ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങൾ തുടങ്ങികഴിഞ്ഞു. എന്നാൽ ആഘോഷങ്ങൾക്കും ആവേശങ്ങൾക്കും പുറമെ, ആരോഗ്യത്തിന് പ്രഥമ പരിഗണന നൽകേണ്ടത് അത്യാവശ്യമാണ്. മറ്റ് ദിവസങ്ങളിൽ നിന്ന് വ്യത്യസ്തമായി ക്രിസ്മസ്, ന്യൂ ഇയര്‍ ആഘോഷങ്ങളോടനുബന്ധിച്ച് ഈ ആഴ്ചകളില്‍ മദ്യപാനത്തിലും വർധനവുണ്ടാകാറുണ്ട്. ഡിസംബര്‍ 25നും ജനുവരി ഒന്നിനും ഇടയിലാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ ഹൃദയാഘാതം മൂലം മരിക്കുന്നതെന്നാണ് കണക്കുകൾ പറയുന്നത്.
തണുത്ത താപനില രക്തക്കുഴലുകൾ ചുരുങ്ങാൻ കാരണമാകുന്നു. ഇത് രക്തസമ്മർദ്ദം വർധിപ്പിക്കുകയും രക്തം പമ്പ് ചെയ്യാൻ ഹൃദയത്തെ കഠിനമായി പ്രവർത്തിക്കുകയും ചെയ്യുന്നു. അവധിക്കാലത്തെ സമ്മർദ്ദവും, മാറുന്ന ദിനചര്യകളും, ഉറക്ക കുറവ്, അമിത മദ്യപാനം എന്നിവ ഹൃദയ പ്രവർത്തനത്തിന് വില്ലനാകും. കനത്ത മഞ്ഞുവീഴ്ചയുള്ള സ്ഥലങ്ങളിൽ ജോലി ചെയ്യുന്നവർക്കും നിലവിൽ ഹൃദ്രോഹമുള്ളവർക്കും അപകട സാധ്യത കൂടുതലാണ്.
ഹൃദയാഘാതത്തിന്‍റെയോ സ്ട്രോക്കിന്‍റെയോ ലക്ഷണങ്ങൾ കണ്ടാൽ പലരും അവഗണിക്കുകയാണ് ചെയ്യുന്നത്. മദ്യപാനവും പുകവലിയും രക്തസമ്മര്‍ദ്ദവും പ്രമേഹവും ഉയര്‍ത്തുമെന്നതിനാല്‍ ആഘോഷങ്ങൾക്കിടയിൽ ഹൃദയത്തെ പരിഗണിക്കേണ്ടത് ആവശ്യമാണ്. അനാരോഗ്യകരമായ ഭക്ഷണരീതിയും രോഗങ്ങൾ വരുത്താം.
നെഞ്ചിലെ അസ്വസ്ഥത, ശ്വാസംമുട്ടല്‍, തലകറക്കം, ക്ഷീണം, വിറയല്‍, ഉത്കണ്ഠ, കാഴ്ച്ച മങ്ങല്‍ തുടങ്ങിയ പ്രയാസങ്ങള്‍ അനുഭവപ്പെട്ടാല്‍ പ്രത്യേകം ശ്രദ്ധിക്കണം. ഉയര്‍ന്ന രക്തസമ്മര്‍ദം, പ്രമേഹം, ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ എന്നിവയുള്ളവരും മാനസിക സമ്മര്‍ദം അനുഭവിക്കുന്നവരും ശാരീരിക ആരോഗ്യത്തിൽ ശ്രദ്ധ ചെലുത്തണം.
ആഘോഷ തിമിർപ്പിലും വ്യായാമം മുടക്കരുത്. വേണ്ടത്ര ഉറക്കം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. ശരീരത്തിനും മനസ്സിനും ഉന്മേഷം ലഭിക്കാൻ ദിവസവും ഏഴ് മുതൽ ഒൻപത് മണിക്കൂർ വരെ ഉറക്കം ആവശ്യമാണ്. ജലാംശം നിലനിർത്താൻ ധാരാളം വെള്ളം കുടിക്കണം. ഇത് ആരോഗ്യകരമായ ദഹനത്തെ പ്രോത്സാഹിപ്പിക്കുകയും ഊർജനില നിലനിർത്തുകയും ചെയ്യുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.