ഇന്ന് ജൂൺ 14, ലോക രക്തദാന ദിനം. രക്തദാനത്തിന്റെ പ്രാധാന്യത്തെ കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനാണ് നാം ഇങ്ങനെ ഒരു ദിനം കൊണ്ടാടുന്നത്. രക്‌തഗ്രൂപ്പുകളെ കണ്ടെത്തിയ കാൾ ലാന്റ് സ്റ്റൈയിനർ എന്ന ശാസ്ത്രജ്ഞന്റെ ജന്മദിനമാണ് രക്‌തദാന ദിനമായി ലോകം ആചരിക്കുന്നത്. ഈ ദിനാചരണത്തിലൂടെ കൂടുതൽ ആളുകളെ രക്തദാനം ചെയ്യാൻ വേണ്ടി പ്രോത്സാഹിപ്പിക്കുന്നു. ഒഴുകുന്ന ജീവൻ എന്ന വിശേഷണത്തോടെയാണ് ആരോഗ്യരംഗം രക്തത്തെ കാണുന്നത്. രക്തദാനം ജീവദാനം ആയി കാണുന്നത് തന്മൂലം നമുക്ക് ഒരു ജീവൻ സംരക്ഷിക്കാനാവുന്നതിനാലാണ്. ആരോഗ്യമുള്ള ഏതൊരാൾക്കും രക്തദാനം ചെയ്യാം.
പണത്തിന്റെയും ജാതിയുടെയും മതത്തിന്റെയും പേരിൽ ധാരാളം അവഗണനകൾ ഇന്നും നടക്കുന്നുണ്ടെങ്കിലും രക്തം കൊടുക്കുമ്പോഴോ വാങ്ങുമ്പോഴോ നാം തിരിച്ചറിയണം ഇത്തരം ചിന്താഗതികളിലെ വൈരുധ്യം. അവിടെയാണ് രക്തദാനം മഹാദാനമാകുന്നതും ലോക രക്തദാന ദിനത്തിന് പ്രസക്തിയേറുന്നതും.
ജൂൺ 14 ലോക രക്തദാന ദിനം നമ്മൾ കൊണ്ടാടുമ്പോൾ അതിന്റെ പ്രാധാന്യം ഏവരും തിരിച്ചറിയേണ്ടതുണ്ട്. രക്തദാനത്തിലൂടെ നാം ഒരാൾക്ക് ജീവിതം തന്നെയാണ് കൊടുക്കുന്നത് ആ നന്മക്ക് പകരം വെക്കാനായി ഒന്നുമില്ലെന്ന് നാം തിരിച്ചറിയണം. അപകട ചികിത്സകളിൽ, ശസ്തക്രിയ വേളകളിൽ, പ്രസവസമയങ്ങളിൽ എല്ലാം മനുഷ്യന് രക്തം ആവശ്യമായി വരും. ഇതിനൊക്കെയായി ആശുപത്രികളിൽ ബ്ലഡ് ബാങ്ക് സംവിധാനം നിലവിലുണ്ട്.
രക്തദാനം ഒരു മഹാദാനമാണ് മറ്റൊരാൾക്ക് നമ്മുടെ രക്തത്തിലൂടെ ജീവൻ പകർന്ന് നൽകുന്നു. മൂന്നു മാസത്തിലൊരിക്കൽ രക്തദാനം ചെയ്യാവുന്നതാണ്. ശരാശരി ആറു ലിറ്റർ രക്തമാണ് നമ്മുടെ ശരീരത്തിലുള്ളത്. ഇതിൽ 350 മില്ലിലിറ്റർ രക്തം മാത്രമേ ദാനം ചെയ്യാനായി എടുക്കേണ്ടതുള്ളു. ഈ രക്തം 24 മുതൽ 48 മണിക്കൂറിനുള്ളിൽ ശരീരത്തിൽ വീണ്ടും ഉൽപാദിപ്പിക്കുന്നു.
രക്തദാനം ശരീരത്തിൽ പുതിയ കോശനിർമിതിക്ക് സഹായകമാകുന്നു. അതിനാൽ തന്നെ രക്തദാനം ഒരിക്കലും ദോഷകരമായി ബധിക്കുന്നില്ല. രക്തദാനം ചെയ്യുന്നവർക്ക് എച്ച്.ഐ.വി, മഞ്ഞപ്പിത്തം, സിഫിലിസ് തുടങ്ങിയ രോഗനിർണയം നടത്തി രോഗമില്ലെന്ന് ഉറപ്പ് വരുത്തിയിട്ടാണ് രക്തം എടുക്കുന്നത്. ഏറ്റവും കൂടുതൽ സന്നദ്ധ രക്തദാനം ചെയ്യുന്നവർ പശ്ചിമ ബംഗാളുകരാണ്.
