കുട്ടികള്‍ കല്ലും മണ്ണും തിന്നുന്നത് മാനസിക പ്രശ്‌നമോ..?

നാലു വയസുള്ള പെണ്‍കുഞ്ഞുമായാണ് 26 വയസുള്ള അമ്മ സൈക്കോളജിസ്റ്റിനെ സമീപിച്ചത്. കുഞ്ഞ് ആഹാരം കഴിക്കാന്‍ വിമുഖത കാട്ടുന്നുവെന്നും ചുവരിലെ കുമ്മായവും അരി, കല്ല,് മണ്ണ് തുടങ്ങിയവ തിന്നുന്നു എന്നുമായിരുന്നു അമ്മയുടെ പരാതി. മാനസിക വൈകല്യമാണോ എന്നായിരുന്നു അവരുടെ പ്രധാന ആശങ്ക. സൈക്കോളജിസ്റ്റ് പരിശോധിക്കുകയും കുഞ്ഞിനോട് സംസാരിക്കുകയും ചെയ്തപ്പോള്‍ മാനസിക വൈകല്യം ഉള്ളതായി കണ്ടില്ല. പോഷകങ്ങളുടെ കുറവാണ് ഈ സ്വഭാവ വൈകല്യത്തിനു കാരണമെന്ന് അറിഞ്ഞപ്പോള്‍ ആ അമ്മക്ക് ആശ്വാസമായി.

കുട്ടികള്‍ മണ്ണും കല്ലും കഴിക്കുന്നുവെങ്കില്‍ രക്ഷാകര്‍ത്താക്കള്‍ ആ ശീലം മാറ്റിയെടുക്കാന്‍ ശ്രദ്ധിക്കണം. അജ്ഞത മൂലം കുട്ടികളെ ചില രക്ഷാകര്‍ത്താക്കള്‍ ശാസിക്കുകയും അടിക്കുകയും ചെയ്യാറുണ്ട്്. ഇതു പാടില്ല. ഇരുമ്പിൻെറയും മറ്റു ധാതുക്കളുടെയും കുറവാണ് മണ്ണും കല്ലും കഴിക്കുന്നതിന് കുട്ടികളെ പ്രേരിപ്പിക്കുന്നത്. കുട്ടികള്‍ കല്ല്, അരി, മണ്ണ് തുടങ്ങിയവയോട് താൽപര്യം കാട്ടുന്ന അവസ്ഥക്ക് പൈക (pica) എന്നാണ് പറയുന്നത്. കല്ല്, കരിക്കട്ട, മണ്ണ്, സിമൻറ്, കുമ്മായം കഴിക്കുന്നതിലൂടെ കുട്ടികള്‍ക്ക് വിവിധതരം രോഗങ്ങള്‍ പിടിപെടാന്‍ സാധ്യത ഏറെയാണ്. വിരശല്യം, വയറുവേദന, ഛര്‍ദ്ദി തുടങ്ങിയ പ്രശ്‌നങ്ങളാണ് മുഖ്യമായും ഉണ്ടാകുന്നത്.

എന്തുകൊണ്ട് മണ്ണു തീറ്റ?

പോഷക മൂല്യമുള്ള ഭക്ഷണം നല്‍കാനാണ് പ്രധാനമായും ശ്രദ്ധിക്കേണ്ടത്. ഇരുമ്പ്, സിങ്ക്, കാത്സ്യം, എന്നിവയുടെ കുറവാണ് ഇത്തരത്തില്‍ കുട്ടികളെ മണ്ണ് തിന്നാന്‍ പ്രേരിപ്പിക്കുന്നതെന്ന് വിദഗ്ധര്‍ പറയുന്നു. ചില കുട്ടികള്‍ പ്രായമായാലും ഇത്തരം ശീലം മാറ്റുന്നില്ല. കുട്ടികളിലെ മാനസികാവസ്ഥ പലപ്പോഴും ഇത്തരത്തിലുള്ള ശീലങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. ഈ ലക്ഷണങ്ങള്‍ കണ്ടാല്‍ തുടക്കത്തില്‍ മരുന്ന് തന്നെ നല്‍കേണ്ടത് അത്യാവശ്യമാണ്.


