ആരോഗ്യരംഗം 2024ൽ: പ്രധാന സംഭവവികാസങ്ങൾ, നേരിട്ട വെല്ലുവിളികൾ, ആശ്വാസങ്ങൾ

പൊതുജനാരോഗ്യത്തിൽ കാലാവസ്ഥാ വ്യതിയാനമുണ്ടാക്കുന്ന ആഘാതം, സാംക്രമിക രോഗങ്ങളുടെ പൊട്ടിപ്പുറപ്പെടൽ, എ.ഐ അടക്കം സാങ്കേതികവിദ്യകൾ ആരോഗ്യ രംഗത്തുണ്ടാക്കുന്ന മാറ്റങ്ങൾ എന്നിവയാണ് പോയ വർഷം ആരോഗ്യ മേഖലയിൽ കൂടുതൽ ചർച്ച ചെയ്യപ്പെട്ടത്. നിരവധി പകർച്ചവ്യാധികളുടെ വ്യാപനത്തിന് 2024 സാക്ഷ്യം വഹിച്ചു. പോയ വർഷം 17 അപകടകരമായ രോഗങ്ങൾ പൊട്ടിപ്പുറപ്പെട്ടു എന്നാണ് ബെർലിനിൽ നടന്ന 15-ാമത് ലോകാരോഗ്യ ഉച്ചകോടിയിലെ റിപ്പോർട്ട്.

കാലാവസ്ഥ വ്യതിയാനമുയർത്തുന്ന ആരോഗ്യ ഭീഷണികളാണ് മറ്റൊന്ന്. ആഗോള താപനില ഉയരുന്നതിനനുസരിച്ച്, ഡെങ്കിപ്പനി, കോളറ തുടങ്ങിയ പകർച്ചവ്യാധികൾ യൂറോപ്പിന്‍റെ ചില ഭാഗങ്ങൾ ഉൾപ്പെടെ മുമ്പ് ബാധിക്കപ്പെട്ടിട്ടില്ലാത്ത പ്രദേശങ്ങളിലേക്ക് വ്യാപിക്കുമെന്ന ഭീഷണിയുണ്ട്. വെള്ളപ്പൊക്കം, വരൾച്ച, ഉഷ്ണതരംഗം തുടങ്ങിയ പ്രകൃതിദുരന്തങ്ങൾ ആഗോള പൊതുജനാരോഗ്യത്തെ ബാധിക്കുന്ന ഏറ്റവും രൂക്ഷമായ അപകടങ്ങളായി പോയവർഷത്തിൽ ചൂണ്ടിക്കാണിക്കപ്പെട്ടു.

ഈ ആശങ്കകൾക്കെല്ലാമിടയിൽ, എ.ഐ (ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ്) അടക്കം നൂതന സാങ്കേതികവിദ്യകൾ വൈദ്യശാസ്ത്ര രംഗത്ത് ഉപയോഗപ്പെടുത്തിയുള്ള നല്ല മാറ്റങ്ങൾക്കും പോയ വർഷം സാക്ഷിയായി.

സ്കീസോഫ്രീനിയ ചികിത്സയിൽ വഴിത്തിരിവ്

സെപ്റ്റംബറിൽ, സ്കീസോഫ്രീനിയക്ക് ബ്രിസ്റ്റോൾ മിയേഴ്സ് സ്ക്വിബിന്‍റെ കോബെൻഫിക്ക് അമേരിക്കൻ ഫൂഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (എഫ്.ഡി.എ) അംഗീകാരം നൽകി. 1950 കൾക്ക് ശേഷം സ്കീസോഫ്രീനിയക്കുള്ള ആദ്യത്തെ യഥാർത്ഥ മരുന്നാണിത്. സ്കീസോഫ്രീനിയ ലക്ഷണങ്ങൾ ഈ മരുന്ന് വലിയ പാർശ്വഫലങ്ങൾ ഉണ്ടാക്കാതെ തന്നെ കുറയ്ക്കുന്നതായി ക്ലിനിക്കൽ പരീക്ഷണങ്ങളിൽ തെളിഞ്ഞു.


ഡിമെൻഷ്യക്ക് പുതിയ മരുന്ന്

നീമാൻ-പിക്ക് ഡിസീസ് ടൈപ്പ് സി (എൻ.പി.സി) ചികിത്സിക്കുന്നതിനായി രൂപകൽപ്പന ചെയ്ത ആദ്യ മരുന്നുകൾക്ക് (സെവ്‌റ തെറാപ്യൂട്ടിക്‌സിന്‍റെ മിപ്ലൈഫയും ഇൻട്രാബയോയുടെ അക്‌നൂർസയും) എഫ്.ഡി.എ അംഗീകാരം നൽകി ഈ വർഷം സെപ്റ്റംബറിലായിരുന്നു ഇത്.

