ലോകത്തെ ആദ്യ കോവിഡ് വാക്സിന് അനുമതി നൽകിയിരിക്കുകയാണ് റഷ്യ. തന്‍റെ മകൾക്ക് വാക്സിൻ ഡോസ് നൽകിയതായി പ്രസിഡന്‍റ് വ്ളാദിമിർ പുടിൻ തന്നെ പ്രഖ്യാപിച്ചുകഴിഞ്ഞു. എന്നാൽ, റഷ്യയുടെ വാദത്തെ ലോകമെമ്പാടുമുള്ള ആരോഗ്യ വിദഗ്ധർ പൂർണമായും അംഗീകരിച്ചിട്ടില്ല. ലോകം നേരിടുന്ന ഒരു മഹാമാരിക്കുള്ള പ്രതിവിധിയെന്ന നിലക്ക്, വാക്സിൻ വികസിപ്പിക്കുന്നതിൽ രാജ്യങ്ങൾ തമ്മിൽ മത്സരം തന്നെ നടക്കുന്ന സാഹചര്യത്തിൽ റഷ്യയുടെ അവകാശവാദത്തിൽ നിരവധി പേർ സംശയം ഉയർത്തുന്നുണ്ട്.
മോസ്കോയിെല ഗമേലയ ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ടും റഷ്യൻ പ്രതിരോധ മന്ത്രാലയവും സംയുക്തമായി വികസിപ്പിച്ചെടുത്ത വാക്സിന് ചൊവ്വാഴ്ചയാണ് ആരോഗ്യ മന്ത്രാലയം പച്ചക്കൊടി കാട്ടിയതെന്ന് പുടിനെ ഉദ്ധരിച്ച് അന്താരാഷ്ട്ര വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. വാക്സിെൻറ വൻ തോതിലുള്ള ഉൽപാദനം ഉടൻ തുടങ്ങാൻ കഴിയുമെന്നും പുടിൻ പ്രത്യാശ പ്രകടിപ്പിച്ചിട്ടുണ്ട്.
ക്ലിനിക്കൽ പരീക്ഷണം പൂർത്തിയാകുന്നതിന് മുമ്പ് തന്നെ വാക്സിൻ ലഭ്യമാക്കുമ്പോളുണ്ടാകുന്ന ആരോഗ്യ സുരക്ഷാ പ്രശ്നങ്ങളും വാക്സിൻ എത്രത്തോളം ഫലപ്രദമാകുമെന്നതുമാണ് സംശയത്തിനിടയാക്കുന്നത്.
വാക്സിൻ വികസനത്തിന്‍റെ കാര്യത്തിൽ റഷ്യ അനാവശ്യ തിടുക്കം കാണിക്കുന്നതായി ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകിയിരുന്നു. റഷ്യയിലും ചൈനയിലും നിർമിക്കുന്ന വാക്സിനെ കുറിച്ച് അമേരിക്കൻ ആരോഗ്യ വിദഗ്ധർ സംശയം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.
കോവിഡ് രോഗകാരിയായ സാർസ്-CoV-2 വിഭാഗം വൈറസുകളുടെ ജനിതക വസ്തുവായ ഡി.എൻ.എയെ അടിസ്ഥാനമാക്കിയുള്ളതാണ് റഷ്യയുടെ വാക്സിൻ. രോഗം പകർത്താൻ ശേഷിയില്ലാത്ത വൈറസിനെയാണ് വാക്സിനിൽ ഉപയോഗിക്കുന്നത്. ഇവക്ക് രോഗം പകർത്താൻ കഴിയില്ലെങ്കിലും രോഗത്തിനെതിരായി ഒരു പ്രതിരോധ ശേഷി ശരീരത്തിൽ തയാറാക്കി നിർത്താൻ സാധിക്കും. വാക്സിനിൽ ഉപയോഗിച്ച കൊറോണ വൈറസ് വസ്തുക്കൾക്ക് വിഭജിച്ച് വർധിക്കാനുള്ള ശേഷിയില്ലെന്നും ഇവ ശരീരത്തെ ഒരു തരത്തിലും ബാധിക്കില്ലെന്നും ഗമലേയ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ അലക്സാൻഡർ ഗിൻസ്റ്റ്ബർഗ് ചൂണ്ടിക്കാട്ടുന്നു.
വാക്സിൻ ക്ലിനിക്കൽ പരീക്ഷണത്തിന്‍റെ ഒന്നാംഘട്ടത്തിലെ ഫലം മാത്രമേ റഷ്യ പൊതുജനങ്ങൾക്ക് ലഭ്യമാക്കിയിട്ടുള്ളൂ. ഇത് വിജയമാണെന്നും രോഗപ്രതിരോധം നിർമിച്ചെടുക്കുന്നതിൽ വിജയിച്ചെന്നും റഷ്യ അവകാശപ്പെടുന്നു. പരീക്ഷണത്തിൽ പങ്കെടുത്തവർക്ക് ആർക്കും സൈഡ് എഫക്ടുകളോ മറ്റ് പ്രശ്നങ്ങളോ ഇല്ലെന്ന് റഷ്യൻ വാർത്താ ഏജൻസി ജൂലൈ മധ്യത്തിൽ റിപ്പോർട്ട് ചെയ്തിരുന്നു.
ജൂൺ 17നാണ് ഒന്നാംഘട്ട പരീക്ഷണം തുടങ്ങിയത്. 76 പേരിലാണ് പരീക്ഷണം നടത്തിയത്. ഭൂരിഭാഗവും സൈനികരാണ്. പകുതി പേരിൽ ദ്രാവക രൂപത്തിലും ബാക്കി പേർക്ക് ജലത്തിൽ ലയിക്കുന്ന പൗഡർ രൂപത്തിലുമാണ് വാക്സിൻ നൽകിയത്.
