തുടർ ഗർഭധാരണത്തിന് ഒരുങ്ങുന്നവരറിയാൻ...

സാമൂഹ്യ ജീവിയായ മനുഷ്യനെ പിടിച്ച് വെര്‍ച്വൽ ലോകത്തിടുമ്പോള്‍ ഉള്ള പ്രത്യാഘാതങ്ങള്‍ പ്രത്യേകിച്ചും, ആരോഗ്യപരമായത് ചിന്തിക്കുമ്പോള്‍ നല്ലതൊന്നുമേ പറയാനില്ല. കുഞ്ഞുങ്ങള്‍ തനിച്ചായി പോകുമ്പോഴാണ് അല്ലെങ്കിൽ അവരുടെ പരാതിയിലാണ് മിക്ക ദമ്പതികളും ഇപ്പോള്‍ രണ്ടാമത്തെ കുഞ്ഞിനെക്കുറിച്ച് ചിന്തിക്കുന്നതെന്ന് പറയാം.

ലോക്ഡൗണ്‍ കാലത്ത് നവജാതശിശുക്കളുടെ എണ്ണത്തിലെ വര്‍ദ്ധനവ് ശ്രദ്ധിച്ചിരുന്നോ. ഈ കാലയളവിൽ പലർക്കും 'വര്‍ക്ക് ഫ്രം ഹോം' എന്ന ഓപ്ഷനിൽ ജോലിചെയ്യാനായി. പുറത്തിറങ്ങാന്‍ കഴിയാതെ വീട്ടിലിരുന്ന മനുഷ്യര്‍ക്ക് തമ്മിൽ കൂടുതൽ അറിയാനും മനസ്സിലാക്കാനുമുള്ള സാഹചര്യം ഉണ്ടായി. മെറ്റേണിറ്റി ലീവ് പ്രശ്നമായതോടെ രണ്ടാമതൊരു കുഞ്ഞ് എന്ന ചിന്ത തന്നെ ഒഴിവാക്കിയ പലരെയും അറിയാം. മൂത്ത കുട്ടിയെ നോക്കാന്‍ ആളില്ലാത്തതും ജോലി സ്ഥലത്തെ പ്രഷറും, ടൈം മാനേജ്മെന്‍റിനെക്കുറിച്ചൊക്കെ കണ്‍സള്‍ട്ടിങ് റൂമിൽ വന്നിരുന്ന് വേവലാതിപ്പെട്ടവര്‍ ഇന്ന് ഹാപ്പിയായി സംസാരിക്കുന്നു. വീടിനുള്ളിലെ മാനസീകൈക്യം വര്‍ദ്ധിച്ചത് തന്നെയാണ് അടിസ്ഥാന കാരണമെന്ന് തോന്നുന്നു.

രണ്ടാമത്തെ കുഞ്ഞിലേക്കുള്ള ദൂരം വർധിക്കുന്നുണ്ടോ?

ജീവിതശൈലി രോഗങ്ങള്‍ ഏറ്റവും കൂടുതൽ കണ്ടു തുടങ്ങുന്നത് 35 വയസ്സിനു ശേഷമാണ്. രക്തത്തിൽ പഞ്ചസാരയുടെ അളവ് കൂടുന്നതും ബ്ലഡ്് പ്രഷറുമെല്ലാം ഗര്‍ഭിണിയായ സ്ത്രീകളെയും, ഗര്‍ഭ കാലത്തിനു തയ്യാറെടുക്കുന്ന സ്ത്രീകളെയും മാത്രമല്ല ഗര്‍ഭസ്ഥ ശിശുവിനെയും ബാധിക്കും. സ്ത്രീകളിൽ അണ്ഡങ്ങളുടെ എണ്ണം നിശ്ചിതമായതിനാലും ആര്‍ത്തവ വിരാമം ഇപ്പോള്‍ നേരത്തെയാകുന്നതും ഗര്‍ഭസാധ്യതയെ കുറക്കും. ഓരോ ആര്‍ത്തവ ചക്രം കഴിയുമ്പോഴും അണ്ഡങ്ങളുടെ എണ്ണത്തിൽ കുറവ് സംഭവിക്കുന്നു. ആര്‍ത്തവ വിരാമം അടുക്കുന്തോറും ഗുണമേന്മ കുറഞ്ഞ അണ്ഡങ്ങളാണ് ഉണ്ടാകുക.

