ്ങും. സാധാരണയായി ചെയ്യുന്ന ജോലികൾ ചെയ്യുമ്പോൾ കിതപ്പ്, ശ്വാസതടസ്സം, ക്ഷീണം എന്നിവ അനുഭവപ്പെടുക, നെഞ്ചുവേദന തുടങ്ങിയവയാണ് ലക്ഷണങ്ങൾ. പലപ്പോഴും ഇവ ശ്രദ്ധിക്കപ്പെടാതെ പോകുകയാണെങ്കിൽ തലച്ചോറിലേക്ക് രക്തം എത്താതെ ബോധക്ഷയമുണ്ടാകാനും ഹൃദയാഘാതം മൂലമുള്ള മരണത്തിനും കാരണമായേക്കാം. ആദ്യ ലക്ഷണങ്ങൾ കാണുമ്പോൾതന്നെ അസുഖത്തിന്റെ തീവ്രത മനസ്സിലാക്കി ചികിത്സിക്കണം.

എന്താണ് ടാവി?

ശസ്​ത്രക്രിയ കൂടാതെ ഹൃദയത്തിന്റെ വാൽവ് മാറ്റി​െവക്കുന്ന അതിനൂതന ചികിത്സാ രീതിയാണ് ടാവി (TAVI) അഥവാ ട്രാൻസ്​ കത്തീറ്റർ അയോർട്ടിക് വാൽവ് ഇംപ്ലാന്റേഷൻ. തകരാറിലായ അയോർട്ടിക് വാൽവ് മാറ്റിവെക്കേണ്ടിവരുകയും എന്നാൽ, പ്രായാധിക്യമോ മറ്റു അവശതകളോ കാരണം ഹൃദയം തുറന്നുള്ള ശസ്​ത്രക്രിയക്ക് വിധേയരാകാൻ സാധിക്കാതെ വരുകയും ചെയ്യുന്ന രോഗികളിലാണ് പൊതുവെ ടാവി ചെയ്യുന്നത്. ഹൃദയത്തിന്റെ വാൽവുകളിൽ കാത്സ്യം അടിഞ്ഞ് അവ കട്ടിയാകുന്ന ഘട്ടത്തിലാണ് ടാവി ചെയ്യുക.

ടിഷ്യൂ വാൽവാണ് ടാവിക്ക് ഉപയോഗിക്കുക. ടാവിയുടെ കൃത്രിമ വാൽവിനെ ഒരു നേർത്ത ട്യൂബിലേക്ക് ചുരുട്ടി കാലിലെ രക്തധമനിയുടെ കേടുവന്ന വാൽവിന് സമീപം എത്തിച്ച് ആൻജിയോഗ്രാം ചെയ്യുന്ന അതേ ടെക്നിക്കുകളിലൂടെ വിന്യസിക്കുകയാണ് ചെയ്യുക. അനിമൽ ടിഷ്യൂ വാൽവുകളും മെറ്റാലിക് വാൽവുകളും ഉപയോഗിച്ചാണ് ടാവി ചെയ്യുന്നത്. ഇതിൽ പ്രധാനമായും അനിമൽ ടിഷ്യൂ വാൽവുകളാണ് മേയ്ത്രയിൽ ഉപയോഗിക്കുന്നത്. മെറ്റാലിക് വാൽവുകളാകുമ്പോൾ രക്തം കട്ടപിടിക്കാതിരിക്കാനുള്ള മറ്റ് ഗുളികകൾ നിരന്തരം കഴിക്കേണ്ടിവരുന്നു എന്നൊരു പ്രതിസന്ധിയുണ്ട്. എന്നാൽ, അനിമൽ ടിഷ്യൂ വാൽവുകളാകുമ്പോൾ ഇത്തരം ബുദ്ധിമുട്ടുകളൊന്നും നേരിടേണ്ടിവരില്ല. ടിഷ്യൂ വാൽവിന് 10 മുതൽ 15 വർഷം വരെ ആയുസുണ്ടാകും.