അമേരിക്കൻ ഗവേഷകർക്ക് വൈദ്യശാസ്ത്ര നൊബേൽ

അമേരിക്കൻ ഗവേഷകരായ വിക്ടര്‍ ആംബ്രോസും ഗാരി റുവ്കുനിനുമാണ് 2024-ലെ വൈദ്യശാസ്ത്ര നൊബേല്‍ ലഭിച്ചത്.


മൈക്രോ ആര്‍.എന്‍.എയുടെ കണ്ടെത്തലിനും പോസ്റ്റ് ട്രാന്‍സ്‌ക്രിപ്ഷണല്‍ ജീന്‍ റെഗുലേഷനില്‍ അത് വഹിക്കുന്നതിന്റെ പങ്കിനെക്കുറിച്ചുമുള്ള പഠനത്തിനുമായിരുന്നു പുരസ്‌കാരം.

ഡെങ്കിപ്പനി റെക്കോഡിൽ

2024-ൽ റെക്കോഡ് ഡെങ്കി കേസുകളാണ് ലോകത്തുണ്ടായത്. 14 ദശലക്ഷത്തിലധികം കേസുകളും 10,000-ത്തിലധികം ഡെങ്കിപ്പനി മരണങ്ങളും രേഖപ്പെടുത്തി. പാൻ അമേരിക്കൻ മേഖലയിൽ മാത്രം 12 ദശലക്ഷത്തിലധികം കേസുകളും 7000 ഡെങ്കിപ്പനി മരണങ്ങളും ലോകാരോഗ്യ സംഘടന റിപ്പോർട്ട് ചെയ്തു. ബ്രസീലിലാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത് (9.8 ദശലക്ഷത്തിലധികം). തൊട്ടുപിന്നിൽ അർജൻന്‍റീന, മെക്സിക്കോ എന്നീ രാജ്യങ്ങളുണ്ട്.

Read More: ഡെങ്കിപ്പനി - ജാഗ്രത വേണം

ഓറൽ റീഹൈഡ്രേഷൻ തെറാപ്പി തുടക്കക്കരാൻ റിച്ചാർഡ് എ. ക്യാഷ് അന്തരിച്ചു

ഒക്ടോബർ 22ന് അമേരിക്കൻ ആരോഗ്യ ഗവേഷകനും പൊതുജനാരോഗ്യ ഭിഷഗ്വരനുമായ റിച്ചാർഡ് എ. ക്യാഷ് അന്തരിച്ചു.


കോളറ പോലുള്ള മാരക രോഗങ്ങൾക്കുള്ള ഓറൽ റീഹൈഡ്രേഷൻ തെറാപ്പിയുടെ തുടക്കക്കാരനായിരുന്നു അദ്ദേഹം. ഈ തെറാപ്പി 50 ദശലക്ഷത്തിലധികം ജീവൻ രക്ഷിച്ചതായി കണക്കാക്കപ്പെടുന്നു.

കൂടുതൽ രാജ്യങ്ങളിൽ കോളറ

3,693 മരണങ്ങൾ ഉൾപ്പെടെ 4,90,700 കോളറ കേസുകളാണ് 2024ൽ ലോകമെമ്പാടും റിപ്പോർട്ട് ചെയ്യപ്പെട്ടത്, അഫ്ഗാനിസ്താനിൽ 80 മരണങ്ങൾ ഉൾപ്പെടെ 1,60,794 കേസുകൾ റിപ്പോർട്ട് ചെയ്തു. ലോകാരോഗ്യ സംഘടന (ഡബ്ല്യു.എച്ച്.ഒ) പറയുന്നത് 22 രാജ്യങ്ങളിൽ കോളറ കേസുകൾ വർധിച്ചെന്നാണ്. ദാരിദ്ര്യവും അപര്യാപ്തമായ ആരോഗ്യ അടിസ്ഥാന സൗകര്യങ്ങളും രോഗവ്യാപനത്തിന് പ്രധാന കാരണമായും ചൂണ്ടിക്കാണിക്കുന്നു.

രക്തക്കുഴലുകൾ പൊട്ടുന്നു; റുവാണ്ടയെ പിടിച്ചുകുലുക്കി മാർബർഗ്


രക്തക്കുഴലുകൾ പൊട്ടുന്ന മാർബർഗ് എന്ന രോഗം റുവാണ്ടയെ പിടിച്ചുകുലുക്കുക തന്നെ ചെയ്തു. 15 മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. 2014-16 ലെ എബോള പ്രതിസന്ധിയുടെ സമയത്ത് കണ്ട കാലതാമസത്തിൽ നിന്ന് വ്യത്യസ്തമായി, പരീക്ഷണാത്മക വാക്സിൻ നൽകലും അന്താരാഷ്ട്ര സഹായവും ഉൾപ്പെടെയുള്ള റുവാണ്ടയുടെ വേഗത്തിലുള്ള നടപടികൾ രോഗ നിയന്ത്രണം സാധ്യമായി.