രണ്ടാംഘട്ട പരീക്ഷണം ജൂലൈ 13ന് തുടങ്ങിയെന്നാണ് റിപ്പോർട്ടുകൾ. ഓഗസ്റ്റ് മൂന്നിന് ക്ലിനിക്കൽ പരീക്ഷണങ്ങൾ പൂർത്തിയാക്കിയതായി റഷ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാൽ, മൂന്ന് ഘട്ടവും പൂർത്തിയായോ രണ്ടാംഘട്ടം മാത്രമാണോ പൂർത്തിയായത് എന്ന് വിശദീകരിച്ചിരുന്നില്ല. സാധാരണ ഗതിയിൽ ഒന്നിലേറെ മാസങ്ങൾ രണ്ടാംഘട്ട പരീക്ഷണത്തിന് തന്നെ ആവശ്യമായി വരുമെന്നാണ് പലരും ചൂണ്ടിക്കാട്ടുന്നത്.
റഷ്യ വാക്സിൻ വികസിപ്പിച്ചതിലെ സൂപർ ഫാസ്റ്റ് വേഗം തന്നെയാണ് വലിയ സംശയമുയർത്തുന്നത്. ഇത് പൗരന്മാരെ അപകടത്തിലാക്കുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. വാക്സിൻ വികസിപ്പിക്കുന്നതിലെ മുൻനിരക്കാരായ ഓക്സ്ഫഡ്-ആസ്ട്രസെനാക്ക, മോഡേണ, ഫൈസർ തുടങ്ങിയവയെ പിന്നലാക്കിയാണ് റഷ്യയുടെ അതിവേഗ വാക്സിൻ വന്നത്.
പലപ്പോഴും വർഷങ്ങൾ തന്നെയെടുക്കുന്ന വാക്സിൻ പരീക്ഷണം റഷ്യ രണ്ട് മാസത്തിനകം പൂർത്തിയാക്കിയത് എങ്ങനെയെന്നാണ് ചോദ്യം ഉയരുന്നത്. എന്നാൽ, കൊറോണ വിഭാഗത്തിൽപെട്ട വൈറസ് പരത്തുന്ന മിഡിൽ ഈസ്റ്റ് റെസ്പിരേറ്ററി സിൻഡ്രോം (MERS) എന്ന രോഗത്തിനുള്ള വാക്സിൻ നിരവധി തവണ പരീക്ഷണങ്ങൾക്ക് വിധേയമായതാണെന്നും കോവിഡ് വാക്സിന് ഇതുമായി ഏറെ സാമ്യമുണ്ടെന്നും റഷ്യ അവകാശപ്പെടുന്നു. ഇതാണ് അതിവേഗം കോവിഡ് വാക്സിൻ യാഥാർഥ്യമായതിന്‍റെ കാരണങ്ങളിലൊന്നായി റഷ്യ അവകാശപ്പെടുന്നത്.
റഷ്യയുടെ വാക്സിൻ അവകാശവാദത്തിൽ സംശയമുണ്ടെന്ന് യു.എസിലെ ജോർജ് ടൗൺ യൂനിവേഴ്സിറ്റിയിലെ ആരോഗ്യ-നിയമ വിദഗ്ധൻ വാർത്താ ഏജൻസിയായ അസോസിയേറ്റ് പ്രസിനോട് പ്രതികരിച്ചു. ആവശ്യമായ സമയമെടുക്കാതെയുള്ള വാക്സിൻ ഫലപ്രദമാകില്ലെന്ന് മാത്രമല്ല, സുരക്ഷിതമല്ലെന്ന ഭയവുമുണ്ടെന്ന് ഇദ്ദേഹം പറയുന്നു.
കൃത്യമായ പരിശോധനക്ക് മുമ്പ് വാക്സിൻ വിതരണം ചെയ്യുന്നത് ഏറെ കുഴപ്പം പിടിച്ചതാണെന്നും റഷ്യയും ചൈനയും വാക്സിൻ പരീക്ഷണം കൃത്യമായി ചെയ്യണമെന്നാണ് താൻ ആഗ്രഹിക്കുന്നതെന്നും അമേരിക്കൻ പൊതുജനാരോഗ്യ വിദഗ്ധൻ അന്‍റോണി ഫ്യൂസി നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.
ഈ വർഷത്തെ ഓരോ മാസവും ആയിരക്കണക്കിന് ഡോസ് വാക്സിൻ നിർമിക്കുമെന്നും വരും വർഷത്തിൽ ദശലക്ഷക്കണക്കിന് വാക്സിൻ നിർമിക്കുമെന്നുമാണ് റഷ്യയുടെ വ്യാപാര-വ്യവസായ മന്ത്രി ഡെനിസ് മാന്‍റുറോവ് പറഞ്ഞത്. വാക്സിെൻറ വൻ തോതിലുള്ള ഉൽപാദനം ഉടൻ തുടങ്ങാൻ കഴിയുമെന്ന് പ്രസിഡന്‍റ് പുടിനും പ്രത്യാശ പ്രകടിപ്പിച്ചിട്ടുണ്ട്. സെപ്റ്റംബറിൽ വാക്സിൻ ആരോഗ്യ പ്രവർത്തകർക്ക് നൽകി തുടങ്ങുമെന്നും ജനുവരിയോടെ പൊതുജനങ്ങൾക്കായി ലഭ്യമാക്കുമെന്നും റഷ്യൻ ഉപപ്രധാനമന്ത്രി തത്യാന ഗോളികോവ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.