ഹാർട്ട് ടീം

ഹാർട്ട് ടീം എന്നത് പാശ്ചാത്യ രാജ്യങ്ങളിൽ വ്യാപകമായുള്ള കൺസപ്റ്റാണ്. ഹൃദ്രോഗിയായ ഒരു വ്യക്തിയുടെ ചികിത്സയുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ എടുക്കുമ്പോൾ കാർഡിയോളജിസ്റ്റ് മാത്രമല്ലാതെ മറ്റു വിഭാഗങ്ങളുടെയും നിർദേശങ്ങൾ അനുസരിച്ച് ചികിത്സാരീതി നിർണയിക്കുന്നതാണ് ഹാർട്ട് ടീം എന്ന ആശയത്തിന്റെ കാതൽ. മേയ്ത്ര ആശുപത്രി ഇതിനകംതന്നെ ഹാർട്ട് ടീം കൺസപ്റ്റ് അവതരിപ്പിച്ചു കഴിഞ്ഞു.

കാർഡിയോളജിസ്റ്റ് മാത്രമല്ല, കാർഡിയാക് അനസ്​തറ്റിസ്റ്റ്, കാർഡിയാക് സർജൻ, ഇന്റൻസിവ് കെയർ വിഭാഗങ്ങളും ഈ ഹാർട്ട് ടീമിലുണ്ടാകും. രോഗികളുടെ അഭിപ്രായം കൂടി പരിഗണിച്ചായിരിക്കും ചികിത്സാരീതി നടപ്പാക്കുക. ഹാർട്ട് ടീം ഒറ്റക്കെട്ടായി ചികിത്സാരീതി നിർണയിക്കുന്നതിലൂടെ റിസ്​ക് കുറക്കാൻ സാധിക്കുന്നതിനോടൊപ്പം രോഗികൾക്ക് മെച്ചപ്പെട്ട ചികിത്സ ഉറപ്പാക്കാനും ഇതുവഴി സാധിക്കുന്നുവെന്നതാണ് പ്രത്യേകത. രോഗിയുടെ ഫിറ്റ്നസ്​, റിസ്​ക് എന്നിവ നോക്കിയതിനുശേഷമാണ് മേയ്ത്രയിൽ ചികിത്സ നിർദേശിക്കുക.

അയോർട്ടിക് സ്റ്റെനോസിസ്​ ഉണ്ടാകുന്നതെങ്ങനെ?

65 വയസ്സിന് മുകളിലുള്ളവർക്കാണ് അയോർട്ടിക് സ്റ്റെനോസിസ്​ കൂടുതലായി കണ്ടുവരുന്നത്. പ്രായാധിക്യം മൂലം വാൽവുകൾ ക്ഷയിക്കുക, അയോർട്ടിക് വാൽവിൽ കാത്സ്യം അടിഞ്ഞുകൂടുക എന്നിവ വഴി ഈ രോഗാവസ്​ഥയുണ്ടാകാം. കൂടാതെ ചെറുപ്പത്തിൽ ഉണ്ടാകുന്ന വാതപ്പനി മൂലവും ജന്മനാ അയോർട്ടിക് വാൽവിൽ മൂന്നു ഇതളുകൾക്ക് പകരം രണ്ടു ഇതളുകൾ മാത്രം കാണപ്പെടുന്ന അവസ്​ഥയും അയോർട്ടിക് സ്റ്റെനോസിസിന് കാരണമായി വരാറുണ്ട്. കേരളത്തിൽ വാതപ്പനി (Rheumatic fever) വളരെ അപൂർവമായതിനാൽ അതുമായി ബന്ധപ്പെട്ടുണ്ടാകുന്ന സങ്കീർgതകൾ വളരെ വിരളമായേ കാണപ്പെടാറുള്ളൂ.

ചികിത്സാ രീതികൾ

വാൽവ് മാറ്റിവെക്കുക എന്നതാണ് ഈ രോഗത്തിനുള്ള ഫലപ്രദമായ ചികിത്സ. ബലൂൺ വാൽവു ലോപ്ലാസ്റ്റി എന്ന ചികിത്സയും ഇതിന് നൽകിവരുന്നു. ചെറുപ്പക്കാരിൽ പൂർണമായും ഹൃദയം തുറന്നുള്ള ശസ്​ത്രക്രിയയിലൂടെ വാൽവ് മാറ്റിവെക്കുന്ന ചികിത്സാരീതിയാണ് പൊതുവെ ചെയ്തുവരുന്നത്. രോഗബാധിതമായ അയോർട്ടിക് വാൽവ് മാറ്റി പകരം മറ്റൊരു വാൽവ് തുന്നിപ്പിടിപ്പിക്കുന്നതാണ് ഈ രീതി. 65 വയസ്സിനു മുകളിലുള്ളവർക്ക് ടാവി ചികിത്സ നൽകിവരുന്നു.