Read More: എന്താണ് റുവാണ്ടയെ പിടിച്ചുകുലുക്കിയ മാർബർഗ് വൈറസ്‍?

ആശങ്കയായി മങ്കിപോക്സ്

മങ്കിപോക്സ് ഒരു ആഗോള ആശങ്കയായി വീണ്ടും ഉയർന്നുവന്ന വർഷമാണിത്. പ്രത്യേകിച്ച് കുട്ടികളെയാണിത് ബാധിക്കുന്നത്. 2024 ഓഗസ്റ്റിൽ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ എംപോക്സ് പൊട്ടിപ്പുറപ്പെട്ടതോടെ ലോകാരോഗ്യ സംഘടന ആഗോള പൊതുജനാരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. രോഗം പിന്നീട് കൂടുതൽ രാജ്യങ്ങളിലേക്ക് വ്യാപിച്ചു.

Read More: മങ്കി പോക്സ് : ലക്ഷണങ്ങളെന്തെല്ലാം, പകരുന്നതെങ്ങനെ?

ട്രെൻഡായി വ്യക്തിഗത ഡയറ്റുകൾ


ഈ വർഷം പോഷകാഹാര നേട്ടത്തിൽ കുതിച്ചുചാട്ടമാണുണ്ടായെണ് റിപ്പോർട്ട്. ആളുകൾക്ക് അവരുടെ ഭക്ഷണ ശീലങ്ങൾ, ജീവിതശൈലി മാറ്റങ്ങൾ, എന്നിവയെക്കുറിച്ച് കൂടുതൽ അവബോധം ലഭിച്ചു. ഓരോ ശരീരത്തിനും വ്യത്യസ്‌തമായ ആവശ്യകതകളുണ്ട്, അതിനാൽ, ഓരോ വ്യക്തിക്കും വ്യത്യസ്തമായ ഭക്ഷണക്രമമാണ് വേണ്ടത്. അതിനാൽ പേഴ്സണലൈസ്ഡ് ഡയറ്റ് ട്രെൻഡിങ്ങായിരിക്കുന്നു.

ഫെർട്ടിലിറ്റി ചികിത്സിക്ക് എ.ഐ

കൃത്രിമബുദ്ധി (എ.ഐ) ഐ.വി.എഫ് നടപടിക്രമങ്ങളുടെ കൃത്യത വർധിപ്പിച്ചിരിക്കുന്നു. അണ്ഡോത്പാദന ചക്രങ്ങൾ മുൻകൂട്ടി അറിയുന്നതിനും ഭ്രൂണ തിരഞ്ഞെടുപ്പ് ഒപ്റ്റിമൈസ് ചെയ്യുന്നതിനും മൊത്തത്തിലുള്ള ഐ.വി.എഫ് വിജയ നിരക്ക് ഉയർത്തുന്നതിനും എ.ഐ സങ്കേതം സഹായിക്കുന്നു. എ.ഐ പവർഡ് എംബ്രിയോ ഗ്രേഡിങ് സിസ്റ്റങ്ങൾ ആരോഗ്യകരമായ ഭ്രൂണങ്ങൾ തിരഞ്ഞെടുക്കുന്നതിൽ ഭ്രൂണശാസ്ത്രജ്ഞരെ സഹായിക്കുന്നതടക്കം ഇതിന് ഉദാഹരണമാണ്.

മാനസികാരോഗ്യ പ്രതിസന്ധി

കോവിഡ്-19 മഹാമാരിയുടെ പ്രത്യാഘാതങ്ങൾ ലോക ജനസംഖ്യയെ ഇപ്പോഴും വിട്ടൊഴിഞ്ഞിട്ടില്ല. മാനസികാരോഗ്യ പ്രതിസന്ധി രൂക്ഷമായ വർഷമായിരുന്നു 2024 എന്നാണ് ഈ രംഗത്തെ വിദഗ്ധർ വിലയിരുത്തുന്നത്. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ലോകമെമ്പാടുമുള്ള എട്ടിൽ ഒരാൾ മാനസിക ബുദ്ധിമുട്ട് നേരിടുന്നവരാണ്, അതായത് ഏകദേശം 970 ദശലക്ഷം ആളുകൾ. സാമ്പത്തിക അസ്ഥിരത, സാമൂഹിക ഒറ്റപ്പെടൽ എന്നിവ കാരണമുള്ള സമ്മർദ്ദങ്ങൾ മാനസികാരോഗ്യ പ്രശ്‌നങ്ങളുടെയും ലഹരിവസ്തുക്കളുടെ ദുരുപയോഗത്തിന്‍റെയും വർധനവിന് കാരണമായി.

Tags:    
News Summary - 2024 - Major developments in healthcare sector

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.