പ്രായമായവരിലെ ചർമാരോഗ്യ പ്രശ്നങ്ങൾ

ശരീരത്തിലെ എല്ലാ അവയവങ്ങൾക്കും പ്രായം കൂടുന്നതിനനുസരിച്ചുള്ള മാറ്റങ്ങൾ സംഭവിക്കുന്നുണ്ടെങ്കിലും ചർമം പുറത്തേക്ക് ദൃശ്യമായ ഒരു അവയവം എന്ന നിലക്ക് കൂടുതൽ ശ്രദ്ധിക്കപ്പെടുന്നു. പ്രകൃതിയുമായി നേരിട്ട് സംവദിക്കുന്ന അവയവമാണ് ചർമം. അതുകൊണ്ടു തന്നെ വെയിൽ, മഴ, കാറ്റ്, അന്തരീക്ഷത്തിലെ താപവ്യതിയാനങ്ങൾ ഒക്കെ നിരന്തരം നേരിടുന്ന ചർമത്തിന് കാലങ്ങൾ കഴിയുമ്പോൾ മാറ്റങ്ങൾ അനിവാര്യമാണ്.

ചുളിവുകൾ

ചർമത്തിലെ ചുളിവുകൾ പ്രത്യേകിച്ച് മുഖത്ത് പ്രായത്തിനനുസരിച്ച് കൂടിവരുന്നത് സ്വാഭാവിക പ്രതിഭാസമാണ്. ചർമത്തിനടിയിലെ ഇലാസ്റ്റിക് ടിഷ്യൂ, കൊള്ളാജൻ എന്ന പ്രോട്ടീൻ എന്നിവയിൽ വരുന്ന വ്യതിയാനങ്ങളാണ് ഇതിന് പ്രധാന കാരണം.

സൂര്യരശ്മിയിലെ അൾട്രാ വയലറ്റ് വികിരണങ്ങൾ, താപവ്യതിയാനങ്ങൾ എന്നിവ ഇതിന്റെ വേഗത കൂട്ടുന്നുണ്ട്. ആധുനിക ചർമരോഗ ചികിത്സയിൽ ഇതൊക്കെ ഒരുപരിധിവരെ നിയന്ത്രിക്കാനുള്ള മാർഗങ്ങളുണ്ട്. ചുളിവുകൾ കുറക്കാനുള്ള കോസ്മറ്റിക് ചികിത്സകൾ ഇന്ന് വ​ളരെ പ്രചാരത്തിലുണ്ട്.

ചർമത്തിന്റെ വരൾച്ച

പ്രായമായവരിൽ കാണുന്ന ഏ​റ്റവും പ്രധാനമായ പ്രശ്നമാണ് ചർമത്തിന്റെ വരൾച്ചയും അതുമൂലമുണ്ടാകുന്ന ചൊറിച്ചിലും.തൊലിയിൽ ജലാംശവും കൊഴുപ്പി​​ന്റെ കണികകളും കുറയുമ്പോഴാണ് തൊലി വരണ്ടുണങ്ങി വെള്ളം വറ്റിയ പുഞ്ചപ്പാടം പോലെ വിണ്ടുകീറുന്നത്. പ്രമേഹരോഗവും വൃക്കരോഗങ്ങളുമുള്ളവരിൽ ചർമത്തിന്റെ വരൾച്ച കൂടുതൽ രൂക്ഷമായിരിക്കാൻ സാധ്യതയുണ്ട്.

തൊലിയിലെ ഉപരിതലത്തിലെ കോശങ്ങൾ തമ്മിലുള്ള വിടവ് കൂടുന്നത് തൊലിയിലെ ജലാംശം കൂടുതൽ നഷ്ടപ്പെടാൻ ഇടയാക്കുന്നു. കാലുകളിൽ തൊലിയിലെ വരൾച്ച കൂടുമ്പോൾ, തൊലി വിണ്ടുകീറി പൊട്ടാനും അണുബാധയുണ്ടാകാനും സാധ്യതയുണ്ട്. പ്രമേഹരോഗികൾ ഇത് പ്രത്യേകം ശ്ര​ദ്ധിക്കേണ്ടതും ചികിത്സ തേടേണ്ടതുമാണ്. മോയിസ്റ്ററൈസിങ് ക്രീമുകളുടെ നിരന്തരമായ ഉപയോഗവും സോപ്പിന്റെ ഉപയോഗം ഒരുപരിധിവരെ കുറക്കുന്നതും ചർമ വരൾച്ചയെ കുറക്കുന്നതിന് നല്ലതാണ്.

