തിരുവനന്തപുരം: ഒരു വര്‍ഷത്തിനകം പുതിയ ചികിത്സ പദ്ധതി പ്രഖ്യാപിക്കുമെന്ന വാഗ്ദാനം നല്‍കി, കാരുണ്യ, സുകൃതം അടക്കം സൗജന്യ ചികിത്സ പദ്ധതികള്‍ സര്‍ക്കാര്‍ നിര്‍ത്തലാക്കുന്നു. സൗജന്യ ചികിത്സ നല്‍കിയ വകയില്‍ 850 കോടിയിലേറെ രൂപ കുടിശ്ശിക വന്നതോടെയാണ് ഇതിനുള്ള നീക്കം ആരംഭിച്ചിരിക്കുന്നത്. പാവപ്പെട്ടവര്‍ക്കും സാധാരണക്കാര്‍ക്കും ഏറെ ആശ്വാസം നല്‍കിയിരുന്ന പദ്ധതി നിര്‍ത്തുന്നതിനെതിരെ പ്രതിഷേധങ്ങളും ഉയര്‍ന്നുകഴിഞ്ഞു.
അതേസമയം ഒരു വര്‍ഷത്തിനുള്ളില്‍ പുതിയ സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കാനാണ് ഇവ നിര്‍ത്തലാക്കുന്നതെന്നാണ് ഒൗദ്യോഗിക വിശദീകരണം.
കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ നടപ്പാക്കിയവയായിരുന്നു കാരുണ്യ ബെനവലന്‍റ് ഫണ്ട് ചികിത്സ പദ്ധതിയും സുകൃതവും. ഇവയടക്കം ഒമ്പതിലേറെ സൗജന്യ ചികിത്സ പദ്ധതികളാണ് ഇപ്പോള്‍ നിര്‍ത്തലാക്കാനൊരുങ്ങുന്നത്.
പദ്ധതികള്‍ വഴി സൗജന്യ ചികിത്സ നല്‍കിയ വകയില്‍ കോടികളുടെ കടബാധ്യത ഉണ്ടായതോടെയാണ് ഈ നീക്കം. കാരുണ്യ ചികിത്സ പദ്ധതികള്‍ക്കായി ബജറ്റ് വിഹിതമായി ഇതുവരെ കിട്ടിയത് 925 കോടിയാണ്. ഇതില്‍ ശേഷിക്കുന്നത് 14 കോടി മാത്രമാണ്. പദ്ധതി അനുസരിച്ച് ചികിത്സ നല്‍കിയ വകയില്‍ സ്വകാര്യ ആശുപത്രികള്‍ക്ക് 192.33 കോടിയും സര്‍ക്കാര്‍ ആശുപത്രികള്‍ക്കായി 662.32 കോടിയുമടക്കം 854.65 കോടി നല്‍കാനുമുണ്ട്.
സൗജന്യ കാന്‍സര്‍ ചികിത്സ പദ്ധതിയായ സുകൃതത്തിന്‍െറ കുടിശ്ശിക 18 കോടി കവിഞ്ഞു. കുടിശ്ശിക എങ്ങനെ തീര്‍ക്കുമെന്നതില്‍ വ്യക്തത വരുത്തിയിട്ടുമില്ല. കുടിശ്ശിക ഉണ്ടെങ്കിലും തല്‍ക്കാലം സൗജന്യ ചികിത്സയെ ബാധിക്കില്ളെന്നാണ് ആരോഗ്യമന്ത്രി കെ.കെ. ശൈലജയുടെ വിശദീകരണം. എവിടെയെങ്കിലും തടഞ്ഞിട്ടുണ്ടെങ്കില്‍ അറിയിക്കണമെന്നും അവര്‍ അറിയിച്ചു.
വിവിധ വകുപ്പുകളില്‍ സൗജന്യ ചികിത്സ പദ്ധതികള്‍ നിരവധിയുണ്ട്. ഇതെല്ലാം ഒരു കുടക്കീഴില്‍ ഏകോപിപ്പിച്ച് പുതിയ ഇന്‍ഷുറന്‍സ് പദ്ധതി കൊണ്ടുവരാനാണ് ശ്രമിക്കുന്നത്. സ്മാര്‍ട്ട് കാര്‍ഡ് കൂടി ലഭ്യമാക്കുമ്പോള്‍ എല്ലാവര്‍ക്കും ചികിത്സ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
കാരുണ്യ പദ്ധതി നിര്‍ത്തലാക്കിയിട്ടില്ല -ധനമന്ത്രി
തിരുവനന്തപുരം: കാരുണ്യ പദ്ധതി നിര്‍ത്തലാക്കിയിട്ടില്ളെന്നും അടുത്തവര്‍ഷവും തുടരുമെന്നും ധനമന്ത്രി തോമസ് ഐസക്. പദ്ധതി വഴി ചികിത്സ കിട്ടുന്നതിന് ആര്‍ക്കും ബുദ്ധിമുട്ടുണ്ടാകില്ല. എന്നാല്‍ കാരുണ്യയടക്കമുള്ള വിവിധ ആരോഗ്യ പദ്ധതികള്‍ സമഗ്ര ഇന്‍ഷുറന്‍സ് പദ്ധതിയായ ‘ആര്‍ദ്ര’ത്തില്‍ ഭാവിയില്‍ ലയിപ്പിക്കുമെന്ന് അദ്ദേഹം വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. കാരുണ്യയടക്കമുള്ള പദ്ധതികള്‍ നിര്‍ത്തലാക്കുന്നെന്ന് പ്രചരിപ്പിച്ച് ആശുപത്രിയില്‍ കിടക്കുന്ന രോഗികളെ പരിഭ്രാന്തരാക്കരുതെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.
സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി കെ.എം. മാണിയുടെ ബജറ്റില്‍ തന്നെ പ്രഖ്യാപിച്ചതാണ്. എല്ലാ പദ്ധതികളും ഒരു കുടക്കീഴില്‍ കൊണ്ടുവരാനാണ് ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇത് കൂടുതല്‍ അവധാനതയോടെ നടപ്പാക്കാനാണ് എല്‍.ഡി.എഫ് ഉദ്ദേശിക്കുന്നത്. അവയവമാറ്റ സൗകര്യം ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ എല്ലാ മെഡിക്കല്‍ കോളജ് ആശുപത്രികളിലും വേണമെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.