ന്യൂഡൽഹി: ഡെങ്കിപ്പനി ഭേദമാക്കാൻ ആയുർവേദ മരുന്നുമായി ഇന്ത്യൻ ശാസ്ത്രജ്ഞർ. ആയുഷ് മന്ത്രാലയത്തിെൻറ കീഴിലുള്ള സെൻട്രൽ കൗൺസിൽ ഫോർ റിസർച്ച് ഇൻ ആയുർവേദിക് സയൻസസിെൻറ (സി.സി.ആർ.എ.എസ്) കർണാടകയിലെ ബൽഗാമിലുള്ള ഗവേഷണ കേന്ദ്രം ഇതുസംബന്ധിച്ച പ്രാഥമിക പഠനം പൂർത്തിയാക്കിയതായും മരുന്നിെൻറ ഫലപ്രാപ്തിയും സുരക്ഷയും പരീക്ഷിച്ച് ഉറപ്പുവരുത്തുകയാണെന്നും ഡയറക്ടർ ജനറൽ പ്രഫ. വൈദ്യ കെ.എസ്. ദിമാൻ അറിയിച്ചു.
ആയുർവേദ പാരമ്പര്യത്തിൽ വർഷങ്ങളായി ഉപയോഗിക്കുന്ന ഏഴു പ്രകൃതിദത്തമായ ചേരുവകൾ ചേർത്തുണ്ടാക്കിയ മരുന്ന് കോലാർ, ബെൽഗാം മെഡിക്കൽ കോളജുകളിൽ അന്താരാഷ്ട്ര തലത്തിൽ അംഗീകരിക്കപ്പെട്ട രീതിയനുസരിച്ചുള്ള പരിശോധനകൾ പൂർത്തിയാക്കിവരുകയാണെന്നും അദ്ദേഹം പറഞ്ഞു. 2015ൽ തുടക്കമിട്ട് കഴിഞ്ഞവർഷം ജൂണോടെയാണ് മരുന്ന് വികസിപ്പിച്ചത്. പ്രാഥമിക പഠനത്തിൽ 90 പേർക്ക് ദ്രാവകരൂപത്തിലും പിന്നീടുള്ള പരിശോധനയിൽ ടാബ്ലറ്റ് രൂപത്തിലുമാണ് മരുന്നു നൽകിയത്. നിലവിൽ ഡെങ്കിപ്പനിക്ക് ഫലപ്രദമായ ചികിത്സയില്ല. പകരം അതിെൻറ ലക്ഷണങ്ങളെ ചികിത്സിക്കുകയാണ് ചെയ്യുന്നത്. ഇൗഡിസ് ഇൗജിപ്തി കൊതുകുകളിലൂടെ പകരുന്ന ഡെങ്കിപ്പനി ലോകാരോഗ്യ സംഘടനയുടെ കണക്കുപ്രകാരം ലോകത്ത് കൊതുകുവഴി ഏറ്റവും വേഗത്തിൽ പകരുന്ന രോഗമാണ്. ലോകത്ത് വർഷത്തിൽ ശരാശരി 40 കോടി പേരെ ഡെങ്കിപ്പനി ബാധിക്കുന്നുണ്ട്.
നാഷനൽ വെക്ടർ ബോൺ ഡിസീസ് കൺട്രോൾ പ്രോഗ്രാം കണക്കനുസരിച്ച് ഇന്ത്യയിൽ കഴിഞ്ഞവർഷം 1,57,220 ഡെങ്കിപ്പനി കേസുകളും 250 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.