സാധാരണ ചികിത്സാരീതി ഹൃദയം തുറന്ന ശസ്​ത്രക്രിയയിലൂടെ വാൽവ് മാറ്റിവെക്കുകയാണ് ചെയ്യുക. എന്നാൽ, പ്രായമായവരിൽ ഹൃദയം തുറന്നുള്ള ശസ്​ത്രക്രിയക്ക് റിസ്​ക് കൂടുതലായിരിക്കും. മാത്രമല്ല, അനസ്​തേഷ്യ നൽകുന്നതുമായി ബന്ധപ്പെട്ടും മറ്റ് അസുഖങ്ങൾ സൃഷ്ടിക്കുന്ന പ്രശ്നങ്ങളാലും ഹൃദയം തുറന്നുള്ള ശസ്​ത്രക്രിയ സങ്കീർണമാകും. 65 വയസ്സിന് ശേഷമാണ് സാധാരണയായി ഈ അസുഖം കണ്ടുവരുന്നത്. ഹൃദയം തുറക്കാതെ വാൽവ് മാറ്റിവെക്കുന്ന ടാവി ആവിഷ്കരിക്കാനുള്ള കാരണവും ഇതാണ്. 2002ലാണ് ആദ്യമായി ടാവി ഫ്രാൻസിൽ ചെയ്യുന്നത്. 2010ഓടെ യൂറോപ്പിൽ വ്യാപകമായി. അതിനുശേഷമാണ് യു.എസിൽ വരുന്നത്. 2016ൽ ഇന്ത്യയിൽ ആദ്യമായി നടപ്പാക്കിയ ഈ ചികിത്സ 2017ൽ കേരളത്തിലുമെത്തി. കേരളത്തിൽ ആദ്യമായി 50 ടാവി ചികിത്സ പൂർത്തിയാക്കിയത് മേയ്ത്രയാണ്.

ടാവിയുടെ ഗുണങ്ങൾ

കുറഞ്ഞ ദിവസത്തെ ആശുപത്രി വാസത്തിന് ശേഷം വളരെ വേഗം തന്നെ മികച്ച ചികിത്സ ഉറപ്പാക്കി വീട്ടിലേക്ക് മടങ്ങാമെന്നതാണ് ടാവിയുടെ പ്രത്യേകത. ഓപൺ ഹാർട്ട് സർജറി അല്ലാത്തതുകൊണ്ടുതന്നെ വലിയ മുറിവ് മൂലമുണ്ടാകുന്ന പ്രശ്നങ്ങളോ വേദനയോ അണുബാധപോലുള്ള വലിയ റിസ്​കുകളോ ടാവിക്ക് ഇല്ല. പ്രായം കൂടിയവർ, ശ്വാസകോശ സംബന്ധമായോ മറ്റോ അസുഖങ്ങളുള്ളവർ, ഹൃദയത്തിന്റെ മറ്റ് അസുഖങ്ങൾക്ക് ചികിത്സ തേടുന്നവർ തുടങ്ങിയവർക്ക് ധൈര്യത്തോടെ ടാവി ചെയ്യാം. ചെറിയ അനസ്​തേഷ്യ മാത്രമാണ് രോഗികൾക്ക് നൽകുക.

രോഗികളെ ബോധംകെടുത്തേണ്ട ആവശ്യം ഈ ചികിത്സക്കില്ല. ഓപൺ ഹാർട്ട് സർജറിക്കുശേഷമുള്ള ദീർഘനാളത്തെ ഐ.സി.യു –ആശുപത്രി വാസം, നിരന്തമായ ചെക്കപ്പ്, നീണ്ടനാളത്തെ പൂർണവിശ്രമം തുടങ്ങിയവ ടാവിക്ക് ആവശ്യമില്ല. ടാവിക്ക് ശേഷം ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽതന്നെ രോഗികൾക്ക് ദൈനംദിന ജീവിതചര്യകളിലേക്ക് മടങ്ങിവരാൻ സാധിക്കും.

Tags:    
News Summary - Heart valve problems

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.