ഇരുമ്പ്, കാല്‍സ്യം, സിങ്ക് എന്നിവ ഗുളിക, സിറപ്പ് രൂപത്തില്‍ നല്‍കണം. ഇല്ലെങ്കില്‍ കൂടുതല്‍ പ്രശ്‌നങ്ങളിലേക്ക് എത്താന്‍ സാധ്യതയുണ്ട്. ഒപ്പം കൗണ്‍സിലിങും ആവശ്യമാണ്. ഇത്തരം സാധനങ്ങള്‍ കഴിച്ച് കുട്ടിക്ക് കുടലില്‍ പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ വളരെയധികം ശ്രദ്ധിക്കണം. ഇത്തരത്തിലുള്ള അവസ്ഥകള്‍ നേരത്തെ കണ്ടെത്തുന്നതിന് ശ്രദ്ധിക്കുന്നതാണ് നല്ലത്്. ഇത്തരം ശീലങ്ങളില്‍ നിന്ന് പലപ്പോഴും വയറു വേദന പോലുള്ള പ്രതിസന്ധികള്‍ കുട്ടികളില്‍ ഉണ്ടാവുന്നു. കുട്ടികളില്‍ മണ്ണ്, മുടി, സിമൻറ് എന്നിവ കഴിക്കുന്നതിനുള്ള സാധ്യതകള്‍ രക്ഷിതാക്കൾ ശ്രദ്ധിക്കണം.

ഭക്ഷണത്തിലൂടെ പരിഹാരം

പ്രതിരോധശേഷി കൂടാന്‍ സിങ്ക് അടങ്ങിയ ഭക്ഷണങ്ങള്‍ ആഹാരക്രമത്തില്‍ ഉള്‍പ്പെടുത്തണം. ശാരീരിക വളര്‍ച്ചക്കും വികാസത്തിനും സിങ്ക് ആവശ്യമാണ്. നാഡീവ്യവസ്ഥയുടെയും തലച്ചോറിൻെറയും പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ സിങ്ക് സഹായിക്കും. പോഷകങ്ങളുടെ കലവറയാണ് മുട്ട. വിറ്റാമിന്‍ എ, ബി, സി, ഡി, ഇ എന്നിവ മുട്ടയില്‍ അടങ്ങിയിരിക്കുന്നു. ഒപ്പം കാല്‍സ്യം, സോഡിയം, പൊട്ടാസ്യം, മഗ്‌നീഷ്യം, ഇരുമ്പ് എന്നിവയും മുട്ടയിലുണ്ട്. ഒരു കോഴി മുട്ടയില്‍ അഞ്ച് ശതമാനത്തോളം സിങ്ക് അടങ്ങിയിട്ടുണ്ട്. കശുവണ്ടിയില്‍ സിങ്ക്, ഇരുമ്പ്്, വിറ്റാമിന്‍ കെ, വിറ്റാമിന്‍ എ എന്നിവ അടങ്ങിയിരിക്കുന്നു.

കൊഴുപ്പു കുറഞ്ഞ മാംസം, മത്സ്യം, മുഴുധാന്യങ്ങള്‍, പയറുവര്‍ഗങ്ങള്‍, പാലും പാലുത്പന്നങ്ങളും, പഴങ്ങളും ഇലക്കറികളും മറ്റു പച്ചക്കറികളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. സിങ്ക്, എസന്‍ഷ്യല്‍ ഫാറ്റി ആസിഡുകള്‍, ബയോട്ടിന്‍, ആൻറി ഓക്സിഡൻറുകള്‍ എന്നിവയും ഇവയില്‍നിന്ന് ലഭിക്കും. തണ്ണിമത്തനിലും തണ്ണിമത്തന്‍ കുരുവിലും സിങ്ക് ഉള്‍പ്പെടെയുള്ള വിവിധതരം പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്.

ബ്ലൂബെറിയില്‍ നിരവധി ആൻറിഓക്‌സിഡൻറുകളും സിങ്കും അടങ്ങിയിരിക്കുന്നു. സിങ്ക് ധാരാളമായി അടങ്ങിയിരിക്കുന്ന ഭക്ഷണമാണ് പയര്‍വര്‍ഗങ്ങള്‍. ഇതില്‍ കൊഴുപ്പ് കുറവാണ്, മറ്റ് അവശ്യ പോഷകങ്ങളായ പ്രോട്ടീന്‍, നാരുകള്‍ എന്നിവയും അടങ്ങിയിട്ടുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.