സിനിമകളിലും മറ്റും നാടകീയ മുഹൂർത്തങ്ങളിൽ നായികയെ നായകനിൽ നിന്ന് തട്ടിയെടുക്കുന്ന അല്ലെങ്കിൽ മകളെ പിതാവിൽനിന്ന് അകറ്റുന്ന വില്ലനായിട്ടാണ് മസ്തിഷ്ക മുഴയെ ജനങ്ങൾക്ക് പരിചയം. എന്നാൽ, കൃത്യമായ അവബോധം ഉണ്ടാകേണ്ട ഗുരുതര ആരോഗ്യ പ്രശ്നമാണ് െബ്രയിൻ ട്യൂമർ. കുട്ടികളിൽ കൂടുതൽ കാണപ്പെടുന്ന കാൻസറുകളിൽ ഒന്നാണിത്. പലപ്പോഴും തിരിച്ചറിയപ്പെടാതെ പോകുന്നു. പരിചയസമ്പന്നരായ ഡോക്ടർമാർക്കുപോലും രോഗനിർണയം സാധിക്കാറില്ല. ശക്തമായ തലവേദനയായോ ഛർദിയോടുകൂടിേയാ ആണ് മസ്തിഷ്ക മുഴ പ്രത്യക്ഷപ്പെടാറ്. ശരീരചലനങ്ങളിലും ചേഷ്ടകളിലും കാണുന്ന മാറ്റങ്ങളായും പ്രത്യക്ഷപ്പെടാറുണ്ട്.
തിരുവനന്തപുരം ആർ.സി.സിയിൽ റേഡിയേഷൻ ഓങ്കോളജി വിഭാഗത്തിലെ പഠന കാലഘട്ടത്തിൽ എനിക്കുണ്ടായ അനുഭവം പങ്കുവെക്കാം. ഒരു ദിവസം 70 വയസ്സ് തോന്നിക്കുന്ന സ്ത്രീ വന്നു. മസ്തിഷ്ക മുഴ സ്ഥിരീകരിച്ചിട്ടുണ്ട് അവർക്ക്. പരിശോധനയിൽ ഞാൻ ഞെട്ടി. ശരീരത്തിലാകെ അടികൊണ്ട ചുവന്ന പാടുകൾ. അവരുടെ മകനോട് കാര്യമന്വേഷിച്ചു. ഉത്തര മലബാറിലെ യാഥാസ്ഥിതിക കുടുംബാംഗമാണ് അവർ. അടുക്കളയിൽ നിശ്ശബ്ദയായി ഒതുങ്ങിക്കഴിഞ്ഞിരുന്ന ആ സ്ത്രീ പെട്ടെന്നൊരു ദിവസം വാചാലയായി. അപരിചിതരോടുപോലും സംസാരിക്കാൻ തുടങ്ങി, പൊട്ടിച്ചിരിച്ചു തുടങ്ങി. കുടുംബത്തിലാരോ ബാധകൂടിയതാെണന്ന് പറഞ്ഞു. മന്ത്രവാദി ബാധ ഒഴിപ്പിച്ച പാടുകളാണ് ആ അമ്മയുടെ ദേഹത്ത്. ശക്തമായ തലവേദനയും ഛർദിയും തുടങ്ങിയശേഷമാണ് അവർ ഡോക്ടറെ കണ്ടത്. ഞങ്ങൾക്ക് പ്രത്യേകിച്ചൊന്നും ചെയ്യാൻ കഴിയുന്ന ഘട്ടത്തിലല്ല അവർ ഞങ്ങളുടെ അടുത്തെത്തിയത്.
ഇതുപോലെ സ്വഭാവത്തിലും ശരീരചലനങ്ങളിലും വരുന്ന സൂക്ഷ്മ മാറ്റങ്ങളായി മസ്തിഷ്ക മുഴ പ്രത്യക്ഷപ്പെടാറുണ്ട്. നേരത്തേ കണ്ടുപിടിക്കുകയാണെങ്കിൽ ചികിത്സ ലഭ്യമാണ്. ശാരീരിക പ്രവർത്തനങ്ങളെ ബാധിക്കാത്ത തരത്തിൽ മുഴ ശസ്ത്രക്രിയയിലൂടെ എടുത്തു കളയുകയോ റേഡിയേഷനിലൂടെ നശിപ്പിക്കുകയോ ചെയ്യാം. ചികിത്സകൊണ്ട് ഒരുപരിധി വരെ സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരാം. അതുകൊണ്ടുതന്നെ ഈ ലോക മസ്തിഷ്ക ദിനം ഒരു ഓർമപ്പെടുത്തലാകട്ടെ, കൂടുതൽ ഉമ്മമാരെ വേദനിപ്പിക്കാതിരിക്കാൻ.
(തിരുവനന്തപുരം റീജനൽ കാൻസർ സെൻററിലെ മെഡിക്കൽ ഓങ്കോളജി വിഭാഗത്തിൽ റെസിഡൻറ് ഡോക്ടറാണ് ലേഖിക)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.