ചൊറിച്ചിൽ

പ്രായമായ രോഗികൾ ഉന്നയിക്കാറുള്ള പ്രധാന പരാതിയാണ് ചൊറിച്ചിൽ. ചൊറിച്ചിലിന്റെ പ്രധാന കാരണം തൊലിയിലുണ്ടാകുന്ന വരൾച്ച തന്നെയാണ്. തൊലിയിലേക്കുള്ള അതിലോലമായ നാഡികൾക്കുണ്ടാകുന്ന അപചയവും ചൊറിച്ചിലിന് കാരണമാണ്.

പ്രമേഹം, വൃക്കരോഗങ്ങൾ, തൈറോയ്ഡ്, രോഗങ്ങൾ എന്നിവയും ചൊറിച്ചിലിന് കാരണമാകാറുണ്ട്. ശക്തമായ ചൊറിച്ചിൽ പലപ്പോഴും ഉറക്കക്കുറവിന് കാരണമാകാറുണ്ട്. ശക്തമായ ചൊറിച്ചിലുള്ളവർ ഡോക്ടറുടെ നിർദേശപ്രകാരം ചികിത്സ തേടുന്നതായിരിക്കും ഉചിതം.

ചുവന്ന പാടുകൾ

കൈകളിലും ശരീരത്തിന്റെ ചില ഭാഗങ്ങളിലും ചുവപ്പ് നിറത്തിലോ ഇളംനീല നിറത്തിലോ ഉള്ള പാടുകൾ കാണുന്നത് പ്രായമായവരിൽ സാധാരണമാണ്. തൊലിയിലുണ്ടാകുന്ന ചെറിയ ഉരച്ചിലുകളോ ചിലപ്പോൾ പ്രത്യേക കാരണങ്ങൾ ഒന്നും ഇല്ലാതെയും ഇത് കാണാറുണ്ട്. ചർമത്തിന്റെ കട്ടി കുറയുന്നതും ചർമത്തിലേക്കുള്ള നേർത്ത രക്തക്കുഴലുകളുടെ ബലക്ഷയവുമാണ് ഇതിന് കാരണം. ഇതിന് പ്രത്യേകം ചികിത്സകൾ ആവശ്യമില്ല.

കാലിലെ നീരും വെരിക്കോസ് വെയിനുകളും

പ്രായമാകും തോറും രക്തക്കുഴലുകളിലുണ്ടാകുന്ന വ്യതിയാനങ്ങൾ മൂലം കാലിന് ചെറിയ തോതിൽ നീരും വെരിക്കോസ് വെയിനുകളും കാണാറുണ്ട്. കാൽ അധികനേരം തൂക്കിയിട്ടുള്ള യാത്രകൾ ഒഴിവാക്കുക, രാത്രികാലങ്ങളിൽ ചെറിയ തലയണ ഉപയോഗിച്ച് കാൽ ഉയർത്തിവെക്കുക എന്നിവ സഹായകരമാകും.കാലിൽ കൂടുതൽ നീരുള്ളവരും വെരിക്കോസ് വ്രണങ്ങൾ ഉള്ളവരും ഡോക്ടറെ കാണിച്ച് ചികിത്സിക്കേണ്ടതുണ്ട്.


പ്രായമേറും തോറും ചർമത്തിന്റെയും ശരീരത്തിന്റെയും പ്രതിരോധശക്തി കുറയുന്നതുകൊണ്ട് ബാക്ടീരിയ, വൈറസ്, ഫംഗസ് അണുബാധകൾക്ക് സാധ്യത കൂടുതലാണ്. ചർമം നിരന്തരം പരിചരണം ആവശ്യമുള്ള അവയവമാണ്. പ്രായമായവരിൽ ചർമ പരിചരണത്തിന് കൂടുതൽ പ്രസക്തിയുണ്ട്.

Tags:    
News Summary - old age- skin health problems

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.