പ്രായമേറുന്നതും ഡൗണ്‍സിൻട്രോമും തമ്മിലെന്ത് ബന്ധം?

ക്രോമോസോമൽ ഡിസ്ഓര്‍ഡര്‍ എന്നൊന്നും പറയില്ലെെങ്കിലും ഡൗണ്‍സിന്‍ട്രോം എന്ന വാക്ക് പരിചിതമായിരിക്കുമല്ലോ. അമ്മയിൽ പ്രായമേറുന്നത് ഗര്‍ഭസ്ഥ ശിശുവിന് ഡൗണ്‍സിന്‍ട്രോം ഉണ്ടാകാനുള്ള ഒരു പ്രധാന കാരണമാണ്. ആരോഗ്യമുള്ള കുഞ്ഞാണല്ലോ ഓരോ മാതാപിതാക്കളുടെയും സമ്പാദ്യം. സ്ത്രീകളിൽ വയസ്സ് കൂടുന്നത് ഗര്‍ഭമലസലിനും ഗര്‍ഭകാലം പൂര്‍ത്തിയാകുന്നതിന് മുമ്പ് കുഞ്ഞ് ജനിക്കുന്നതിനും നവജാതശിശുവിന് ഭാരക്കുറവ് ഉണ്ടാകാനും പ്രസവത്തിന് മുമ്പോ അതിനു ശേഷമോ ബ്ലീഡിങ് ഉണ്ടാകാനുമുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു.

ആദ്യത്തേത് പ്രസവമോ സിസേറിയനോ ആയിക്കൊള്ളട്ടെ, ഇതൊന്ന് ശ്രദ്ധിച്ചോളൂ

ആരോഗ്യമുള്ള ഗര്‍ഭധാരണമാണ് അമ്മക്കു വേണ്ടത്. ആദ്യ കണ്‍മണിക്കു ശേഷം രണ്ടാമതൊരു കുഞ്ഞിനു വേണ്ടി ആദ്യ ഗര്‍ഭധാരണത്തിലുമുപരിയുള്ള ശാരീരികവും മാനസീകവുമായ തയ്യാറെടുപ്പുകള്‍ നടത്തുന്നത് നന്നാകും. ദീര്‍ഘമായ കാലയളവ് എന്നല്ല പറയുന്നത്, ദീര്‍ഘമായ കാലയളവിലെ പ്രശ്നങ്ങള്‍ പറഞ്ഞല്ലോ, ആദ്യ പ്രസവത്തിൽ നിന്നുണ്ടായ ശാരീരിക ക്ഷതങ്ങള്‍ ഇല്ലായ്മ ചെയ്യണം. ശരീരത്തിൽനിന്നും നഷ്ടപ്പെട്ട് പോയ പോഷകാംശങ്ങളും വീണ്ടെടുക്കേതുണ്ട്. ഗര്‍ഭ ധാരണവും മുലയൂട്ടലും മാത്രമല്ല, അമ്മയെന്ന നിങ്ങളുടെ റോള്‍ ആസ്വദിക്കാനും നിങ്ങള്‍ക്ക് നിങ്ങളുടേതായ സ്പേയ്സ് കണ്ടെത്താനും ചിലവഴിക്കാനുമെല്ലാം സമയം നീക്കിവെക്കേണ്ടതായുണ്ട്. ഡോക്ടര്‍മാര്‍ നിങ്ങളുടെ ആരോഗ്യം വിലയിരുത്തി പറയുന്ന ഇടവേളകള്‍ ഓരോ ഗര്‍ഭധാരണത്തിനും മുമ്പ് എടുക്കുന്നത് ആരോഗ്യപരമായും മാനസികപരമായും നിലനിൽക്കാന്‍ സഹായിക്കും.