ആദ്യകാലങ്ങളിൽ മനുഷ്യനിലുണ്ടാകുന്ന രക്തസ്രാവം വളരെ ഗുരുതരമായ പ്രശ്നമായിരുന്നു. രക്തം സ്വീകരിക്കാൻ ആദിമ കാലങ്ങളിൽ പരീക്ഷിച്ചിരുന്ന രീതി രോഗി ആരോഗ്യവാനായ മനുഷ്യ ശരീത്തിൽ നിന്ന് വായിലൂടെ നേരിട്ട് വലിച്ച് കുടിക്കൽ ആണ്. പിന്നീട് 1628ൽ വില്യം ഹാർവി രക്തചംക്രമണം കണ്ടെത്തിയതോടെ ഈ രീതി നിലച്ചു.
1667ൽ ചെമ്മരിയാട്ടിൽ നിന്ന് മനുഷ്യനിലേക്ക് രക്തം സ്വീകരിച്ച് വിജയിച്ചു. 1818ൽ ആദ്യമായി മനുഷ്യനിൽ നിന്ന് മനുഷ്യൻ രക്തം സ്വീകരിച്ചു. പ്രസവത്തെ തുടർന്ന് രക്തസ്രാവം ഉണ്ടായ ഒരു സ്ത്രീക്കായിരുന്നു അന്ന് രക്തം നൽകിയത്. ഈ പരീക്ഷണങ്ങൾക്കിടെ ഗ്രൂപ്പ് മാറി രക്തം സ്വീകരിക്കാനിടയാവുകയും പലരും മരിക്കാനിടവരികയും ചെയ്തു. 20-ാം
നൂറ്റാണ്ടിലാണ് ഇന്നത്തെ പോലെ സുരക്ഷിതമായ രക്തസന്നിവേശമാർഗങ്ങൾ സ്വീകരിച്ച് തുടങ്ങിയത്. സോഡിയം സിട്രേറ്റ് രക്തത്തിൽ കലർത്തി ശീതികരണയന്ത്രത്തിൽ വെച്ച് രക്തം കട്ടപിടിക്കാതെ സൂക്ഷിക്കാമെന്ന 1914ലെ കണ്ടെത്തൽ രക്തബാങ്ക് എന്ന ആശയത്തിന്റെ വൻ വിജയമായിരുന്നു. 1948ൽ രക്തം ശേഖരിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകൾ ഇറങ്ങിയതോടെ സുരക്ഷിതമായി രക്തം സൂക്ഷിച്ചുവെക്കാൻ സാധിച്ചു.
1901ൽ കാൾ ലാൻസ്റ്റെയിനർ ആണ് എ, ബി, ഒ എന്നീ രക്‌തഗ്രൂപ്പുകൾ കണ്ടെത്തിയത്. ചുവന്ന രക്താണുക്കളുടെ ആന്റിജന്റെ സാന്നിധ്യവും അസാന്നിധ്യവും അടിസ്ഥാനമാക്കിയാണ് രക്ത ഗ്രൂപ്പുകൾ പോസിറ്റീവ്, നെഗറ്റീവ് എന്നിങ്ങനെ തരംതിരിക്കുന്നത്. ഇതിലൊന്നും പെടാത്ത അപൂർവ രക്തഗ്രൂപ്പാണ് ബോംബേ രക്ത ഗ്രൂപ്പ് എന്നറിയപ്പെടുന്ന എച്ച്.എച്ച് രക്തഗ്രൂപ്പ്. 10000 ത്തിൽ ഒരാൾക്കാണ് ബോംബേ രക്തഗ്രൂപ്പ് കാണുന്നത്. 1868 ജൂൺ 14നാണ് കാൾ ലാൻസ്റ്റെയിനർ ജനിച്ചത് അതിനാലാണ് ജൂൺ 14 ലോക രക്തദാനദിനമായി ആചരിക്കുന്നത്.
ജീവന്റെ ഒരു തുള്ളിയായ രക്തം ദാനം ചെയ്യുന്നതിലൂടെ മറ്റൊരാൾക്ക് ഒരു ജീവിതമാണ് നമുക്ക് കൊടുക്കാൻ കഴിയുക. ദാനം ചെയ്തെന്ന് കരുതി നമുക്ക് ഒരു വിപത്തും ഉണ്ടാകുന്നുമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.