ഗര്‍ഭകാലവും വിഷാദ രോഗവും

ഗര്‍ഭകാലം പൊതുവെ സ്ത്രീകളിൽ ശാരീരികവും വൈകാരികവും സാമ്പത്തികവും സാമൂഹികവുമായ ഉത്കണ്ഠകള്‍ കൂടിവരുന്ന സമയമാണ്. രണ്ടാമത്തെ കുഞ്ഞാണെങ്കിൽ ആദ്യ കുഞ്ഞിനെക്കുറിച്ചുള്ള ആവലാതികള്‍ വേറെയുമുണ്ടാകും. പോസ്റ്റ്പാര്‍ട്ടം പ്രീപാര്‍ട്ടം ഡിപ്രഷന്‍, ബേബിബ്ലുസ് സിംപ്റ്റംസ് എന്നൊക്കെ പല പേരുകള്‍ പറയാമെങ്കിലും മാനസികനിലയിൽ പെട്ടെന്ന് വരുന്ന മാറ്റം, അതിനെക്കുറിച്ച് പങ്കുവെക്കാന്‍ ആളുകള്‍ ഇല്ലാത്തതെല്ലാം ഇപ്പോള്‍ സ്ത്രീകള്‍ അനുഭവിക്കുന്ന പ്രധാന പ്രശ്നങ്ങളാണ്. ഇങ്ങനെ ഉള്ള അവസ്ഥയിലൂടെ കടന്നു പോകുന്നവരാണെങ്കിൽ നിര്‍ന്ധമായും നിങ്ങളുടെ ഡോക്ടറോടു തുറന്നു പറയേണ്ടതാണ്. കൗണ്‍സിലിങിനായി സമയം മാറ്റിവെക്കേണ്ടതുമാണ്.

ഇഷ്ടമുള്ളത് ചെയ്യൂ, മാതൃത്വം ആഘോഷമാക്കാം

  • മെഡിറ്റേഷനായി കുറച്ച് സമയം മാറ്റി വെക്കുക.
  • നന്നായി വെള്ളം കുടിക്കുക.
  • ശുദ്ധവായു ലഭിക്കത്തക്ക വിധം മുറി ക്രമീകരിക്കുക.
  • നാടന്‍ ഭക്ഷണ ക്രമങ്ങള്‍ ശീലിക്കുക.
  • മദ്യപാനവും പുകവലിയും ഇവ ഉള്‍പ്പെടുന്ന പാര്‍ട്ടികളും ഒഴിവാക്കുക.
  • പ്രഗ്‌നന്‍സി ഇന്‍ഡ്യൂസ്ഡ് ഹൈപ്പര്‍ ടെന്‍ഷന്‍, പ്രീ എക്ലാംസിയ മുതലായവയ്ക്ക് സാധ്യതകളുള്ളതിനാൽ ഡോക്ടര്‍ നിര്‍ദ്ദേശിക്കുന്ന സമയത്ത് തന്നെ കണ്‍സള്‍ട്ടേഷന്‍ നടത്തുക.
  • ആദ്യ മൂന്ന് മാസം ശ്രദ്ധിക്കുക. ഈ കാലയളവിൽ യാത്ര ഒഴിവാക്കുന്നത് നല്ലതാണ്. ഗര്‍ഭസ്ഥ ശിശുവിന്‍റെ അവയവ വളര്‍ച്ച നടക്കുന്നത് ഈ കാലയളവിലാണ്.
  • എപ്പോഴും കുഞ്ഞുമായി സംസാരിക്കുക. 38 ആഴ്ചയും ഇത് തുടരുക. അമ്മയും കുഞ്ഞും ഒരു പോലെ സന്തോഷത്തോടെയും ആരോഗ്യത്തോടെയും ഇരിക്കട്ടെ.
ഡോ. പ്രേമു ജോണ്‍സണ്‍, എം.ബി.ബി.എസ്, ഡി.ജി.ഒ, സീനിയര്‍ കണ്‍സള്‍ട്ടന്‍റ് റീപ്രൊഡക്ടീവ് മെഡിസിന്‍. ഫോണ്‍: 9946 043 297.
Tags:    
News Summary - things to know before getting pregnant again

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.